Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവക്കരാറിൽ കാര്യമായ ഭേദഗതി വേണമെന്ന് യുഎസ്; പറ്റില്ലെന്ന് ഇറാൻ

ടെഹ്റാൻ ∙ ആണവക്കരാർ നിലനിൽക്കണമെങ്കിൽ കർശനമായ പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർക്കണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെ, ഇറാനിലെ നീതിന്യായ സംവിധാനത്തിന്റെ തലവൻ അടക്കമുള്ളവർക്കെതിരെ യുഎസ് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. വൻശക്തികളുമായുള്ള 2015ലെ ആണവക്കരാറിൽ ഒരു ഭേദഗതിയും അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ ഇറാൻ, യുഎസ് നടപടിയെ അപലപിച്ചു. ഇറാനു പിന്തുണയുമായി റഷ്യ രംഗത്തെത്തി.

ആണവക്കരാറിലെ ഗുരുതരമായ പിഴവുകൾ പരിഹരിക്കാൻ യൂറോപ്പിലെ വൻശക്തികൾ യുഎസുമായി സഹകരിച്ചില്ലെങ്കിൽ കരാറിൽനിന്നു പിൻമാറുമെന്നു യുഎസ് പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈൽ പദ്ധതികൾക്കു വിലക്കേർപ്പെടുത്തണമെന്നാണു യുഎസിന്റെ പ്രധാന ആവശ്യം. ഇറാനിലെ മനുഷ്യാവകാശ പ്രശ്നങ്ങളും സെൻസർഷിപ്പും കരാറിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ, ആണവക്കരാറിൽ മാറ്റം അംഗീകരിക്കില്ലെന്നും ആണവേതര പ്രശ്നങ്ങൾ കരാറുമായി ബന്ധപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഇറാന്റെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

മനുഷ്യാവകാശ ലംഘനങ്ങളും സെൻസർഷിപ്പും ആരോപിച്ച് 14 ഇറാൻ പൗരൻമാർക്കും സ്ഥാപനങ്ങൾക്കുമാണു യുഎസ് ട്രഷറി വകുപ്പ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. ഇക്കൂട്ടത്തിൽ ഇറാന്റെ ജുഡീഷ്യറിയുടെ തലവനായ ആയത്തുല്ല സാദിഖ് ലാറിജാനിയും ഉൾപ്പെടുന്നു. ഇറാന്റെ പരമോന്നത നേതാവായ ആയുത്തുല്ല അലി ഖമനയിയുടെ വിശ്വസ്തനാണു സാദിഖ് ലാറിജാനി. ‌സ്ഥാപനങ്ങളിൽ ഇറാൻ നാഷനൽ സൈബർ സ്പേസ് സെന്ററും സുപ്രീം കൗൺസിൽ ഫോർ സൈബർ സ്പേസും ഉണ്ട്. ഇന്റർനെറ്റ് നിയന്ത്രണങ്ങളുടെ പേരിലാണിത്.

പുതിയ ഉപരോധങ്ങളിലൂടെ എല്ലാ അതിരുകളും ലംഘിച്ച യുഎസ് നടപടി, ശത്രുതാപരമാണെന്നും ഇറാൻ കുറ്റപ്പെടുത്തി. ആണവേതര മേഖലകളിലെ ഉപരോധം കരാർ വ്യവസ്ഥകളെ അട്ടിമറിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി. ‘അങ്ങേയറ്റം നിഷേധാത്മകം’ എന്നാണ് ഇറാന്റെ സഖ്യകക്ഷിയായ റഷ്യയുടെ പ്രതികരണം. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരെയുള്ള യുഎസ് ഉപരോധങ്ങൾ, ആണവക്കരാറിന്റെ അടിസ്ഥാനത്തിൽ ഏതാനും മാസം കൂടുമ്പോൾ റദ്ദുചെയ്യുകയാണു പതിവ്. ട്രംപ് ഇത്തവണയും ആണവ ഉപരോധങ്ങൾ ഇളവു ചെയ്തെങ്കിലും ഇത് ഇറാനുള്ള ‘അവസാന അവസരം’ ആണെന്നാണു വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്.