Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുകാരിയുമായി 12 മണിക്കൂർ കൂടിക്കാഴ്ച: ജയിലിൽ ആകാശ് വിഐപി

Akash-Shuhaib ആകാശ് തില്ലങ്കേരി, ഷുഹൈബ്. (ഫയൽ ചിത്രം)

കണ്ണൂർ∙ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു ജയിലിൽ പ്രത്യേക പരിഗണന. ഇതിനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ ജയി‍ൽ ഡിജിപിക്കു പരാതി നൽകി. മൂന്നു ദിവസത്തിനിടെ മാത്രം 12 മണിക്കൂർ സമയം കൂട്ടുകാരിയുമായി കൂടിക്കാഴ്ച നടത്താൻ ആകാശിന് അനുമതി നൽകിയതായി പരാതിയിൽ‌ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ സ്പെഷൽ സബ് ജയിൽ അധികൃതർക്കെതിരെയാണു പരാതി.

നേരത്തേ മട്ടന്നൂരിലെ മറ്റൊരു കൊലപാതകക്കേസിൽ റിമാൻഡിൽ കഴിഞ്ഞ സമയത്തും കണ്ണൂ‍ർ സ്പെഷൽ സബ് ജയിലിൽ ആകാശിനു പ്രത്യേക പരിഗണന നൽകിയതായി ആരോപണമുണ്ടായിരുന്നു. കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയാണ് ആകാശിനെ ജയിലിൽ സന്ദർശിച്ചത്. സാധാരണയായി സന്ദർശകർക്കു തടവുകാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നൽകാത്ത സ്ഥലത്താണ് ആകാശും കൂട്ടുകാരിയും സംസാരിച്ചതെന്നു സുധാകരന്റെ പരാതിയിൽ പറയുന്നു.

യുവതിയുമായി നേരത്തേ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപംനിന്ന് ആകാശ് സെൽഫിയെടുത്തതു വിവാദമായിരുന്നു. സെൽഫിയെടുക്കുന്നതു കൂത്തുപറമ്പിലെ സിപിഎം പ്രവർത്തകർ തടഞ്ഞതിനെ വിമർശിച്ച് ആകാശ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണു വിവാദമായത്. അതുമായി ബന്ധപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ ആകാശിനെ ശാസിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആകാശിനെ അടുത്തിടെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. എങ്കിലും പ്രാദേശിക സിപിഎം – ഡിവൈഎഫ്ഐ നേതാക്കൾ ഇപ്പോഴും ആകാശിനെ ജയിലിൽ സന്ദർശിക്കാറുണ്ടെന്നാണു വിവരം.