Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ‘വ്യാജവാർത്താ പുരസ്കാരം’ ന്യൂയോർക്ക് ടൈംസിന്; പ്രമുഖ മാധ്യമങ്ങളെല്ലാം പട്ടികയിൽ

Donald Trump

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘വ്യാജവാർത്താ പുരസ്കാരം’ ന്യൂയോർക്ക് ടൈംസിന്. എബിസി ന്യൂസ്, സിഎൻഎൻ, ടൈം, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും ട്രംപിന്റെ പുരസ്കാരപ്പട്ടികയിലുണ്ട്. ട്വിറ്ററിലാണു ട്രംപ് അവാർഡ് പ്രഖ്യാപിച്ചത്. തനിക്കും തന്റെ ഭരണത്തിനുമെതിരെ നിരന്തരം വ്യാജവാർത്തകൾ പടച്ചുണ്ടാക്കുകയാണു പ്രമുഖ യുഎസ് മാധ്യമങ്ങളെന്നാണു ട്രംപിന്റെ ആരോപണം. തിരഞ്ഞെടുപ്പു കാലത്തും ഭരണത്തിലെത്തിയ ശേഷവും മാധ്യമങ്ങളുമായി സംഘർഷഭരിതമായ ബന്ധമാണു ട്രംപിന്.

ട്രംപ് തിരഞ്ഞെടുപ്പു ജയിച്ച ദിവസം, യുഎസ് സമ്പദ്‍വ്യവസ്ഥ തകർച്ചയിൽനിന്ന് ഒരിക്കലും കരകയറില്ലെന്നു റിപ്പോർട്ട് കൊടുത്തതിനാണു ന്യൂയോർക്ക് ടൈംസിന് ഒന്നാം സ്ഥാനം നൽകിയത്. സാമ്പത്തിക നൊബേൽ ജേതാവ് പോൾ ക്രുഗ്‍മാനാണ് ഈ വാർത്തയെഴുതിയത്. തിരഞ്ഞെടുപ്പിനു മുൻപു റഷ്യയുമായി ബന്ധപ്പെടാൻ ട്രംപ് ശ്രമിച്ചുവെന്നു റിപ്പോർട്ട് ചെയ്ത എബിസി ന്യൂസിന്റെ ബ്രയാൻ റോസാണു രണ്ടാം സ്ഥാനത്ത്. വിക്കിലീക്സ് രേഖകൾ ട്രംപിനും മകൻ ട്രംപ് ജൂനിയറിനും ലഭിച്ചു എന്നു റിപ്പോർട്ട് ചെയ്ത സിഎൻഎൻ മൂന്നാമതെത്തി.

വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽനിന്നു മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രതിമ നീക്കം ചെയ്തുവെന്നു റിപ്പോർട്ട് ചെയ്ത ടൈം മാഗസിൻ നാലാം സ്ഥാനവും ട്രംപ് ഫ്ലോറിഡയിൽ നടത്തിയ റാലിയിൽ ആളില്ലായിരുന്നുവെന്നു റിപ്പോർട്ട് ചെയ്ത വാഷിങ്ടൺ പോസ്റ്റ് അഞ്ചാം സ്ഥാനവും നേടി. കപടമാധ്യമങ്ങൾ തന്റെ ഭരണത്തിന്റെ യഥാർഥ നേട്ടങ്ങൾ മറച്ചുവച്ചു വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണെന്നു ട്വീറ്റിൽ ട്രംപ് ആരോപിച്ചു.