Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ആ ചോദ്യപേപ്പര്‍ ‘ചോർച്ച’ ഇങ്ങനെ; പിന്നില്‍ ഒരു കൂട്ടം മിടുക്കര്‍

exam-preparation-students-representational-image Representational image

തിരുവനന്തപുരം∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനു മുന്‍പാണ് കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വിവാദമുണ്ടായത്. അന്വേഷണത്തിനൊടുവില്‍ ക്രൈംബ്രാഞ്ചും സൈബര്‍ സെല്ലും എത്തിചേര്‍ന്ന നിഗമനമിതാണ്: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, ഒരു കൂട്ടം മിടുക്കരായ വിദ്യാര്‍ഥികള്‍ പഠിക്കാനായി സ്വയം തയാറാക്കിയ മാതൃകാ ചോദ്യപേപ്പറായിരുന്നു അത്. കുട്ടികള്‍ തയാറാക്കിയ ‘മാതൃകാ ചോദ്യപേപ്പറിലെ’ പത്തോളം ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറില്‍ ആവര്‍ത്തിച്ചതാണു സംശയത്തിനിടയാക്കിയത്.

സ്ഥിരമായി ആവര്‍ത്തിക്കുന്ന ചില പ്രധാന ചോദ്യങ്ങളെ കേന്ദ്രീകരിച്ചു കുട്ടികള്‍ നടത്തിയ ഊഹമായിരുന്നു അധികൃതരെ വെട്ടിലാക്കിയത്. കേംബ്രിജ് അനലിറ്റിക്ക ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു വിശകലനം ചെയ്തു തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ചതുപോലുള്ള മറ്റൊരു സമര്‍ഥമായ നീക്കമാണു കുട്ടികള്‍ നടത്തിയത്.

∙ കുട്ടികളുടെ ‘ഡേറ്റ അനലിറ്റിക്ക’

ഹയര്‍സെക്കന്‍ഡറി തൃശൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ക്കു വാട്സാപ് വഴി ചോദ്യക്കടലാസ് ലഭിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ വിഷയം ശ്രദ്ധിക്കുന്നത്. കോഓര്‍ഡിനേറ്റര്‍ ഈ ചോദ്യം ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറിക്ക് അയച്ചു. കൈ കൊണ്ട് എഴുതിയ രീതിയിലായിരുന്നു ചോദ്യങ്ങള്‍. മൂന്നു അധ്യാപകര്‍ തയാറാക്കുന്ന മൂന്നു സെറ്റ് ചോദ്യമാണ് ഓരോ വിഷയത്തിനും തയാറാക്കുന്നത്. ഇത് അധികൃതര്‍ നിശ്ചയിക്കുന്ന കോളജ് അധ്യാപകന്‍ പരിശോധിച്ചശേഷമാണ് അച്ചടിക്കായി സര്‍ക്കാര്‍ പ്രസിലേക്ക് അയയ്ക്കുന്നത്.

ഹയര്‍സെക്കന്‍ഡറി അധികൃതരുടെ പരിശോധനയില്‍ 23 ചോദ്യങ്ങളുള്ള വാട്സാപ് ചോദ്യപേപ്പറില്‍, യഥാര്‍ഥ ചോദ്യപേപ്പറില്‍നിന്നുള്ള നാലുമാര്‍ക്കിന്റെ രണ്ടു ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായി കണ്ടെത്തി. പിന്നീടു ലഭിച്ച ചോദ്യപേപ്പറില്‍ നാലു ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഡിജിപിക്കു പരാതി നല്‍കി. എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഒരു വിദ്യാര്‍ഥി വാട്സാപ് വഴി അധ്യാപികയ്ക്ക് അയച്ച ചോദ്യമാണു ജില്ലാ കോഓര്‍ഡിനേറ്ററിനു ലഭിച്ചത്. ആദ്യം വിദ്യാര്‍ഥിയെ കണ്ടെത്തി. സുഹൃത്തുക്കള്‍ അയച്ചതെന്നായിരുന്നു മറുപടി. അവരെയെല്ലാം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം കണ്ടെത്തി. തൃശൂര്‍ മതിലകത്തെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു അവരെല്ലാം.

∙ എന്തിനു ചോദ്യമുണ്ടാക്കി?

പഠനത്തില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ എന്തിനു ചോദ്യപേപ്പര്‍ ചോര്‍ത്തണം? ക്രൈംബ്രാഞ്ച് ഓരോ വിദ്യാര്‍ഥിയോടും വിശദമായി സംസാരിച്ചു. മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.

ഈ മാസം 21നായിരുന്നു പരീക്ഷ. ജനുവരി മുതല്‍ വിദ്യാര്‍ഥികള്‍ തയാറെടുപ്പ് തുടങ്ങി. ആദ്യം കൂട്ടമായിരുന്നു പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ചു പഠിച്ചു. പഴയ ചോദ്യപേപ്പറുകളും, ഗൈഡുകളുമെല്ലാം വിശദമായി പരതി. അപ്പോഴാണു കൂട്ടത്തിലൊരാള്‍ക്ക് മാതൃകാ ചോദ്യപേപ്പര്‍ ഉണ്ടാക്കി പഠനം എളുപ്പമാക്കാമെന്ന ചിന്തയുണ്ടായത്. പിന്നീട് അതിനുള്ള ശ്രമമായി.

പഴയ ചോദ്യപേപ്പറുകള്‍ തപ്പിയെടുത്തു വിശദമായി പരിശോധിച്ചു. ചില ചോദ്യങ്ങള്‍ ചെറിയ ഇടവേളകളില്‍ ആവര്‍ത്തിക്കുന്നതായി കുട്ടികള്‍ മനസിലാക്കി. ചില ചോദ്യങ്ങളില്‍ വരുന്നതു ചെറിയ മാറ്റം മാത്രം. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നത് എത്ര വര്‍ഷത്തെ ഇടവേളയിലാണെന്നു ആദ്യം പരിശോധിച്ചു. അതു രേഖപ്പെടുത്തി. പിന്നീടു പാഠപുസ്തകങ്ങളിലെ ഏതു ഭാഗങ്ങളില്‍നിന്നാണു കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതെന്നു പരിശോധിച്ചു. അതും രേഖപ്പെടുത്തി.

എല്ലാ വിഷയങ്ങളിലും വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ ഒരു പട്ടിക തയാറാക്കി. ഈ പാഠഭാഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരോടു സംശയങ്ങള്‍ ചോദിച്ചു മനസിലാക്കി. പിന്നീടു പട്ടികയിലുള്ള ചോദ്യങ്ങളെ 70 എണ്ണമാക്കി ചുരുക്കി. ഇതില്‍നിന്നും ചോദ്യങ്ങളെ വീണ്ടും ‘അരിച്ചെടുത്തു’ 25 എണ്ണമാക്കി. ഇതിന്റെ സാധ്യതകളെക്കുറിച്ചു വീണ്ടും ചര്‍ച്ചകള്‍ നടത്തി. ഒടുവിലാണ് 25 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ‘മാതൃകാ ചോദ്യപേപ്പര്‍’ തയാറാക്കുന്നത്. അതു കൂട്ടുകാര്‍ക്കു വാട്സാപില്‍ അയച്ചുകൊടുത്തു.

വിദ്യാര്‍ഥികള്‍ തയാറാക്കിയ പത്തു ചോദ്യങ്ങള്‍ ഫിസിക്സ് പരീക്ഷയുടെ യഥാര്‍ഥ ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നു. കണക്കിന്റെ 12 ചോദ്യവും ഇത്തരത്തില്‍ ‘യാഥാര്‍ഥ്യമായി’ (ഇതേക്കുറിച്ചു വ്യത്യസ്ത അഭിപ്രായമുണ്ട്. അധികൃതരുടെ നിഗമനമനുസരിച്ച് ആറു ചോദ്യങ്ങള്‍ക്കാണു സാമ്യമുള്ളത്. അതില്‍തന്നെ ന്യൂമറിക്കല്‍ ഫിഗറുകളില്‍ മാറ്റമുണ്ട്). വിവാദമായപ്പോഴാണു വിദ്യാര്‍ഥികളും ഇക്കാര്യത്തെക്കുറിച്ചു കൂടുതല്‍ ചിന്തിക്കുന്നത്. വിദ്യാര്‍ഥികളുടെ വാദങ്ങള്‍ വിശദമായി കേട്ട ക്രൈംബ്രാഞ്ച് സംഘം സമാന്തരമായി അന്വേഷണം നടത്തി. കുട്ടികളുടെ വാട്സാപ്, കോള്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. കുട്ടികളുടെ മൊഴിയുമായി ഇതു താരതമ്യം ചെയ്തു. ഒടുവില്‍ നിഗമനത്തിലെത്തി: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. മാതൃകാ ചോദ്യപേപ്പര്‍ കുട്ടികളുടെ സാമര്‍ഥ്യത്തില്‍ ജനിച്ചത്.

‘ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്’ - അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സാബു മാത്യു പറഞ്ഞു.

∙ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതു തലവേദന

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ ചോര്‍ച്ച കണ്ടെത്താനായില്ലെന്നും അന്വേഷണം തുടരുന്നതായാണ് അറിയിച്ചിരിക്കുന്നതെന്നും ഹയര്‍സെക്കന്‍ഡറി അധികൃതര്‍ പറയുന്നു. കുട്ടികള്‍ തയാറാക്കുന്ന ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറില്‍ കടന്നുകൂടാനുള്ള സാധ്യതകള്‍ അധികൃതര്‍ തള്ളിക്കളയുന്നില്ല. ചില ഉദാഹരണങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. സയന്‍സിന് 11 വര്‍ഷമായി ഒരേ പുസ്തകമാണ്. സയന്‍സ് വിഷയങ്ങളില്‍ ചോദ്യങ്ങള്‍ക്കു വലിയ മാറ്റം സാധ്യമല്ല. ചോദ്യങ്ങളില്‍ സാമ്യമുണ്ടാകാം. ഈ പോരായ്മ മിടുക്കരായ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചതാകാമെന്നും അവര്‍ പറയുന്നു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് അധികൃതരുടെ ശ്രമം. ഇതിനുള്ള നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങും. ‘എസ്എസ്എല്‍സി ചോദ്യ കടലാസുകള്‍ പരീക്ഷാദിവസമാണു സ്കൂളുകള്‍ക്ക് വിതരണം ചെയ്യുന്നത്. പക്ഷേ, ഹയര്‍സെക്കന്‍ഡറി ചോദ്യക്കടലാസുകള്‍ നേരത്തെ വിതരണം ചെയ്യും. ഇതു എസ്എസ്എല്‍സി മാതൃകയിലാക്കാന്‍ ആലോചിക്കുന്നുണ്ട്’ - ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍ ജോയിന്റ് ഡയറക്ടര്‍ കെ. ഇമ്പിച്ചിക്കോയ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.