Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയെ പൂട്ടാൻ ചൈനാക്കമ്പനികൾക്കെതിരെ വിലക്കിനു യുഎസ് നീക്കം

trump

വാഷിങ്ടൻ ∙ ഉത്തരകൊറിയൻ ആണവപദ്ധതിക്കുള്ള സഹായം ചൈന തുടരുന്ന സാഹചര്യത്തിൽ, ചൈനീസ് കമ്പനികൾക്കെതിരെ ഉപരോധത്തിനുള്ള സാധ്യതകളും യുഎസ് പരിഗണിക്കുന്നു. ഉത്തരകൊറിയയുടെ സമ്പദ്ഘടനയ്ക്കു താങ്ങായിട്ടുള്ള ചൈനീസ് കമ്പനികളെ വിലക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. മുൻപ് ഇറാനെതിരെ ഇതേ തന്ത്രം പ്രയോഗിച്ചപ്പോഴാണ് അവർ ആണവപദ്ധതി ഉപേക്ഷിച്ച് യുഎസുമായി കരാറിനു തയാറായത്. എന്നാൽ, ഈ നീക്കം ചൈനയുമായുള്ള നയതന്ത്രബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നതും പ്രശ്നമാണ്.

അമേരിക്ക വരെ എത്തുന്ന ഭൂഖണ്ഡാന്തര മിസൈൽ കഴിഞ്ഞദിവസം ഉത്തര കൊറിയ പരീക്ഷിച്ച സാഹചര്യത്തിലാണു കൊറിയയുടെ സഖ്യകക്ഷിയായ ചൈനയ്ക്കെതിരെ ഉപരോധം ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിൽ വന്നത്. ദക്ഷിണ കൊറിയയിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയായതിനാൽ ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടി വേണ്ടെന്ന വാദം യുഎസിൽ ശക്തമാണ്. നിലവിൽ ഒട്ടേറെ ഉപരോധങ്ങളിൽ വലയുന്ന ഉത്തര കൊറിയയുടെ 90% വ്യാപാരബന്ധവും ചൈനയുമായാണ്.

അതേസമയം, ഉത്തരകൊറിയയുടെ പേരു പറഞ്ഞ് ചൈനീസ് കമ്പനികൾക്കും ധനകാര്യസ്ഥാപനങ്ങൾക്കുമെതിരെ യുഎസ് നീങ്ങുന്നതു ശരിയല്ലെന്ന് ചൈന പ്രതികരിച്ചു. രക്ഷാസമിതി അംഗമെന്ന നിലയിൽ, ഉത്തര കൊറിയയ്ക്കെതിരെയുള്ള എല്ലാ യുഎൻ ഉപരോധങ്ങളും നടപ്പാക്കുമെന്നും ചൈന വ്യക്തമാക്കി. മേഖലയുടെ ആണവനിരായുധീകരണത്തിന് ചൈന പ്രതിജ്ഞാബദ്ധമാണെന്നും കൊറിയൻ സംഘർഷത്തിനു സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നും ചൈന പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞു.