Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് (ട്വന്റി20യില്‍) ഇനിയും കീഴടക്കാനാകാത്ത (ന്യൂസീ)ലാന്‍ഡ്; ഇന്നു ജയിച്ചാല്‍ ചരിത്രം

Indian-Cricket-Team

ന്യൂഡല്‍ഹി∙ കാന്‍പുരില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മല്‍സരം സമ്മാനിച്ച ആവേശക്കാഴ്ചകള്‍ ഇപ്പോഴും ഇന്ത്യന്‍ ആരാധകരുടെ കണ്‍മുന്നില്‍നിന്ന് മാഞ്ഞിട്ടില്ല. ഓപ്പണര്‍ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെയും സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സുകളും അതേ നാണയത്തില്‍ തിരിച്ചടിച്ച കിവികളെ ഡെത്ത് ഓവറുകളിലെ 'സ്‌പെഷല്‍' ബോളിങ്ങിലൂടെ പിടിച്ചുകെട്ടിയ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും പ്രകടനവും ഇപ്പോളും ഒളിമങ്ങാതെ കണ്‍മുന്നിലുണ്ട്.

ഈ ആവേശക്കാഴ്ചയുടെ ചൂടാറും മുന്‍പിതാ, ടീം ഇന്ത്യ വീണ്ടും മറ്റൊരു പോരാട്ടത്തിനു തയാറെടുക്കുകയാണ്. ക്രിക്കറ്റ് ആവേശത്തിന്റെ കുട്ടിപ്പൂരമായ ട്വന്റി20 പരമ്പരയ്ക്ക് ന്യൂഡല്‍ഹി ഫിറോസ്ഷാ കോട്‌ലയിലാണ് തുടക്കമാകുന്നത്. ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ അരങ്ങേറാന്‍ കൊതിച്ചു പാതിമലയാളിയായ ശ്രേയസ്സ് അയ്യരും കാത്തിരിക്കുന്നു. ഇന്ത്യയുടെ  മികച്ച ഇടംകൈ സീമര്‍മാരിലൊരാളായ ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ മത്സരംകൂടിയാണിത്. നെഹ്‌റയുടെ സ്വന്തം ഗ്രൗണ്ടുകൂടിയാണ് മല്‍സരം നടക്കുന്ന ഫിറോസ്ഷാ കോട്‌ല.

ഇന്നത്തെ മല്‍സരത്തില്‍ 38 റണ്‍സു കൂടി നേടിയാല്‍ രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്#ലിക്കു മാറാമെന്ന ആകര്‍ഷണം കൂടിയുണ്ട്. നിലവില്‍ ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം, ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍ എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതാണ് കോഹ്#ലി.

കുട്ടിപ്പോരാട്ടത്തിന് തയാറെടുക്കുമ്പോഴും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഘടകം പക്ഷേ മറ്റൊന്നാണ്. ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഇനിയും തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലാത്ത ടീമാണ് ന്യൂസീലന്‍ഡ്. ഇതുവരെ അഞ്ചു മല്‍സരങ്ങളില്‍ മുഖാമുഖമെത്തിയെങ്കിലും അഞ്ചു തവണയും ന്യൂസീലന്‍ഡ് ഇന്ത്യയെ തകര്‍ത്തു വിടുകയായിരുന്നു. ഇന്ത്യ കിരീടം നേടിയ 200ലെ പ്രഥമ ട്വന്റി20 ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിച്ച ഏക ടീം ന്യൂസീലന്‍ഡായിരുന്നു. ഏറ്റവുമൊടുവില്‍ 2016ലെ ലോകകപ്പില്‍ മുഖാമുഖമെത്തിയപ്പോഴും ന്യൂസീലന്‍ഡ് ഇന്ത്യയെ തകര്‍ത്തുവിട്ടു. ആദ്യത്തെ നാലു മല്‍സരങ്ങളില്‍ സാക്ഷാല്‍ ബ്രണ്ടന്‍ മക്കല്ലമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ചതെങ്കില്‍, ഇരു ടീമുകളും ഏറ്റവും ഒടുവില്‍ മുഖാമുഖമെത്തിയ മല്‍സരത്തില്‍ മിച്ചല്‍ സാന്റ്‌നറിന്റെ പ്രകടനമായിരുന്നു കിവീസ് പ്രകടനത്തിന്റെ ഹൈലൈറ്റ്.

എന്തായാലും ഈ 'നാണക്കേടിന്റെ റെക്കോര്‍ഡ്' കൂടി മായ്ക്കാനുള്ള ദൃഢനിശ്ചയത്തോടെയാകും ഫിറോസ്ഷാ കോട്‌ലയില്‍ കോഹ്#ലിയും സംഘവും ഇറങ്ങുക. ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി20 മല്‍സര ചരിത്രത്തിലൂടെ:

1. ഇന്ത്യ-ന്യൂസീലന്‍ഡ് (2007 സെപ്റ്റംബര്‍ 17, ജോഹാനാസ്ബര്‍ഗ്)

ഇന്ത്യയും ന്യൂസീലന്‍ഡും മുഖാമുഖമെത്തിയ 2007ലെ ലോകകപ്പ് മല്‍സരമായിരുന്നു ട്വന്റി20യില്‍ ഇരുരാജ്യങ്ങളും കണ്ടുമുട്ടിയ ആദ്യ മല്‍സരം. ദക്ഷിണാഫ്രിക്കയിലെ ജോഹാനാസ്ബര്‍ഗില്‍ 2007 സെപ്റ്റംബര്‍ 16നു നടന്ന ഈ മല്‍സരത്തില്‍ 10 റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് പോരാട്ടവുമായിരുന്നു ഇത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ബ്രണ്ടന്‍ മക്കല്ലം, ക്രെയ്ഗ് മക്മില്ലന്‍, ജേക്കബ് ഓറം തുടങ്ങിയവര്‍ തകര്‍ത്തടിച്ചതോടെ ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കു മുന്നിലുയര്‍ത്തിയത് 191 റണ്‍സ് വിജയലക്ഷ്യം. മക്കല്ലം 31 പന്തില്‍ 45 റണ്‍സും മക്മില്ലന്‍ 23 പന്തില്‍ 44 റണ്‍സും ഓറം 15 പന്തില്‍ 35 റണ്‍സുമെടുത്തു. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ആര്‍.പി.സിങ്ങും നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിങ്ങും ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ടരീതിയില്‍ ബോള്‍ ചെയ്തു.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നു. ആദ്യ ആറ് ഓവറില്‍ ഇന്ത്യ നേടിയത് വിക്കറ്റ് നഷ്ടപ്പെടുത്താതെ 76 റണ്‍സ്. എന്നാല്‍, ഡാനിയല്‍ വെട്ടോറി ബോള്‍ ചെയ്യാനെത്തിയതോടെ കഥ മാറി. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത വെട്ടോറി ന്യൂസീലന്‍ഡിന് സമ്മാനിച്ചത് 10 റണ്‍സ് വിജയം. ഇന്ത്യന്‍ നിരയില്‍ ഗൗതം ഗംഭീര്‍ (33 പന്തില്‍ 51), വീരേന്ദര്‍ സേവാഗ് (17 പന്തില്‍ 40) എന്നിവര്‍ തിളങ്ങി.

2. ഇന്ത്യ-ന്യൂസീലന്‍ഡ് (2009 ഫെബ്രുവരി 17, ക്രൈസ്റ്റ്ചര്‍ച്ച്)

2008-09ലെ ഇന്ത്യയുടെ ന്യൂസീലന്‍ഡ് പ്യടനത്തിലാണ് ഇരുടീമുകളും വീണ്ടും മുഖാമുഖമെത്തുന്നത്. ട്വന്റി20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമായത്. ന്യൂസീലന്‍ഡില്‍നിന്ന് ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ജയിച്ചു മടങ്ങിയ ഇന്ത്യയ്ക്ക് ട്വന്റി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളും ഇക്കുറിയും വില്ലനായി.

ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മല്‍സരത്തില്‍ ടോസ് ഭാഗ്യം അനുഗ്രഹിച്ചത് കിവീസ് ക്യാപ്റ്റനെ. അവര്‍ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചു. ഭേദപ്പെട്ടരീതിയില്‍ ബാറ്റു ചെയ്ത ഇന്ത്യ ന്യൂസീലന്‍ഡിനു മുന്നില്‍ ഉയര്‍ത്തിയത് 163 റണ്‍സ് വിജയലക്ഷ്യം. സുരേഷ് റെയ്‌നയുടെ അര്‍ധസെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 43 പന്തു നേരിട്ട റെയ്‌ന 61 റണ്‍സോടെ പുറത്താകാതെ നിന്നു. സേവാഗ് 10 പന്തില്‍ 26 റണ്‍സെടുത്ത് മിന്നല്‍ തുടക്കം സമ്മാനിച്ച ശേഷമായിരുന്നു ഇത്.

എന്നാല്‍, ബ്രണ്ടന്‍ മക്കല്ലത്തിന്റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ തിരിച്ചടിച്ച ന്യൂസീലന്‍ഡ് ഒരു ഓവറും ഒരു പന്തും ബാക്കി നില്‍ക്കെ അനായാസം ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നു. 49 പന്തില്‍ 56 റണ്‍സുമായി മക്കല്ലം മുന്നില്‍നിന്ന് നയിച്ചപ്പോള്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (28 പന്തില്‍ 41), റോസ് ടെയ്‌ലര്‍ (20 പന്തില്‍ 31), ജേക്കബ് ഓറം (15 പന്തില്‍ 29) എന്നിവരുടെ ഇന്നിങ്‌സുകളും കിവികള്‍ക്കു തുണയായി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്ത ന്യൂസീലന്‍ഡ് ഏഴു വിക്കറ്റിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്.

3. ഇന്ത്യ-ന്യൂസീലന്‍ഡ് (2009 ഫെബ്രുവരി 27, വെല്ലിങ്ടന്‍)

പരമ്പരയിലെ രണ്ടാം മല്‍സരത്തിനായി വെല്ലിങ്ടനില്‍ ചെന്നപ്പോഴും മല്‍സരഫലം തഥൈവ. ഇത്തവണയും ടോസ് ഭാഗ്യം കിവീസ് നായകനൊപ്പം നിന്നു. പതിവുപോലെ ആദ്യം ബാറ്റു ചെയ്യാനുള്ള നിയോഗം ഇന്ത്യയ്ക്ക്. യുവരാജ് സിങ്ങിന്റെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 150 റണ്‍സ് വിജയലക്ഷ്യം. 34 പന്തില്‍നിന്നായിരുന്നു യുവിയുടെ അര്‍ധസെഞ്ചുറി.

ഇത്തവണയും ഇന്ത്യന്‍ സ്‌കോര്‍ ന്യൂസീലന്‍ഡിന് വെല്ലുവിളിയായില്ല. ബ്രണ്ടന്‍ മക്കല്ലം ഒരിക്കല്‍ക്കൂടി അവരുടെ വീരനായകനായപ്പോള്‍ അവസാന ഓവറിന്റെ അവസാന പന്തില്‍ ന്യൂസീലന്‍ഡ് ലക്ഷ്യത്തിലെത്തി. 55പന്തില്‍ 69 റണ്‍സുമായി തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി കുറിച്ചാണ് മക്കല്ലം ടീമിനു വിജയം സമ്മാനിച്ചത്.

4. ഇന്ത്യ-ന്യൂസീലന്‍ഡ് (2012 സെപ്റ്റംബര്‍ 11, ചെന്നൈ)

2012-13 സീസണിലെ ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ഇരു ടീമുകളും വീണ്ടും മുഖാമുഖമെത്തുന്നത്. വിശാഖപട്ടണത്തു നടക്കേണ്ടിയിരുന്ന ആദ്യ മല്‍സരം മഴകൊണ്ടുപോയതിനാല്‍ ഫലത്തില്‍ ചെന്നൈയില്‍ നിശ്ചയിച്ചിരുന്ന രണ്ടാം മല്‍സരം പരമ്പരയിലെ ഏക മല്‍സരമായി.

കാന്‍സറുമായി പോരാടി വീരോജിത വിജയം വരിച്ച് രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ യുവരാജ് സിങ്ങായിരുന്നു ഈ മല്‍സരത്തിലെ സൂപ്പര്‍താരം. ടോസ് നേടിയ ഇന്ത്യ ഇത്തവണ ന്യൂസീലന്‍ഡിനെ ആദ്യം ബാറ്റു ചെയ്യാനയച്ചു. ഒരിക്കല്‍കൂടി ഇന്ത്യന്‍ ബോളര്‍മാരെ ബ്രണ്ടന്‍ മക്കല്ലം അടിച്ചോടിക്കുന്ന കാഴ്ചയായിരുന്നു ചെന്നൈയില്‍. 55 പന്തില്‍ 91 റണ്‍സെടുത്ത മക്കല്ലത്തിന്റെ മികവില്‍ ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 168 റണ്‍സ് വിജയക്ഷ്യം.

ആവേശം ആകാശം തൊട്ട നിമിഷങ്ങള്‍ക്കൊടുവില്‍ ഇന്ത്യ വീണ്ടും പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കുന്നതു കണ്ടുകൊണ്ടാണ് മല്‍സരത്തിനു തിരശീല വീണത്. ക്യാപ്റ്റന്‍ വിരാട് കോഹ്#ലി (41 പന്തില്‍ 70), യുവരാജ് സിങ് (36 പന്തില്‍ 34) എന്നിവരുടെ മികവില്‍ ശക്തിയുക്തം പോരാടിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കിവീസിന് ഒരു റണ്ണിന്റെ ആവേശജയം.

5. ഇന്ത്യ-ന്യൂസീലന്‍ഡ് (2016 മാര്‍ച്ച് 15, നാഗ്പുര്‍)

ഇന്ത്യയും ന്യൂസീലന്‍ഡും ഒരിക്കല്‍ക്കൂടി ലോകകപ്പ് വേദിയില്‍ മുഖാമുഖമെത്തിയ ഈ മല്‍സരമാകും, ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളതില്‍വച്ച് ഇന്ത്യ ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന മല്‍സരം. ആതിഥേയരെന്ന പകിട്ടുമായെത്തിയ ഇന്ത്യയെ ന്യൂസീലന്‍ഡ് എല്ലാ അര്‍ഥത്തിലും താറുമാറാക്കിയ മല്‍സരമായിരുന്നു ഇത്. സ്പിന്‍ കെണിയൊരുക്കി കാത്തിരുന്ന ഇന്ത്യയെ ന്യൂസീലന്‍ഡ് അതേ കെണിയില്‍ വീഴ്ത്തുന്ന കാഴ്ചയായിരുന്നു നാഗ്പുരിലേത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന്റേത് ഇത്തവണ വളരെ ദയനീയ പ്രകടനമായിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് നേടാനായത് 126 റണ്‍സ് മാത്രം. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കു കാട്ടിയ ജസ്പ്രീത് ബുംറ (നാല് ഓവറില്‍ 15ന് ഒന്ന്), സുരേഷ് റെയ്‌ന (നാല് ഓവറില്‍ 16ന് ഒന്ന്) എന്നിവരുടെ പ്രകടനമായിരുന്നു ഇന്ത്യന്‍ ബോളിങ്ങിലെ ഹൈലൈറ്റ്‌സ്. 42 പന്തില്‍ 34 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സനായിരുനനു കിവീസിന്റെ ടോപ്‌സ്‌കോറര്‍. മിച്ചല്‍ സാന്റ്‌നര്‍ 17 പന്തില്‍ 18 റണ്‍സെടുത്തപ്പോള്‍ 11 പന്തില്‍ 21 റണ്‍സുമായി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ലൂക്ക് റോഞ്ചിയാണ് കിവീസ് സ്‌കോര്‍ 120 കടത്തിയത്.

താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ന്യൂസീലന്‍ഡ് സ്പിന്നര്‍മാര്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്ന കാഴ്ചയായിരുന്നു നാഗ്പുരിലേത്. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍, നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധി, മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ മക്കല്ലം എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 

30 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ എം.എസ്.ധോണിയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. വിരാട് കോഹ്#ലി 27 പന്തില്‍ 23 റണ്‍സും അശ്വിന്‍ 20 പന്തില്‍ 10 റണ്‍സുമെടുത്തു. ഇവര്‍ മൂന്നു പേരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിക്കാതെ പോയതോടെ ഇന്ത്യ 18.1 ഓവറില്‍ 79 റണ്‍സിന് എല്ലാവരും പുറത്തായി. ന്യൂസീലന്‍ഡിന് 47 റണ്‍സിന്റെ ഉജ്വല വിജയം.

related stories