Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പഴയ ‘തീ’ ഇപ്പോഴും ഉള്ളിലുണ്ട്, മികച്ച പ്രകടനത്തിനു കാത്തിരിക്കൂ: ആരാധകരോട് യുവി

yuvraj-sachin യുവരാജ് സിങ് മുംബൈ ടീം മെന്ററായ സച്ചിൻ തെൻഡുൽക്കറിനൊപ്പം.

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ആദ്യ റൗണ്ടിൽ ആരും വാങ്ങാതെ പോയതിൽ നിരാശയില്ലെന്ന് യുവരാജ് സിങ്. രണ്ടാമതു ലേലത്തിനെത്തുമ്പോൾ ആരെങ്കിലും വിളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അതു മുംബൈ ഇന്ത്യൻ ആയതിൽ അതിയായ സന്തോഷമുണ്ടെന്നും യുവരാജ് പ്രതികരിച്ചു. കളത്തിൽ മിന്നുന്ന പ്രകടനങ്ങൾ പുറത്തെടുക്കാനുള്ള കരുത്തും ദാഹവും ഇപ്പോഴും തന്നിൽ അവശേഷിക്കുന്നുണ്ടെന്നും യുവരാജ് വ്യക്തമാക്കി.

‘ഇപ്പോഴും എന്നിൽ ആ പഴയ കരുത്തുണ്ട്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമം ഇത്തവണ ഉറപ്പായും ഉണ്ടാകും’ – യുവി പറഞ്ഞു. റൺസിനും വിക്കറ്റിനുമായുള്ള ദാഹം ഇപ്പോഴുമുണ്ട്. കളിക്കാൻ വേണ്ടി കളിക്കുന്ന ആളല്ല ഞാൻ. കളിയോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് എന്നെ നയിക്കുന്നത്. ഇക്കുറി ചില തകർപ്പൻ പ്രകടനങ്ങൾ പ്രതീക്ഷിക്കാം. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസവും എനിക്കുണ്ട്’ – മുപ്പത്തിയേഴുകാരനായ യുവി പറഞ്ഞു.

‘ആദ്യ റൗണ്ടിൽ ആരും വാങ്ങാതെ പോയതിൽ തെല്ലും നിരാശയില്ല. അതെനിക്കു തന്നെ അറിയാവുന്ന കാര്യമായിരുന്നു. കാരണം വ്യക്തമാണ്. ഒരു ഐപിഎൽ ടീം രൂപീകരിക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും യുവാക്കൾക്കായിരിക്കും പ്രാമുഖ്യം. എന്നെ സംബന്ധിച്ച് ഞാൻ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. എങ്കിലും ഒന്നുകൂടി ലേലത്തിനു വയ്ക്കുമ്പോൾ വാങ്ങാൻ ആളുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു’ – യുവി പറഞ്ഞു.

‘ഇത്തവണ മുംബൈ ആയിരിക്കും എന്റെ ടീമെന്ന തോന്നൽ എങ്ങനെയോ ആദ്യം മുതലേ എന്റെയുള്ളിൽ ഉണ്ടായിരുന്നു. ഈ വർഷം ഐപിഎല്ലിൽ അവസരം ലഭിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അത് ലഭിച്ചു. എന്നെക്കുറിച്ച് ആകാശ് അംബാനി പറഞ്ഞ നല്ല കാര്യങ്ങൾക്കും പ്രകടിപ്പിച്ച ആത്മവിശ്വസാനത്തിനും നന്ദി.’

‘മുംബൈ എനിക്കു ചിരപരിചിതമായ ടീമാണ്. മുംബൈ ടീം ഡയറക്ടർ സഹീർ ഖാൻ, മെന്റർ സച്ചിൻ തെൻഡുൽക്കർ‌, ക്യാപ്റ്റൻ രോഹിത് ശർമ തുടങ്ങിയവർ അവിടെയുണ്ട്. ഇവർക്കെല്ലാം ഒപ്പം കളിച്ചിട്ടുള്ള ആളാണ് ഞാൻ. ഒരിക്കൽക്കൂടി ഇവരുമായി കൈകോർക്കാൻ കാത്തിരിക്കുകയാണ്. നമുക്ക് മികച്ച പിന്തുണ ഉണ്ടായിരിക്കുകയും അതു നമ്മെ പ്രചോദിപ്പിക്കുകയും ചെയ്താൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അതു കരുത്തു പകരും’ – യുവി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ തനിക്കായില്ലെന്നും യുവി സമ്മതിച്ചു. ‘കഴിഞ്ഞ സീസൺ അത്ര മികച്ചതായിരുന്നില്ലെന്ന് സമ്മതിക്കുന്നു. അവിടെ കളിച്ച അഞ്ചു മൽസരങ്ങളിൽ എല്ലാറ്റിലും വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളാണ് എനിക്കു തന്നിരുന്നത്. സ്ഥിരമായി ഒരു പൊസിഷൻ ഉണ്ടായിരുന്നില്ല. ഇത്തവണ എനിക്കു ലഭിച്ച അവസരം ഏറ്റവും മികച്ച രീതിയിൽ പുറത്തെടുക്കാനുള്ള ശ്രമം ഉണ്ടാകും’ – യുവി പറഞ്ഞു.

കരിയറിൽ ഒരു ടീമിലും ഉറച്ചുനിൽക്കാനാകാതെ പോയതിൽ ചെറിയ നിരാശയുണ്ടെന്നും യുവി സമ്മതിച്ചു. ‘ശരിയാണ്. ഞാൻ കളിക്കാതിരുന്ന ഒന്നോ രണ്ടോ ടീമേ ഐപിഎല്ലിൽ ഉള്ളൂ. കരിയറിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിരുന്നു. എങ്കിലും ഒരു ടീമിലും ഉറച്ചുനിൽക്കാനായില്ല എന്നതു ശരിയാണ്. 2013ൽ ആർസിബിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും അവിടെയും തുടരാൻ കഴിഞ്ഞില്ല. അടുത്ത ലേലത്തോടെ ഞാൻ ഡൽഹിയിലേക്കു പോയി. അവിടെനിന്ന് ഹൈദരാബാദിലേക്കും. എങ്കിലും എന്റെ കരിയറിന്റെ അവസാന വർഷങ്ങൾ മുംബൈയ്ക്കൊപ്പമാണെന്നതിൽ അതിയായ സന്തോഷം’ –  യുവി പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയുന്ന കാര്യത്തിൽ 2019 ലോകകപ്പിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും യുവി വ്യക്തമാക്കി. കരിയറിനെക്കുറിച്ച് വ്യക്തമായൊരു വിലയിരുത്തൽ നടത്തേണ്ടതുണ്ട്. എന്നെ സംബന്ധിച്ച് ക്രിക്കറ്റിൽ അടുത്ത മൂന്നു നാലു മാസങ്ങൾ വളരെ നിർണായകമാണ്. എന്റെ പൂർണ ശ്രദ്ധ അതിലാണ്’ – യുവരാജ് വ്യക്തമാക്കി.