Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് സേനാ താവളം ആക്രമിക്കാനുള്ള പദ്ധതി ഉത്തരകൊറിയ പുറത്തുവിട്ടു

Guam Air Base

സോൾ/ഗുവാം ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താക്കീതുകൾ തള്ളിക്കളഞ്ഞ് ‘ഗുവാം ആക്രമണപദ്ധതി’യുമായി ഉത്തര കൊറിയ മുന്നോട്ട്. ആക്രമണ പദ്ധതിയുടെ വിശദാംശങ്ങൾ ഉത്തര കൊറിയ പുറത്തുവിട്ടു. നാലു മധ്യദൂര മിസൈലുകൾ ജപ്പാനു മുകളിലൂടെ ഗുവാം ദ്വീപിന്റെ 30–40 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കു വിക്ഷേപിക്കുകയാണു കൊറിയൻ പദ്ധതി. ഹ്വാസോങ് 12 മിസൈലുകളാണു വിക്ഷേപിക്കുക. ഇവ 17.75 മിനിറ്റ് കൊണ്ടു 3356.7 കിലോമീറ്റർ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തും. മിസൈലിന്റെ യാത്രാപഥം തിരക്കേറിയ വിമാനപാതയിലൂടെയും കപ്പൽപാതയുടെ മുകളിലൂടെയുമാണ്.

ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതിക്ക് ഉത്തര കൊറിയ അന്തിമരൂപം നൽകുമെന്നാണു വിവരം. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അനുമതി കിട്ടുന്ന നിമിഷം മിസൈലുകൾ വിക്ഷേപിക്കും. അമേരിക്കയുടെ ഭാഗമായ ഗുവാം അവരുടെ പ്രധാന സൈനികതാവളം കൂടിയാണ്. എന്നാൽ, യഥാർഥ ആക്രമണമല്ല, മിസൈൽ പരീക്ഷണമാണു കൊറിയ ഉദ്ദേശിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം ഗുവാമിനെ ആക്രമിക്കുമെന്നായിരുന്നു കൊറിയ പറഞ്ഞത്.

guam-attack-project-image-2

എന്നാൽ, ഇന്നലെ പുറത്തുവിട്ട പദ്ധതിയിലുള്ളതു ഗുവാമിനു സമീപത്തേക്കു മിസൈൽ വിക്ഷേപിക്കും എന്നാണ്. ജപ്പാൻ കടലിൽ ഇപ്പോൾ അവർ നടത്തിവരുന്ന മിസൈൽ പരീക്ഷണങ്ങൾ ഗുവാമിന്റെ സമുദ്രപ്രദേശത്തേക്കു മാറ്റുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൊറിയൻ നീക്കത്തെ യുഎസ് അതീവ ഗൗരവമായേ കാണൂ എന്നും വിദഗ്ധർ പറയുന്നു.

യുഎസ് അതിർത്തിയിലേക്കുള്ള ഏതുതരം പ്രകോപനവും, മിസൈൽ പരീക്ഷണ വിക്ഷേപണം ആയാൽപോലും, ദേശീയസുരക്ഷയെ ബാധിക്കുന്ന ഗുരുതര ഭീഷണിയായിട്ടാകും അവർ കാണുക – വിദഗ്ധർ വിലയിരുത്തുന്നു. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ഇന്നലെയും ലോകവിപണിയിൽ ഇടിവുണ്ടായി. ദക്ഷിണ കൊറിയയിൽ ഓഹരിവില രണ്ടുമാസത്തിനിടെ ഏറ്റവും താണ നിലയിലായി.

വാക്പോര് തുടരുന്നു

ഇതിനിടെ, യുഎസും ഉത്തര കൊറിയയും വാക്പോരു തുടരുകയാണ്. ഡോണൾഡ് ട്രംപിനെ ‘യുക്തിയില്ലാത്തവൻ’ എന്നു വിശേഷിപ്പിച്ച കൊറിയ, തലയ്ക്കടി കൊടുത്താൽ മാത്രമേ അമേരിക്ക പാഠം പഠിക്കൂ എന്നും കൂട്ടിച്ചേർത്തു. തങ്ങളുടെ അണ്വായുധശേഖരം മറ്റാരുടേതിനെക്കാളും ശക്തമാണെന്നു ട്രംപ് ട്വിറ്ററിൽ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു കൊറിയയുടെ പ്രതികരണം വന്നത്. നേരത്തേ, അമേരിക്കയെ തൊട്ടുകളിച്ചാൽ ലോകം മുൻപു കണ്ടിട്ടില്ലാത്ത തരത്തിൽ ‘തീ കൊണ്ടു തിരിച്ചടിക്കും’ എന്നു ട്രംപ് പറഞ്ഞിരുന്നു. ‘ശുദ്ധമണ്ടത്തരം’ എന്നാണു കൊറിയ ഇതിനോടു പ്രതികരിച്ചത്.

ഉത്തര കൊറിയൻ ഭീഷണിയെ ഗുവാം ഗവർണർ എഡി കാൽവോ ചിരിച്ചുതള്ളി. ‘ബീച്ചുകൾ ആസ്വദിക്കൂ’ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. പസഫിക് സമുദ്രത്തിൽ ജപ്പാനും കൊറിയൻ ഉപദ്വീപിനും സമീപത്തുള്ള ഗുവാം ടൂറിസ്റ്റുകളുടെ ആകർഷണകേന്ദ്രം കൂടിയാണ്.