Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീർമഴയിൽ ഒലിച്ചുപോയത്

Author Details
rafi-land-slide മുഹമ്മദ് റാഫി ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത്. ചിത്രം: റസ്സൽ ഷാഹുൽ

മകൾ ജനിച്ച് ആറുമാസത്തിനുള്ളിലാണു റാഫി വിദേശത്തേക്കു പോയത്. വരുമ്പോൾ ‘ഉപ്പാ’ എന്നു മുഖത്തേക്കു നോക്കി അവൾ വിളിക്കുന്നതു കേൾക്കാൻ‍ റാഫി കൊതിച്ചിരുന്നു. കഴിഞ്ഞില്ല. ഇനി കഴിയുകയുമില്ല.

മകൾ നിയ ഫാത്തിമയെന്ന മൂന്നു വയസ്സുകാരിയുടെ ശരീരം വെള്ളയിൽ പൊതി‍ഞ്ഞു കുഴിയിലേക്കെടുത്തപ്പോൾ റാഫി തകർന്നുപോയി. മൂന്നു പിടി മണ്ണ് അവളുടെ ശരീരത്തിലേക്കു വാരിയിട്ട റാഫി പിറകിൽ കൂട്ടുകാരുടെ ദേഹത്തേക്കു കരഞ്ഞു വീണു.

തോരാത്ത കണ്ണീർമഴയിൽ ഒറ്റയ്ക്കുനിൽക്കുകയാണു കരിഞ്ചോല മുഹമ്മദ് റാഫി. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. വീട്ടിൽ ജീവന്റെ ജീവനായ എട്ടുപേർ ഇന്നില്ല.

കോഴിക്കോട് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾ‍പൊട്ടൽ ദുരന്തമാണ് കരിഞ്ചോലയിൽ സംഭവിച്ചത്. അതിൽ മരിച്ച പതിനാലിൽ എട്ടുപേരും റാഫിയുടെ വീട്ടിലുള്ളവരാണ്. കണ്ടു കൊതിതീരാത്ത പിഞ്ചുകുഞ്ഞും പ്രിയപ്പെട്ട ഭാര്യയും ചലനശേഷിയില്ലാത്ത ഉപ്പയും വയോധികയായ ഉമ്മയും രണ്ടു സഹോദരിമാരും അതിലൊരു സഹോദരിയുടെ രണ്ടു മക്കളും.

താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയിടിഞ്ഞു മരിച്ച ഹസന്റെ മകനാണു റാഫി. വിധിയുടെ കൈകൾ കരിഞ്ചോലമലയിൽ റാഫിയുടെ വീടിന്റെ പൊടിപോലും ബാക്കിവച്ചിട്ടില്ല. ഇനി റാഫിക്ക് കുടുംബത്തിൽ പെങ്ങൾ സൗജത്ത് മാത്രമാണു ശേഷിക്കുന്നത്.

നാട്ടിൽ ലോറി ഡ്രൈവറായിരുന്ന റാഫി രണ്ടരവർഷം മുമ്പാണു ജോലിതേടി സൗദിയിലേക്കു പോയത്. സൗദിയിൽ ഒരു കടയിൽ ജോലിനോക്കിയിരുന്ന റാഫിയുടെ സ്വപ്നമായിരുന്നു നല്ലൊരു വീട്. ഇതിനായി വെട്ടിയൊഴിഞ്ഞതോട്ടത്തിൽ പുതുതായി സ്ഥലവും വാങ്ങിയിരുന്നു. ഉമ്മ ആസിയ പാചകക്കാരിയായി ജോലിചെയ്തിരുന്ന വെട്ടിയൊഴിഞ്ഞതോട്ടം ഗവ. യുപി സ്കൂളിനു സമീപം. ഇവിടെ ഒരു വീടുണ്ടാക്കണമെന്ന സ്വപ്നവുമായി നാലുമാസത്തെ അവധിയെടുത്തു നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു റാഫി.

നോമ്പുകാലമായതിനാൽ എന്നും രാവിലെ നിസ്കാരത്തിനു മുൻപോ ശേഷമോ റാഫി വീട്ടിലേക്കു ഫോൺ ചെയ്യാറുണ്ട്. പതിനാലിനു രാവിലെ മൂന്നരയോടെ റാഫി വീട്ടിലേക്കു വിളിച്ചു. എല്ലാവരോടും സംസാരിച്ചു. സഹോദരി നുസ്രത്തും മക്കളും വീട്ടിലുണ്ടെന്ന് അറിഞ്ഞത് അപ്പോഴാണ്. വിളി കഴിഞ്ഞു രണ്ടു മണിക്കൂറിനകമായിരുന്നു ഉരുൾപൊട്ടൽ.

ഒരു ദുഃസ്വപ്നം കണക്കെയാണു മുഹമ്മദ് റാഫി നാട്ടിലെ ഉരുൾപൊട്ടൽ വാർത്ത കേട്ടത്. തൊട്ടുപുറകെ എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ വിളികൾ വന്നുതുടങ്ങി. തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്നു റാഫി പ്രാർഥനകൾക്കിടയിലും മനസ്സിൽ പ്രതീക്ഷിച്ചു.

ഉപ്പ കരിഞ്ചോല ഹസനും അനുജത്തി ജന്നത്തും മണ്ണിനടിയിൽ നഷ്ടപ്പെട്ട വിവരം നാട്ടിലേക്കുള്ള യാത്രയിൽ അറിഞ്ഞു. ചങ്കു തകരുന്ന വേദനയുമായാണു റാഫി വെട്ടിയൊഴിഞ്ഞതോട്ടത്തിലേക്ക് എത്തിയത്. ജുമാമസ്ജിദിന്റെ പിറകിലെ പറമ്പിൽ ഉപ്പയുടെയും പെങ്ങളുടെയും കബറിനരികിൽ കണ്ണീരോടെ അൽപനിമിഷം. പിന്നെ കരിഞ്ചോല മലയിൽ തന്റെ വീടിരുന്ന സ്ഥലത്തേക്ക് എത്താനുള്ള വെപ്രാളമായിരുന്നു.

കരിഞ്ചോല മലയുടെ താഴ്‌വാരത്തെത്തിയ റാഫി ആദ്യം നോക്കിയത് തന്റെ വീടിരുന്നിടത്തേക്കാണ്. അവിടെ വലിയൊരു മൺകൂമ്പാരം. ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ പരന്നുകിടക്കുന്ന മണ്ണും ഭീമൻ പാറക്കഷണങ്ങളും. ഇരുന്നൂറു മീറ്ററോളം അകലെ മണ്ണുപുരണ്ട് ഒരു വീൽചെയർ കിടപ്പുണ്ട്. നട്ടെല്ലിന് അസുഖം ബാധിച്ചു നടക്കാൻ കഴിയാത്ത തന്റെ ഉപ്പ ഹസൻ ആ വീൽചെയറിലാണു വർഷങ്ങളായി സഞ്ചരിക്കുന്നത്. മണ്ണ് കുത്തിയൊലിച്ചു വരുമ്പോൾ എഴുന്നേറ്റ് ഓടാൻപോലും കഴിയാതെ ഹസൻ ആ വിൽചെയറിന്റെ കൈകളിൽ മുറുക്കിപ്പിടിച്ചുകാണും. കുത്തിയൊലിച്ചുവന്ന മണ്ണിന്റെ കരുത്തിൽ മുന്നൂറോളം മീറ്റർ അകലെവരെ ശരീരങ്ങൾ ഒഴുകിപ്പോയി. മീറ്ററുകളോളം മണ്ണ് ആ ദേഹങ്ങൾക്കു മേലേ അടിഞ്ഞു.

മണ്ണുമാന്തി യന്ത്രങ്ങൾ തന്റെ പ്രിയപ്പെട്ടവർക്കായി തിരച്ചിൽനടത്തുന്നതും നോക്കി റാഫി കൂട്ടുകാരുടെ തോളിൽ ചാരിനിന്നു. ഉരുൾപൊട്ടൽ ഉണ്ടായതിന്റെ രണ്ടാം ദിവസമാണ് അന്ന്. തന്റെ ജീവന്റെ ജീവനായ കുഞ്ഞ് മൂന്നു വയസ്സുകാരി നിയയുടെ ശരീരം പുതഞ്ഞ മണ്ണിൽനിന്നു വലിച്ചുപുറത്തെടുക്കുന്നതു റാഫി നേരിട്ടുകണ്ടു. താൻ വരുന്നതു കാത്തുകാത്തിരുന്ന ഭാര്യ ഷംനയുടെ ശരീരം പാറകൾക്കടിയിൽ മുഖം തിരിച്ചറിയാനാവാത്ത വിധം മണ്ണിൽ ആണ്ടുകിടക്കുന്നതും കണ്ടു. മൂത്ത സഹോദരി നുസ്രത്തിന്റെയും മക്കളുടെയും മയ്യത്തുകളും പുറത്തെടുക്കുന്നതു കണ്ടു. അടുത്തദിവസം വൈകുന്നേരമാണ് ഉമ്മ ആസിയയുടെ ശരീരം കിട്ടിയത്. ഈ മൂന്നു ദിവസവും ഒന്നു കരയാൻപോലുമാവാതെ റാഫി നിശ്ചലനായി എല്ലാം നോക്കിനിൽക്കുകയായിരുന്നു. 

മണ്ണിടിച്ചിലുണ്ടായ സമയത്ത് രാവിലെ 5.50നു റാഫിയുടെ സഹോദരി നുസ്രത്ത് ഭർത്താവിന്റെ വീടിനടുത്തുള്ള ഓട്ടോഡ്രൈവറോടു സഹായം തേടി ഫോൺ ചെയ്തിരുന്നു. അടിവാരത്തേക്കുള്ള മലഞ്ചെരിവിലെ ഇറക്കത്തിലൂടെ വീൽചെയറുമായി ഉപ്പയെ കൊണ്ടുവരാൻ കഴിയുന്നില്ലെന്നു നുസ്രത്ത് പറ‍ഞ്ഞു. പക്ഷേ പറഞ്ഞു മുഴുമിപ്പിക്കുന്നതിനുമുൻപ് ഫോൺകോൾ നിലച്ചു. ഓട്ടോഡ്രൈവർ അറുപറമ്പത്ത് മുഹമ്മദ് കോയ പലതവണ തിരിച്ചുവിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ഒൻപതരവരെ ഫോണടിച്ചു. പിന്നെ ഫോൺ സ്വിച്ചോഫായി.

ഏഴു കിലോമീറ്ററോളം അകലെ കൊട്ടാരക്കോത്ത് സ്വദേശി സുബീറാണ് നുസ്രത്തിന്റെ ഭർത്താവ്. പനി കാരണം താമരശ്ശേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നുസ്രത്ത് ഭർതൃവീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെ റമസാനിലെ ഇരുപത്തിയേഴാം രാവു കഴിഞ്ഞ് അടുത്ത ദിവസം നുസ്രത്തും രണ്ടു മക്കളും കുടുംബവീട്ടിൽ വിരുന്നെത്തി. നോമ്പു തുറന്നശേഷം തിരികെ ഭർത്താവിന്റെ വീട്ടിലേക്കു പോവാനിരുന്ന നുസ്രത്ത് ഇളയമകൾക്കു നേരിയ പനിക്കോളു കണ്ടതിനെ തുടർന്നു ‌വീട്ടിൽ തങ്ങുകയായിരുന്നു.

തോരാത്ത മഴയാണ് ഇപ്പോഴും കട്ടിപ്പാറയിൽ. പ്രാർഥനയുടെ തസ്ബീഹുമാലയിൽ കണ്ണീരു പുരളുന്നു. മണ്ണ് കവർന്നെടുത്ത ജീവിതങ്ങൾ. തിരിച്ചറിയൽ‍ രേഖകളില്ലാത്തവർ. തിരികെ ചെല്ലാൻ ഒരു വീടുപോലും ബാക്കിയില്ലാത്തവർ. മാറിയുടുക്കാൻ ഒരു തുണിപോലുമില്ലാത്തവർ. ദുഃഖത്തിന്റെ കാർമേഘങ്ങൾ ചുറ്റിലും പെയ്തുകൊണ്ടേയിരിക്കുന്നു. ഇവർക്കിടയിൽ ഒന്നുറക്കെ കരയാൻപോലും കഴിയാതെ റാഫി നിൽക്കുന്നു. പ്രിയപ്പെട്ടവരുടെ മരണത്തെക്കാൾ വലിയ വേദന മറ്റെന്താണ്? അതും ഇതുപോലുള്ള മരണം. ഉള്ളിൽ കൊളുത്തിവലിക്കുന്ന ഓർമകൾ നിലയ്ക്കുന്നില്ല. നിസ്സഹായനായ റാഫി. ആ കണ്ണിൽ കണ്ണീരു വറ്റിയിരിക്കുന്നു. ഓർമകളുടെ തീക്കനലുകളാണു കാഴ്ചകളിൽ ഇപ്പോൾ.