Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാത്തിമയിലെ ‘കുഞ്ഞ് ഇടയ’രിൽ രണ്ടുപേരെ വിശുദ്ധരാക്കുന്നു

09-mod-Jacinta-and-Francisco ഫ്രാൻസിസ്കോ മാർടോയും ജസീന്തയും

വത്തിക്കാൻ സിറ്റി ∙ പോർച്ചുഗലിലെ ഫാത്തിമയിൽ കന്യകാമറിയം ഒരു നൂറ്റാണ്ടു മുൻപു പ്രത്യക്ഷപ്പെട്ടു ദർശനം നൽകിയവരെന്നു വിശ്വസിക്കപ്പെടുന്ന ‘കുഞ്ഞ് ഇടയ’രിൽ രണ്ടുപേരെ കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിക്കും.

മേയ് 13നു ഫ്രാൻസിസ് മാർപാപ്പയുടെ പോർച്ചുഗൽ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരിക്കും പ്രഖ്യാപനം. ഫാത്തിമയിൽ മാതാവ് ആദ്യം ദർശനം നൽകിയെന്നു കരുതുന്ന തീയതിയുടെ നൂറാം വാർഷികത്തിലാണു മാർപാപ്പയുടെ സന്ദർശനം.

ജസീന്ത, സഹോദരൻ ഫ്രാൻസിസ്കോ മാർടോ എന്നിവരെയാണു വിശുദ്ധരാക്കുക. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ രക്തസാക്ഷികളല്ലാത്ത വിശുദ്ധരിൽ ഏറ്റവും പ്രായം കുറഞ്ഞവരായിരിക്കും ഇവർ.

ദർശനം ലഭിക്കുമ്പോൾ ജസീന്തയ്ക്ക് ഏഴും ഫ്രാൻസിസ്കോയ്ക്ക് ഒൻപതും വയസ്സായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ലൂസിയയ്ക്കു 10 വയസ്സും. ജസീന്തയും ഫ്രാൻസിസ്കോയും പ്രായമാകുന്നതിനു മുൻപു മരിച്ചു. അവരുടെ കസിൻ സഹോദരി ലൂസിയ പിന്നീടു കന്യാസ്ത്രീ മഠത്തിൽ ചേർന്നു.

വിശുദ്ധമറിയം തങ്ങളോടു മൂന്നു രഹസ്യങ്ങൾ വെളിപ്പെടുത്തിയെന്നു ലൂസിയ 1941ൽ ലോകത്തെ അറിയിച്ചു. ഇതിൽ രണ്ടു രഹസ്യങ്ങൾ നരകത്തിന്റെ ദർശനവും രണ്ടാം ലോകയുദ്ധത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ആയിരുന്നുവെന്ന് അവർ വെളിപ്പെടുത്തിയെങ്കിലും മൂന്നാമത്തേതു വർഷങ്ങളോളം രഹസ്യമായിത്തന്നെ അവശേഷിച്ചു.

പിന്നീട് 1957ൽ അതു വത്തിക്കാനെ എഴുതി അറിയിക്കുകയായിരുന്നു. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ നേർക്ക് 1981ൽ നടന്ന വധശ്രമത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു ഈ രഹസ്യമെന്നു വിശ്വസിക്കുന്നു.