Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടിട്ടും കടലിൽ മല്‍സ്യബന്ധനത്തിനു പോകുന്ന വില്‍ഫ്രഡിന്റെ കഥ

wilfred-blind വിൽഫ്രഡ് കടൽത്തീരത്ത്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

വിൽഫ്രഡിനും ഒറ്റമുറി വീടിനും രാവും പകലും കാവലിരിക്കുന്ന ഒരാളുണ്ട്; കാതോരത്ത് നീണ്ടുനിവർന്നു കിടക്കുന്ന കടൽ. മിണ്ടിപ്പറഞ്ഞിരിക്കാൻ ചുവടുകളെണ്ണിയെണ്ണി വിൽഫ്രഡ് ഇടയ്‌ക്കിടെ കടൽത്തീരത്തേക്കു പോവും. അകക്കണ്ണുകൊണ്ട് തിരമാലയുടെ വലുപ്പമളക്കും. തിരയടി ഉണ്ടോയെന്നറിയണം. ഇല്ലാത്തപ്പോഴേ വിൽഫ്രഡിനു കടലിൽ പോകാനൊക്കൂ. 

കമിഴ്‌ത്തിയിട്ട വള്ളങ്ങളെ തലോടി, വഴിതെറ്റാതെ തപ്പിത്തപ്പി വിൽഫ്രഡ് തിരികെ നടക്കുമ്പോൾ കടലമ്മയുടെ കണ്ണുനിറയും; വിൽഫ്രഡിന്റെയും. പതിനൊന്നു വർഷങ്ങൾ കഴിഞ്ഞു ആ പതിവിന്. രണ്ടു കണ്ണിനും കാഴ്‌ച നഷ്‌ടപ്പെട്ട വിൽഫ്രഡ് തിരയടി ഇല്ലാത്ത മാസങ്ങളിൽ മൽസ്യബന്ധന ബോട്ടുകളിൽ സുഹൃത്തുക്കൾക്കൊപ്പം ഇപ്പോഴും കടലിൽ പോകും. ഒരു പേടിയുമില്ല. പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ യാത്ര കടലോളം ആഴത്തിൽ മനസ്സിൽ പതിച്ചിട്ടുണ്ട് ഉപ്പുരസമുള്ള എല്ലാ വഴികളും. 

തിരമാലമുറ്റത്തെ കുട്ടിക്കാലം 

കുഞ്ഞു വിൽഫ്രഡിനെ പുറംകടലിൽ മൽസ്യബന്ധനത്തിനു പോകുന്ന ബോട്ടിലേക്ക് ആദ്യം കൂടെക്കൂട്ടിയത് അച്‌ഛനാണ്, പന്ത്രണ്ടാം വയസ്സിൽ. കടൽമുറ്റത്ത് കളിച്ചുവളർന്ന വിൽഫ്രഡിന് കടലിനെ കൈപ്പിടിയിലൊതുക്കാൻ വലിയ താമസമുണ്ടായില്ല. കൂറ്റൻ തിരകളിൽ ചിതറിത്തെറിക്കുന്ന ബോട്ടുകളിൽ വെറുംകയ്യോടെ പോയി, കൈനിറയെ മീനുമായി വരുന്ന അച്‌ഛനായിരുന്നു ഹീറോ. അതുകൊണ്ട് ആഴങ്ങളിലേക്ക് ഭയമില്ലാതെ വല വീശിയെറിഞ്ഞു വിൽഫ്രഡ്. പലതവണ അപകടങ്ങളിൽ പെട്ടിട്ടുണ്ട്. കൂറ്റൻ തിരമാലകൾ ബോട്ടിൽനിന്നു ചുഴറ്റിയെറിഞ്ഞിട്ടുണ്ട്. ഉപ്പുവെള്ളം കുടിച്ച് കര കാണാതെ നീന്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുനീണ്ട കടലോട്ടം. അതിനിടെ തുണയായി മേരി സ്‌റ്റെല്ലയെത്തി. രണ്ടു മക്കളും. ക്രിസ്‌തുദാസിയും മേരിദാസനും. അന്നന്നത്തെ മീൻവിറ്റു കിട്ടുന്ന പണംകൊണ്ട് സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബത്തെ മുക്കിക്കളഞ്ഞ രാക്ഷസത്തിരമാലയെത്തിയത് ഒരു വീഴ്‌ചയുടെ രൂപത്തിലാണ്. 

മാഞ്ഞുതുടങ്ങിയ വെളിച്ചം 

തിരുവനന്തപുരം മരിയനാട്ടെ പറമ്പിലേക്ക് വേലി കെട്ടാനുള്ള ചുള്ളിക്കമ്പുകൾ പെറുക്കിയെടുക്കാൻ പോയ പകൽ വിൽഫ്രഡിന് ഇന്നും ഓർമയുണ്ട്. അത്രയും വെളിച്ചം പിന്നെ കൺമുന്നിൽ തെളിഞ്ഞിട്ടില്ലല്ലോ. സുഹൃത്തിനോടു സംസാരിക്കാൻ പൊക്കംകുറഞ്ഞ കിണറിന്റെ പടവിൽ ഇരുന്നതാണ് വിൽഫ്രഡ്. അത്രയും കരുതലോടെ. പക്ഷേ, അങ്ങേയറ്റത്തെ മീനിനെപ്പോലും കൊരുത്തെടുക്കുന്ന ചൂണ്ടക്കൊളുത്തുപോലെ വിധി വിൽഫ്രഡിനെ വീഴ്‌ത്തി, കിണറാഴങ്ങളിലേക്ക്. പിന്നെ ഓർമ തുടങ്ങുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. 

ദേഹമാകെ മുറിവേറ്റിരുന്നു. ശരീരത്തിലും തലയിലുമടക്കം വീഴ്‌ചയുടെ ഒട്ടേറേ അടയാളങ്ങൾ... വേദനയുടെ ദിവസങ്ങൾ. കടൽച്ചൊരുക്കുകൾ ഒരുപാട് കണ്ടിട്ടുള്ള വിൽഫ്രഡ് ആശുപത്രിക്കിടക്കയിലും ഉന്മേഷം കൈവിടാതെ ചിരിച്ചു. ഏഴും എട്ടും വയസ്സുള്ള മക്കൾക്ക് കഥ പറഞ്ഞുകൊടുത്തു. പക്ഷേ, ഇടത്തേ കണ്ണിൽ പകൽ വെളിച്ചത്തിലും ഇരുട്ട് ഉറഞ്ഞു കയറുന്നത് വിൽഫ്രഡ് അറിയുന്നുണ്ടായിരുന്നു. ഒരുവശം നിഴൽപോലെ മങ്ങി തലവേദന അസഹ്യമായപ്പോൾ വിൽഫ്രഡ് ഡോക്‌ടറോട് പറഞ്ഞു, ‘എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല’. 

wilfred-with-wife മേരി സ്‌റ്റെല്ലയോടൊപ്പം വിൽഫ്രഡ്.

ഇരുട്ടിന്റെ കടലാഴത്തിൽ 

കാഴ്‌ചപരിശോധനകൾക്കൊടുവിൽ മങ്ങിത്തുടങ്ങിയ ഇടംകണ്ണിന് അടിയന്തര ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ തീർത്തുപറഞ്ഞു. ഭാര്യ മേരി സ്‌റ്റെല്ലയ്‌ക്കും അമ്മയ്‌ക്കും പേടിയായിരുന്നു സമ്മതിക്കാൻ. വിൽഫ്രഡ് പക്ഷേ മഞ്ഞുമലപോലെ ഉറച്ചുനിന്നു. നാളെയെന്തെങ്കിലും വന്ന് കൂടുതൽ കുഴപ്പമുണ്ടാകുന്നതിനു മുൻപ് എത്രയുംവേഗം നിഴൽവെളിച്ചത്തിൽ നിന്ന് പുറത്തു കടക്കണമെന്നായിരുന്നു വിൽഫ്രഡിന്. ഉള്ള സമ്പാദ്യമൊക്കെ ചികിൽസയ്‌ക്കും വീട്ടുചെലവിനുമായി തീർന്നിരുന്നു അപ്പോഴേക്കും. 

കണ്ണിന്റെ ശസ്‌ത്രക്രിയ കഴിഞ്ഞ് ഉള്ളുനിറയെ വെളിച്ചവുമായി കൺതുറന്ന വിൽഫ്രഡ് കണ്ടത് ഇരുട്ടു മാത്രമാണ്. രണ്ടുവശത്തും! കണ്ണിലേക്കു തടവിനോക്കവേ വലതുവശത്തെ വെച്ചുകെട്ടിൽ കൈതടഞ്ഞു. ഇടതുകണ്ണിനു ശസ്‌ത്രക്രിയ നിർദേശിച്ച വിൽഫ്രഡിന് ആശുപത്രിക്കാർ ശസ്‌ത്രക്രിയ നടത്തിയതു വലത്തേ കണ്ണിൽ. കണ്ണുഡോക്‌ടർ തന്ന കുറിപ്പിലെഴുതിയ ഇംഗ്ലിഷൊന്നും വായിച്ചു മനസ്സിലാക്കിത്തരാൻ വിൽഫ്രഡിന് ആരുമുണ്ടായിരുന്നില്ലല്ലോ. കൺമുന്നിൽനിന്നു മാഞ്ഞുപോയ വെളിച്ചത്തിന്റെ നിഴലുതേടി വിൽഫ്രഡ് കരഞ്ഞു... കാത്തിരുന്നു കുറേനാൾ. ഒന്നുമുണ്ടായില്ല. ഇരുട്ടിനോട് പൊരുത്തപ്പെട്ടേ പറ്റൂവെന്ന് മനസ്സിലാക്കിയ വിൽഫ്രഡ് ആരോടും പരാതിപ്പെടാൻ നിൽക്കാതെ ആശുപത്രി വിട്ടിറങ്ങി. 

മുപ്പത്തിമൂന്നാം വയസ്സിലെ ആ വീഴ്‌ച പിടിച്ചുലച്ചു കളഞ്ഞത് കുടുംബത്തെ മുഴുവനുമാണ്. സഹായിക്കുമെന്നു കരുതിയ എല്ലാ വാതിലുകളും ഓരോന്നായി അടഞ്ഞു. എൽഐസി പോളിസിയിൽനിന്ന് അർഹമായൊരു തുക കിട്ടാനുണ്ടായിരുന്നു വിൽഫ്രഡിന്. പക്ഷേ, എല്ലാ ചികിൽസാ രേഖകളും വാങ്ങിപ്പോയ ഏജന്റ് പിന്നെയാ വഴിയേ വന്നില്ല. ഉപജീവനത്തിനു മാർഗങ്ങളില്ലാതെ വന്നപ്പോൾ മേരി സ്റ്റെല്ല മീൻകുട്ടയുമായി ചന്തയിൽ പോയിത്തുടങ്ങി. 

കടൽവഴി കണ്ടുവച്ച വിധം 

മേരി സ്‌റ്റെല്ല മീൻ വിൽക്കാനും കുട്ടികൾ സ്‌കൂളിലും പോവുന്ന പകലുകളിൽ വീട്ടിൽനിന്നു പുറത്തിറങ്ങാതെ രണ്ടുവർഷം വിൽഫ്രഡ് തളർന്നിരുന്നു. കടൽ വിളിക്കുന്നതു കേട്ടിട്ടും കേൾക്കാതെ. ആ കണ്ണീരുകണ്ട് കടലിലേക്ക് ഒപ്പംകൂടാൻ വിളിച്ചതൊരു സുഹൃത്താണ്. ആദ്യം മടിച്ചുനിന്ന വിൽഫ്രഡ്, എന്തു സംഭവിച്ചാലും എനിക്കു ജീവനുണ്ടെങ്കിൽ നീ കരയ്‌ക്കെത്തുമെന്ന ഉറപ്പിൽ വീണ്ടും കടൽ വെള്ളത്തിന്റെ നനവറിഞ്ഞു. പതിനൊന്നു വർഷം പിന്നിടുന്ന രണ്ടാം അധ്യായത്തിന്റെ തുടക്കമായിരുന്നു അത്. അന്നോളം കണ്ട വഴികൾ വിൽഫ്രഡ് ബോട്ടിലിരുന്നു കേട്ടറിഞ്ഞു. ഓരോ ഉപ്പുകാറ്റിലും മനസ്സിൽ വഴിയളവുകൾ വരഞ്ഞിട്ടു. 

എന്നിട്ടും മൽസ്യബന്ധനത്തിനു പുറംകടലിലേക്കു പോകാൻ ആദ്യമെല്ലാം പേടിയായിരുന്നു. അപ്രതീക്ഷിതമായ അപകടങ്ങൾ വന്നാൽ ഒറ്റപ്പെട്ടു പോകുമെന്ന ഭയം പിന്നിലേക്കു വലിച്ചു. സഹായിക്കാനാവാതെ വള്ളത്തിലിരുന്ന് സുഹൃത്തുക്കൾക്ക് ഭാരമാവുന്നതു പന്ത്രണ്ടാം വയസ്സിലേ കടൽവിളി കിട്ടിയ വിൽഫ്രഡിന് താങ്ങാനാവില്ലായിരുന്നു. പക്ഷേ, ഓരോ ശ്രമത്തിലും സ്വരുക്കൂട്ടിയ ധൈര്യംകൊണ്ട് ആ പേടിയെല്ലാം വിൽഫ്രഡ് കടലിൽ കളഞ്ഞു. 

തിരയടി ഇല്ലാത്ത മാസങ്ങളിൽ വള്ളത്തിൽ വിൽഫ്രഡും കൂട്ടുകാർക്കൊപ്പം പോവും. കൈപിടിച്ചു കയറ്റിയിരുത്തിയാൽ പിന്നെ ഒരു പേടിയും ബാധിക്കില്ല. മൂന്നു പതിറ്റാണ്ടിന്റെ കൈത്തഴക്കംകൊണ്ട് വല വീശിയും ആഴത്തിലേക്കു ചൂണ്ടയിട്ടും മീനുകളെ പിടിക്കും. ചൂണ്ടക്കൊളുത്തിന്റെ വലിവുകൊണ്ട് ഏതു മീനാണെന്നറിയും വിൽഫ്രഡ്. അത് കിറുകൃത്യമായിരിക്കും. അനുഭവങ്ങൾ തന്ന കാഴ്‌ച കണ്ണിനുമപ്പുറത്താണല്ലോ. 

മരിയനാട്ടെ സാന്റിയാഗോ 

ശക്‌തമായ തിരയടി ഉള്ള മാസങ്ങളിൽ വിൽഫ്രഡ് പുറംകടലിലേക്കു പോവില്ല. കരയിലിരുന്ന് ചൂണ്ടയിടും. ഭാര്യ മേരി സ്‌റ്റെല്ല വിലയ്‌ക്കു വാങ്ങിയ മീനുമായി ചന്തയിൽ കച്ചവടം നടത്തും. വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്കു പിച്ചവയ്‌ക്കുന്നതിനിടെ മക്കളെയൊന്നും വേണ്ടവിധം പഠിപ്പിക്കാനായില്ലെന്ന കുറ്റബോധമുണ്ട് വിൽഫ്രഡിന്. പത്താംക്ലാസ് വരെ പഠിച്ച മകൻ മേരിദാസൻ അച്‌ഛന്റ വഴിയേ കടലിലിറങ്ങിത്തുടങ്ങി. പ്ലസ് ടു വരെ പഠിച്ച മകൾ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. 

അവകാശപ്പെട്ട ആനുകൂല്യങ്ങൾ പലതും നേടിയെടുക്കേണ്ടത് എങ്ങനെയെന്നറിയില്ലായിരുന്നു വിൽഫ്രഡിന്. പറഞ്ഞു കൊടുക്കാനും ആരുമുണ്ടായിരുന്നില്ല. വായിച്ചുകേട്ട് മനസ്സിലാക്കിയത് പലതും തെറ്റായിരുന്നെന്ന് അറിയുന്നതേ വർഷങ്ങൾ കഴിഞ്ഞാണ്. അപ്പോഴേക്കും കുരുക്കുകൾ പലതും മുറുകിക്കഴിഞ്ഞിരുന്നു. 

കടലിൽ പോവാനാവാത്ത പകലുകളിൽ തനിയെ വീട്ടിലിരുന്ന് വിൽഫ്രഡ് ദിവസങ്ങളെണ്ണും. വെയിലു കായുന്ന വള്ളങ്ങളിൽ വെറുതേ പോയിരുന്ന് വഴിതെറ്റാതെ തിരിച്ചു നടക്കും. തിരികെ വന്നിരുന്ന് ചൂണ്ടക്കൊളുത്തിലെ നീണ്ട ചരട് പലകുറി അഴിച്ചു കെട്ടും. ഏണസ്‌റ്റ് ഹെമിങ്‌വേയുടെ പ്രശസ്‌തമായ നോവൽ ‘ദി ഓൾഡ് മാൻ ആൻഡ് ദ് സീ‘ വിൽഫ്രഡ് വായിച്ചിട്ടില്ല. പക്ഷേ, രാപ്പകലുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പലകുറി പരാജയപ്പെട്ട് ഒടുവിൽ അതിജീവനത്തിന്റെ അടയാളപ്പെടുത്തലോടെ കര കയറുന്ന മീൻപിടിത്തക്കാരൻ സാന്റിയാഗോയുടെ അതേ മുഖമാണ് വിൽഫ്രഡിനും.