Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെന്റൽ വിദ്യാർഥിയായ ഫ്രഞ്ചുകാരിക്ക് മിസ് യൂണിവേഴ്സ് കിരീടം

PHILIPPINES-ENTERTAINMENT-MISS UNIVERSE മിസ് യൂണിവേഴ്സ് ഈറിസ് മിറ്റെനെയ്ർ(മധ്യത്തിൽ), സെക്കൻഡ് റണ്ണറപ്പ് ആൻഡ്രിയ ടൊവാർ (കൊളംബിയ)(ഇടത്), ഫസ്റ്റ് റണ്ണറപ്പ് റാക്വേൽ പെലിസിയർ (ഹെയ്റ്റി)(വലത്)

മനില∙ അവതാരകൻ സ്റ്റീവ് ഹാർവിക്ക് ഇത്തവണ പേരു തെറ്റിയില്ല. ഫിലിപ്പീൻസ് വേദിയൊരുക്കിയ മിസ് യൂണിവേഴ്സ് മൽസരത്തിൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയത് ഫ്രഞ്ച് സുന്ദരി ഈറിസ് മിറ്റെനെയ്ർ.

ഡെന്റൽ സർജറിയിൽ ബിരുദപഠനം നടത്തുന്ന പാരിസുകാരി ഇനി ഫ്രാൻസിന്റെ താരം. കാരണം, മിസ് യൂണിവേഴ്സ് ചരിത്രത്തിൽ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ ഫ്രഞ്ചുകാരി കിരീടം ചൂടിയിട്ടുള്ളൂ.

24 വയസാണു ഈറിസിന്റെ പ്രായം. സുന്ദരിപ്പട്ടം നേടിയതോടെ സാമൂഹികപ്രവർത്തനത്തിലേക്കും ഇനി തിരിഞ്ഞേക്കും. കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും നല്ല വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളിലും സുന്ദരിയുണ്ടാകും. പല്ലുകളും വായയും ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ബോധവൽക്കരണം നടത്താനും ഡെന്റൽ സർജറി പഠിക്കുന്ന ഈറിസിനു മോഹമുണ്ട്.

കഴിഞ്ഞ വർഷത്തെ പരിപാടിയിൽ വിജയിയുടെ പെരു തെറ്റിച്ചു വാർത്തയുണ്ടാക്കിയ സ്റ്റീവ് ഹാർവി സ്വന്തം അമളിയെക്കുറിച്ചു തമാശ പറഞ്ഞുകൊണ്ടാണു വേദിയിലെത്തിയത്. ഇന്ത്യ‍ൻ സുന്ദരി റോഷ്മിത ഹരിമൂർത്തി അവസാന റൗണ്ടിലെത്താതെ പുറത്തായി. 1994ൽ മിസ് യൂണിവേഴ്‍സ് കിരീടം ചൂടിയ ബോളിവുഡ് താരം സുസ്മിത സെൻ വിധികർത്താക്കളിലൊരാളായിരുന്നു.

Your Rating: