Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ എലി കടിച്ചു; ഒന്നല്ല രണ്ടു ദിവസം

MEDICAL COLLEGE

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ കാൽവിരലുകളിൽ എലിയുടെ കടിയേറ്റു പരുക്ക്. ഒരാഴ്ച മുൻപ് പെരുവിരലിൽ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെ ഇന്നലെ രാത്രി വീണ്ടും പെരുവിരലിലും ഒപ്പം ചെറുവിരലിലും എലി കടിച്ചു.

അഞ്ചൽ കരുകോൺ ഇരുവേലിക്കൽ രാജ് വിലാസത്തിൻ രാജേഷിനാണ് (27) എലിയുടെ കടിയിൽ പരുക്കേറ്റത്. ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ രാജേഷിനെ ഒന്നരമാസം മുൻപു പതിനഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചു. ഇടതുകാലിൽ പൊട്ടൽ ഉണ്ടായിരുന്നതിനാൽ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഈ കാലിലെ പെരുവിരലിലാണ് ഒരാഴ്ച മുൻപു കടിയേറ്റത്.

മരവിച്ചിരിക്കുന്ന കാലിൽ കടിയേറ്റതു രാജേഷ് അറിഞ്ഞില്ല. അമ്മ ലതിക വിവരം അറിയിച്ചതിനെ തുടർന്ന് പരുക്കിൽ മരുന്നു പുരട്ടുകയും കുത്തിവയ്പ്പെടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ കാലിലെ ഇരുമ്പ് പ്ലേറ്റ് മാറ്റി പ്ലാസ്റ്റർ ഇട്ടു. ഇന്നലെ രാത്രിയാണു രണ്ടു വിരലുകളിലും വീണ്ടും എലി കടിച്ചത്. രാവിലെ ലതിക വീണ്ടും ഡോക്ടർമാരെ കണ്ടു. പരിശോധിച്ച അവർ രാജേഷിനു കുത്തിവയ്പ്പെടുത്തുവെന്നു ലതിക പറഞ്ഞു.