Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇർമ ഇന്ന് ഫ്ലോറിഡയിൽ; 56 ലക്ഷം പേരെ ഒഴിപ്പിച്ചു

Hurricane Irma യുഎസ് തീരത്തേക്കു നീങ്ങുന്ന ഇർമ ചുഴലിക്കൊടുങ്കാറ്റ്, ഫ്രഞ്ച്– ഡച്ച് അധീനതയിലുള്ള കരീബിയൻ ദ്വീപായ സെന്റ് മാർട്ടിൻ പ്രദേശത്തുണ്ടാക്കിയ നാശനഷ്ടം.

മിയാമി ∙ ക്യൂബയിൽ നാശം വിതച്ച ശേഷം യുഎസിലേക്കു നീങ്ങിയ ഇർമ ചുഴലിക്കാറ്റിൽ നിന്നു രക്ഷ തേടി ഫ്ലോറി‍ഡയിൽ 56 ലക്ഷം പേരെ ഒഴിപ്പിച്ചു. കീസ് ദ്വീപസമൂഹത്തിൽ നിന്ന് ഇന്നു പുലർച്ചെയാണ് ഇർമ ഫ്ലോറിഡയിൽ കരയിലേക്കു പ്രവേശിക്കുക. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിൽ ജനസംഖ്യയുടെ കാൽഭാഗത്തോളം പേരെയാണ് ഒഴിപ്പിച്ചത്.

mexico-earth-quake തെക്കു പടിഞ്ഞാറൻ മെക്സിക്കോയിലെ മത്യാസ് റൊമേറോ പട്ടണത്തിൽ ഭൂചലനത്തെത്തുടർന്ന് അപകടത്തിലായ ഹോട്ടൽ കെട്ടിടത്തിനു മുന്നിൽ സൈനികർ കാവൽ നിൽക്കുന്നു.

കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളിൽ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്ലോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടർന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീർന്നു. 1992ൽ വീശിയടിച്ച ആൻഡ്രൂ ചുഴലിക്കാറ്റിനേക്കാൾ വിനാശകാരിയാണ് ഇർമയെന്നാണു വിലയിരുത്തൽ. അന്ന് 65 പേരാണു മരിച്ചത്. മെക്സിക്കോയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. വ്യാഴാഴ്ച രാത്രിയാണ് 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഇന്നലെ പുലർച്ചെ ക്യൂബയുടെ വടക്കൻ തീരത്ത് എത്തിയപ്പോൾ ഇർമയുടെ വേഗം മണിക്കൂറിൽ 245 കിലോമീറ്ററായി കുറഞ്ഞ് കാറ്റഗറി നാലിലേക്കു തരം താണിരുന്നു. ഫ്ലോറിഡയിലെത്തുമ്പോൾ വേഗം വീണ്ടും കൂടുമോ എന്നാണ് ആശങ്ക. കരീബിയൻ ദ്വീപുകളിലുണ്ടായതിനു സമാനമായ നാശനഷ്ടമാണു ക്യൂബയിലും ഇർമ വിതച്ചത്. വടക്കൻ തീരത്തുള്ള റിസോർട്ടുകളിൽ നിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികളെ സർക്കാർ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇർമ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. ഹോട്‌ലൈൻ: 202-258-8819.

related stories