Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെങ്കലത്തിൽ വിരിഞ്ഞ മുഖങ്ങൾ

satheeshan-shilpam വി. സതീശൻ തന്റെ വെങ്കലശിൽപവുമായി

കേരളം പ്രളയത്തിൽ മുങ്ങും മുൻപ് വി.സതീശൻ വെങ്കലത്തിലും ഫൈബർ ഗ്ലാസിലുമായി ഒരു ശിൽപം മെനഞ്ഞു. ദുരന്തം മുന്നിൽ കണ്ടെന്നപോലെ പ്രവചന സ്വരം നിശ്ശബ്ദമായി ഉയർത്തുന്ന ശിൽപം. ഭാണ്ഡക്കെട്ടുമായി വെള്ളക്കെട്ടിലൂടെ നീന്തുന്ന ഒരു വയോധികന്റേതാണു ശിൽപം–കേരളം ഈ നൊമ്പരക്കാഴ്ച ഓഗസ്റ്റ് രണ്ടാം വാരം കൺമുന്നിൽ കണ്ടു: ദേശങ്ങളും ജനങ്ങളുമെല്ലാം പ്രളയത്തിൽ മുങ്ങിപ്പോയ കാലം. 

തിരുവനന്തപുരം കുടപ്പനക്കുന്നിലെ സതീശന്റെ സ്റ്റുഡിയോയിൽ സന്ദർശകരെ അമ്പരപ്പിച്ചു വേറെയും ശിൽപങ്ങളുണ്ട്. തലപിളർന്ന നിലയിൽ മുറ്റത്തുകണ്ട വെള്ള കരിങ്കൽ ശിൽപത്തിന്റെ പിളർന്ന തലയിലുള്ളത് പീരങ്കിക്കുഴൽ–ഒരു യുദ്ധസ്മാരകം. ഇരുമ്പ് ബോൾട്ടുകൾക്കൊപ്പം ഇടുന്ന വാഴ്സർ വെൽ‍ഡുചെയ്തു തീർത്ത ആനയുടെ ശിൽപം പ്രദർശനത്തിനായി ഡൽഹിക്ക് വണ്ടികയറി. പഴയ റzഫ്രിജറേറ്ററിന്റെ ചെറിയ ചെമ്പുകുഴലുകൾ ഉപയോഗിച്ചു തീർത്ത ജേണി–6 പാഴ്‌വസ്തുകൾ എങ്ങനെ കലാരൂപമാക്കാം എന്നതിന്റെ തെളിവാണ്. ബാല്യത്തിൽ കൂട്ടുകാരുമായി കയറുകെട്ടി വണ്ടിപോലെ ഓടുന്നതിന്റെ മായാ ചിത്രത്തിന്റെ ഓർമപ്പെടുത്തലാണത്. 

സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ വയലിൽ നിന്നു ശേഖരിക്കുന്ന ചെളിമണ്ണിലാണു സതീശൻ ആദ്യം ശിൽപം മെനഞ്ഞുതുടങ്ങിയത്. 

ദേവരൂപങ്ങളായിരുന്നു അവ. അയൽക്കാരായ ഗൾഫുകാർ മക്കൾക്കു സമ്മാനിക്കുന്ന വിലകൂടിയ കളിക്കോപ്പുകളുടെ മാതൃക മരത്തിലും മണ്ണിലും മെനഞ്ഞു കൂട്ടുകാർക്കു സമ്മാനിച്ചു. 

ബാല്യത്തിലെ ദുരിതജീവിതം മനസ്സിൽവീഴ്ത്തിയ തീച്ചിത്രങ്ങളിൽ ചിലതാണു പിന്നീട് സതീശൻ വെങ്കലത്തിൽ ഉരുക്കിവാർത്തത്. ആഹ്ലാദത്തിന്റെയും വാൽസ്യത്തിന്റെയും എണ്ണത്തിളക്കം പലശിൽപങ്ങളിലും ഉണ്ടെങ്കിലും, സങ്കടപ്പെടലിന്റെയും ഒറ്റപ്പെടലിന്റെയും കാത്തിരിപ്പിന്റെയും പൊള്ളലുകളാണു മറ്റുപല ശിൽപങ്ങളിൽ. 

പ്രീഡിഗ്രി തോറ്റപ്പോൾ ജീവിതവും പഠനവും വഴിമുട്ടി. മരപ്പണിക്കാരനായും ഇല്കട്രീഷനായും ജോലി ചെയ്യുന്നതിനിടെ, കേരള സർവകലാശാല ഉദ്യോഗസ്ഥനായിരുന്ന കെ.എം.കുര്യാക്കോസിന്റെ പ്രോൽസാഹനത്തിൽ നിശാക്ലാസിൽ ചേർന്നു പ്രീഡിഗ്രി പൂർത്തിയാക്കി അതൊരു വഴിമാറ്റത്തിലേക്കു ചൂട്ടുതെളിച്ചു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ ചേർന്നു ശിൽപകലയിൽ ബിഎഫ്എ പാസായി. അവിടെത്തന്നെ അധ്യാപകനായി നിയമനം. പക്ഷേ, എട്ടാം ദിവസം അവിടെനിന്നു പുറത്താക്കി. അതു കുത്തിനോവിക്കുന്ന മറ്റൊരു കഥ. അതുവരെ മെനഞ്ഞ വെങ്കല ശിൽപങ്ങളെല്ലാം ആക്രിവിലയ്ക്കു വിറ്റ് ഡൽഹിക്കു വണ്ടികയറി. ശിൽപത്തിനല്ല, വെങ്കലത്തിന്റെ തൂക്കത്തിനാണു വ്യാപാരി വിലനൽകിയത്. ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് ശിൽപകലയിൽ എംഎഫ്എ പാസായി മടക്കം. അതു രണ്ടുവർഷത്തെ പട്ടിണിയുടെ പഠനകാലമായിരുന്നു. റെയിൽവേ സ്റ്റേഷനിലെ ഉറക്കത്തിന്റെയും. ആന്ധ്രയിലെ ഋഷിവാലി സ്കൂളിലും തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലും പിന്നീട് കലാ അധ്യാപകനായി. 10 വർഷം സർവീസ് ബാക്കിനിൽക്കെ കേന്ദ്രീയ വിദ്യാലയത്തിന്റെ പടിയിറങ്ങി. ഇപ്പോൾ മുഴുവൻ സമയവും ശിൽപങ്ങളുടെ ലോകത്ത്. 

വർക്കല കാപ്പിൽ സ്വദേശിയായ സതീശൻ (50) വെങ്കലത്തിലും ശിലയിലും ഇരുമ്പിലും ടെറാക്കോട്ടയിലും തീർത്ത ശിൽപങ്ങൾ രാജ്യത്തെ പല സ്വകാര്യ ശേഖരങ്ങളിലും വിദേശ ആർട്ട്ഗാലറികളിലുമുണ്ട്. 

കോട്ടയത്ത് കഴിഞ്ഞ ജൂണിൽ സാസ്കാരിക വകുപ്പും ലളിതകലാ അക്കാദമിയും ചേർന്നു സംഘടിപ്പിച്ച പ്രദർശനത്തിൽ അധ്വാനത്തിന്റെ കുതിപ്പും കിതപ്പും ഓളംവെട്ടുന്ന വെങ്കല ശിൽപങ്ങളാണു സതീശൻ നിര‍ത്തിയത്. കലശക്കെട്ടുമായി സൈക്കിളിൽ പായുന്ന, വയറൊട്ടിയ ഒരു മനുഷ്യന്റെ ജീവസ്സുറ്റ ശിൽപമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ദ് പോട്ടർ എന്ന ഈ ശിൽപത്തിൽനിന്ന് നെ‍ഞ്ചിടിപ്പും അണപ്പും ഉയരുന്നതുപോലെ. സൈക്കിളും മനുഷ്യനും സതീശന്റെ പലശിൽപങ്ങളിലും ശക്തമായ സാന്നിധ്യമാണ്. അത് അധ്വാനത്തിന്റെയും അറിവുതേടലിന്റെയും വിനോദത്തിന്റെയും സ്നേഹത്തിന്റെയും മുദ്ര പങ്കുവയ്ക്കുന്നു. 

കൊച്ചി ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ പിന്നീടു നടത്തിയ പ്രദർശനത്തിൽ, പ്രളയത്തിൽ രക്ഷപ്പെടാനായി ഭാര്യ കയറിയ വ‍ഞ്ചിയിൽ അള്ളിപ്പിടിച്ചു കയറാൻ മുളംകമ്പിൽ തൂങ്ങിയാടുന്ന മനുഷ്യന്റെ ശിൽപം ഉള്ളിൽ തട്ടുന്നതായി. അതിനും കൽപിക്കാം പ്രവചനത്തിന്റെ മുഴക്കം. 

രാജസ്ഥാൻ ലളിതകലാ അക്കാദമിയുടെ അവാർഡാണ് ആദ്യ പുരസ്കാരം–1993ൽ. കേരള ലളിതകലാ അക്കാദമിയുടെയും മറ്റും പുരസ്കാരങ്ങളും ലഭിച്ചു. കുടപ്പനക്കുന്നിലെ സ്റ്റുഡിയോയിൽ ശിൽപങ്ങൾ മെനയുമ്പോഴും അവ മിനുക്കിയെടുക്കുമ്പോഴും ഉയരുന്ന ശബ്ദഘോഷത്തിനു താളക്രമമുണ്ട്, നൊമ്പരങ്ങളുടെ നേർത്ത മുഴക്കങ്ങളും.