Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴികാട്ടികളാവുക: യുവാക്കളോടു മാർപാപ്പ

pope ബംഗ്ലദേശ് സന്ദർശനത്തിലെ അവസാന പരിപാടിയായ നോത്ര ദാം സർവകലാശാലയിലെ യുവജനങ്ങളുടെ സമ്മേളനത്തിൽ നൃത്തമവതരിപ്പിച്ച വിദ്യാർഥിനികളെ അഭിനന്ദിക്കുന്ന ഫ്രാൻസിസ് മാർപാപ്പ. ചിത്രം: റിജോ ജോസഫ്

ധാക്ക (ബംഗ്ലദേശ്) ∙ യുവാക്കളുമായി സംവദിച്ചും യുവത്വത്തിന്റെ ഊർജമുൾക്കൊണ്ടും ഫ്രാൻസിസ് മാർപാപ്പ ബംഗ്ലദേശ് സന്ദർശനം പൂർത്തിയാക്കി. ചരിത്രമുറങ്ങുന്ന നോത്ര ദാം സർ‌വകലാശാലയിൽ വിവിധ മതസ്ഥരായ വിദ്യാർഥികൾക്കു നടുവിൽ നിന്ന് അദ്ദേഹം പറഞ്ഞു: നിങ്ങളിൽ നിന്ന് എന്നിലേക്ക് ഊർജസ്വലതയുടെ വിദ്യുത്‌പ്രവാഹമുണ്ടാകുന്നു. നിങ്ങൾ ലോകത്തിന്റെ ശക്തിയാകുന്നു. വഴിപിഴയ്ക്കാതിരിക്കുക; വഴികാട്ടുക. യുവാക്കൾ പ്രതിവചിച്ചു: അങ്ങ് ഏറെ നാൾ ജീവിക്കട്ടെ. ലോങ് ലിവ് പോപ് ഫ്രാൻസിസ്!

യുവാക്കളെ നിർഭയരെന്നു വിളിച്ച ബംഗ്ലദേശ് കവി കാസി നസ്രുൽ ഇസ്‌ലാമിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു മാർപാപ്പയുടെ പ്രസംഗം. നിങ്ങളുടെ ആവേശം സാഹസികതയോടു ചേർന്നത്. നിങ്ങൾ എപ്പോഴും മുന്നോട്ടു കുതിക്കാനൊരുങ്ങുന്നു. സമയം നന്നെങ്കിലും അല്ലെങ്കിലും ഇതേ ഊർജം നിലനിർത്തുക: നബിദിനത്തിൽ, സമീപത്തെ പള്ളിയിൽ നിന്ന് അസർ നമസ്കാരത്തിന്റെ ബാങ്കുവിളി മുഴങ്ങുന്നതിനിടെ മാർപാപ്പ ആശംസിച്ചു. 

ഭാഷയുടെ അതിരുകൾ മറികടക്കുന്നതായി, ലത്തീൻ ഭാഷയിലെ ഉദ്ബോധനം. സർവകലാശാലാ അങ്കണത്തിൽ തിങ്ങിനിറഞ്ഞ യുവാക്കൾ ആവേശാരവങ്ങളോടെ, പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടി തീർത്താണ് അദ്ദേഹത്തെ വരവേറ്റത്. പ്രസംഗത്തിനു മുൻപ്, സദസ്സിനിടയിലെ കൈവഴികളിലൂടെ മാർപാപ്പ ചെറിയ വൈദ്യുത വാഹനത്തിൽ നീങ്ങിയപ്പോഴൊക്കെ അദ്ദേഹത്തിന്റെ കരം ഗ്രഹിക്കാൻ അവർ മത്സരിച്ചു.

‘മനസ്സു മടുക്കരുത്. പ്രശ്നങ്ങളും ദുഃഖങ്ങളും തോൽപിക്കുന്നുവെന്നു തോ‌ന്നിയാലും മുന്നോട്ടു പോകുക. ഈശ്വരനെ ചക്രവാളത്തിലെങ്ങും കാണാതെ വന്നാലും പതറിപ്പോകരുത്. ജീവിതം സഫലമായ യാത്രയാവണം. ദൈവികമായി തയാർ ചെയ്യപ്പെട്ട കംപ്യൂട്ടർ സോഫ്റ്റ്‌വെയറാണത്. വെല്ലുവിളികളെ നേരിടാൻ അതു നിരന്തരം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക’യെന്നു യുവാക്കൾക്കു പെട്ടെന്നു മനസ്സിലാകത്തക്കവിധം മാർപാപ്പ ഉപദേശിച്ചു. 

യുവാക്കളെ സംബോധന ചെയ്തു പര്യടനം അവസാനിപ്പിക്കുന്ന പതിവു മാർപാപ്പ ബംഗ്ലദേശിലും തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം മ്യാൻമർ സന്ദർശനം അദ്ദേഹം അവസാനിപ്പിച്ചതും യുവജന സമ്മേളനത്തിൽ പങ്കെടുത്താണ്. 

പര്യടനത്തിലെ മറ്റു ‌പ്രസംഗങ്ങളിൽ കണ്ടതിലേറെ ഊർജസ്വലനായാണു മാർപാപ്പ നോത്ര ദാമിൽ യു‌വാക്കളോടു സംവദിച്ചത്. ലോകത്തെ ഏറ്റവും ചെറിയ ഭൗതിക രാജ്യത്തിന്റെയും ഏറ്റവും വലിയ ആധ്യാത്മിക സാമ്രാജ്യത്തിന്റെയും തലവൻ അവരിൽ നിന്നു തിരികെയും ഊർജമുൾക്കൊള്ളുകയായിരുന്നു. 1949ൽ കത്തോലിക്കാ സഭ ‌സ്ഥാപിച്ചതാണു നോത്ര ദാം സർവകലാശാല. സർവ മതസ്ഥർക്കുമായി തുറന്നുകൊടുത്തത് 1954ൽ. 

ഫോണിൽ കളിച്ചു സമയം കളയരുത് 

മതങ്ങളും ജനതയും സമൂഹവും ചെറുലോകങ്ങളിലേക്കു ചുരുങ്ങരുത്; അങ്ങനെയായാൽ ഞാൻ മാത്രമാണു ശരിയെന്നും നിങ്ങൾ തെറ്റാണെന്നും തോന്നിത്തുടങ്ങും: നോത്ര ദാം സർവകലാശാലയിൽ യുവാക്കളുടെ സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മുഴുവൻ സമയവും ഫോണിൽ കളിച്ചു കളയരുത്. ചുറ്റുമുള്ള ലോകത്തെ അവഗണിച്ചു തള്ളരുത്! അദ്ദേഹം ഉപദേശിച്ചു. സ്വയം ഒതുങ്ങിക്കൂടുന്നുവെന്ന വിമർശനം അദ്ദേഹം ത‌ന്റെ സഭയ്ക്കു നേരെയും മുൻപു നടത്തിയിരുന്നു. ‘എനിക്കു വേണ്ടതു ചേറും ചെളിയുമുള്ള സഭയെയാണ്; തെരുവിൽ പരുക്കേറ്റു കിടക്കുന്ന സഭയെയാണ്,’ ‌എന്ന വാചകം ഏറെ ചർച്ച ചെയ്യ‌പ്പെട്ടത്. 

മാർപാപ്പ മദർ തെരേസ ഭവനത്തിൽ 

മദർ തെരേസ സ്ഥാപിച്ച തേജ്‌ഗാവ് ഭവനവും ആശുപത്രിയും സന്ദർശിച്ച മാർപാപ്പ അന്തേവാസികളെ ആശീർവദിച്ചു. ബംഗ്ലദേശ് സ്വാതന്ത്ര്യസമരകാലത്തു പട്ടാളക്കാരുടെ പീഡനത്തിനിരയായ സ്ത്രീകൾക്കും അവിവാഹിത അമ്മമാർക്കും വേണ്ടിയാണ് ഈ ഭവനം സ്ഥാപിച്ചത്. ഇപ്പോൾ അശരണരും കുട്ടികളും അന്തേവാസികളായുണ്ട്. 

ചുക്കാൻ പിടിച്ചതു മലയാളികൾ

മാർപാപ്പയുടെ ബംഗ്ലദേശ് സന്ദർശനത്തിനു ചുക്കാൻ പിടിച്ചതു ബം‌ഗ്ലദേശിലെ വത്തിക്കാൻ സ്ഥാനപതി (നുൺഷ്യോ) ആർച്ച് ബിഷപ് മാ‌ർ ജോർജ് കോച്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം. പ‌ര്യടനകാലത്തു മാർപാപ്പ വത്തിക്കാൻ സ്ഥാനപതികാര്യാലയത്തിൽ താമസിച്ചതുകൊണ്ട് മാർ കോച്ചേരി ‌മാർപാപ്പയുടെ ‘ആതിഥേയനു’മായി. ധ്യാനഗുരുവും എറണാകുളം ആമ്പല്ലൂർ സ്വ‌ദേശിയുമായ ഫാ. ജോർജ് പൊന്നാട്ടും ഒരുക്കങ്ങൾക്കു നേതൃത്വം നൽ‌കി. മാധ്യമങ്ങളുടെ ഏകോപനച്ചുമതലയും ഫാ. ജോർജിനായിരുന്നു. 

പരദൂഷണം ഭീകരതയെന്നു മാർപാപ്പ

പരദൂഷണത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ്. വൈദികരും സ‍‍ന്യാസിനികളും ഉൾപ്പെട്ട സദസ്സിനു നൽകിയ സ‌ന്ദേശത്തിലാണു ‘പരദൂഷണമാകുന്ന ഭീകരപ്രവർത്തനത്തിൽ നിന്നു വിട്ടുനിൽക്കാൻ’ മാർപാപ്പ ആവശ്യപ്പെട്ടത്. തയാറാക്കിക്കൊണ്ടുവന്ന എട്ടു പേജ് പ്രസംഗം മാറ്റി വച്ചുകൊണ്ടായിരുന്നു അത്. ‘പകരം ഹൃദയത്തിൽ നിന്നു സംസാരിക്കാം. അതു മെച്ചമാകുമോയെന്നുറപ്പില്ല. എന്നാൽ, ബോറടി കുറയുമെന്നുറപ്പ്’– അദ്ദേഹം പറഞ്ഞു. 

പരദൂഷണത്തിന്റെ ബോംബ് ആധ്യാത്മിക ജീവിതത്തെ തകർക്കാൻ പോന്നതാണ്. അതിൽ നിന്നു വിട്ടുനിൽക്കുക, അതിനെതിരെ കരുതിയിരിക്കുക. വ്യക്തിപരമായ അനുഭവത്തിന്റെകൂടി വെളിച്ചത്തിലാ‌ണ് ഇതു പറയുന്നതെന്നും മാർപാപ്പ വെളിപ്പെടുത്തി.