Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈബർ ലോകത്തും ചെങ്ങന്നൂരങ്കം; ട്രോളുകളിലൂടെ ‘മത്സരിച്ച്’ മുന്നണികൾ

social-media-share

ചെങ്ങന്നൂർ ∙ ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമെത്തുംമുൻപു സൈബർ ലോകത്തു തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആയുധമൊരുക്കൽ തുടങ്ങി. എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമ പോസ്റ്റുകൾ സജീവമായതിനു പിറകെ, സൈബർ കേസുകളും പലതു വന്നുതുടങ്ങി.

വിഷയത്തിനു പഞ്ഞമില്ല

ട്രോൾ ചെങ്ങന്നൂർ, ചെങ്ങന്നൂർ ട്രോൾ എന്നിങ്ങനെ പല പേരുകളിൽ മുന്നണികളെ പിന്തുണച്ചുകൊണ്ടു ട്രോൾ ഗ്രൂപ്പുകളും സജീവമായി. മുന്നണികളുടെ അവകാശവാദങ്ങളെ തകർക്കുംവിധമാണു ഭൂരിഭാഗം ട്രോളുകളും തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികളെന്ന പേരിൽ ഉദ്ഘാടനങ്ങൾ പൊടിപൊടിക്കുമ്പോൾ അതു കേന്ദ്ര ഫണ്ട്ആണെന്ന വാദവുമായാണു നേരിടുന്നത്. മുൻ സർക്കാർ തുടങ്ങിവച്ച പദ്ധതിയാണെന്ന വാദമുയർത്തി വേറൊരു പക്ഷവും. കേന്ദ്ര പദ്ധതികളെ മുൻനിർത്തിയുള്ള പ്രചാരണങ്ങളെ തകർക്കാനുള്ള മരുന്നുമായി മറ്റു രണ്ടു മുന്നണികളുമുണ്ട്. സ്ഥാനാർഥികളുടെ നിലപാടുകള‍ും വാക്കുകളുമൊക്കെ ട്രോളിനു വിഷയമാകുന്നു. എതിർ സ്ഥ‍ാനാർഥികളെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലുള്ള പ്രചാരണങ്ങൾ പോലും ചില കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നതു തിരിച്ചടിക്കുമോയെന്ന ആശങ്കയും സ്ഥാനാർഥികൾക്കുണ്ട്. ട്രോൾ പോസ്റ്റുകൾക്കു പുറമേ വിഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്.

സൈബർ കേസുകളും കൂടുന്നു

വ്യാജ പോസ്റ്റുകളും വർഗീയ വിദ്വേഷം ഉളവാക്കുന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നതിനെക്കുറിച്ച് ഇതിനകം പരാതികൾ ഉയർന്നുകഴിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ ഫെയ്സ്ബുക് പേജ് തെറ്റായ റിപ്പോർട്ടിങ് നൽകി ബ്ലോക്ക് ആക്കിയെന്നായിരുന്നു പരാതി. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനെ കുറിച്ചു വ്യാജ പോസ്റ്റ് നിർമിച്ചു പ്രചരിപ്പിച്ചതിനെതിരെയും സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സഹായം നൽകിയെന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിച്ചതിനെതിരെയും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്കിൽ പോസ്റ്റുകൾക്കു ലൈക്ക് ഇടുന്നതും ഷെയർ ചെയ്യുന്നതും ‘പണി’യാകുമെന്നും ഈ തിരഞ്ഞെടുപ്പുകാലം തെളിയിച്ചു. എൽ‍ഡിഎഫ് സ്ഥാനാർഥിയെ പ്രശംസിച്ചുള്ള പോസ്റ്റ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തതിനെത്തുടർന്നു ചെങ്ങന്നൂർ ഡിവൈഎസ്പിയെ സ്ഥലംമാറ്റിയ സംഭവവുമുണ്ടായി.