Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിപ് രാജകുമാരൻ ജോലിഭാരം ഒഴിയുന്നു

Britain Royals എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും.

ലണ്ടൻ∙ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ ഔദ്യോഗിക ചുമതലകളിൽനിന്നു വിരമിക്കുന്നു. അടുത്ത മാസം 10ന് 96 വയസ്സിലെത്തുന്ന രാജകുമാരൻ ഈ സെപ്റ്റംബർ മുതൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതല്ലെന്ന് ബക്കിങ്ങാം കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. രാജകുമാരന്റെ വിരമിക്കൽ തീരുമാനം എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ചുമതലകളെ ബാധിക്കില്ലെന്നും കൊട്ടാരം കേന്ദ്രങ്ങൾ വെളിപ്പെടുത്തി.

രാജ്ഞിയുടെ ഔദ്യോഗിക പരിപാടികളിലും വിദേശ സന്ദർശനങ്ങളിലും അവരെ അനുഗമിക്കുന്ന രാജകുമാരൻ പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിക്കുന്നുണ്ട്. ഇവയോടു തുടർന്നും സഹകരിക്കുമെങ്കിലും സജീവമായ പങ്കാളിത്തം ഉണ്ടാകില്ലെന്നാണു സൂചന.

കേംബ്രിജ്, എഡിൻബറ എന്നിവയടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1947ലായിരുന്നു എലിസബത്ത് രാജ്ഞിയുടെയും ഫിലിപ് രാജകുമാരന്റെയും വിവാഹം. നവംബറിൽ ഇവരുടെ എഴുപതാം വിവാഹ വാർഷികവുമാണ്.