Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടഗോളുകളുമായി മെസ്സിയുടെ ഗർജനം; റയലിനെ വീഴ്ത്തി ബാർസിലോന - ഗോളുകൾ കാണാം

Lional-Messi ബാർസയ്ക്കായി ഇരട്ടഗോൾ നേടിയ സൂപ്പർതാരം ലയണൽ മെസ്സിയുടെ ആഹ്ലാദം.

മഡ്രിഡ്∙ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ബാർസിലോന. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ടഗോളുകളുമായി (39, 90) അവതരിച്ച മൽസരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാർസയുടെ ജയം. മൽസരത്തിന്റെ അവസാന മിനിറ്റിലായിരുന്നു മെസ്സിയുടെ വിജയഗോൾ. ബാർസയ്ക്കായുള്ള മെസ്സിയുടെ 500–ാം ഗോൾ കൂടിയാണിത്. ബാർസയുടെ മൂന്നാം ഗോൾ ഇവാൻ റാക്കിട്ടിച്ച് നേടി. കാസെമിറോ (28), ഹാമിഷ് റോഡ്രിഗസ് (85) എന്നിവരാണ് റയലിന്റെ സ്കോറർമാർ. ക്യാപ്റ്റൻ സെർജിയോ റാമോസ് ചുവപ്പുകാർഡ് കണ്ടു പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് റയൽ മൽസരം പൂർത്തിയാക്കിയത്.

വിജയത്തോടെ, 33 മൽസരങ്ങളിൽനിന്ന് 75 പോയിന്റുമായി ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ഒരു മൽസരം കുറച്ചു കളിച്ച റയലിനും 75 പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ പിന്നിലായതോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങി. 33 മൽസരങ്ങളിൽനിന്നും 68 പോയിന്റുമായി അത്‍ലറ്റിക്കോ മഡ്രിഡാണ് മൂന്നാമത്. ബാർസയുടെ തട്ടകത്തിൽ നടന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു.

Real-Players ബാർസയോടു തോറ്റ റയൽ താരങ്ങൾ മൽസരശേഷം നിരാശരായി മൈതാനത്തിരിക്കുന്നു.

പരുക്കുമൂലം പുറത്തായിരുന്ന ഗാരത് ബെയ്‍ൽ റയൽ നിരയിൽ തിരിച്ചെത്തിയപ്പോൾ, സസ്പെന്‍ഷനെ തുടർന്ന് പുറത്തിരിക്കുന്ന നെയ്മറെ കൂടാതെയാണ് ബാർസ നിർണായക പോരാട്ടത്തിനിറങ്ങിയത്. മെസ്സിയുടെ ഇരട്ടഗോളുകൾക്കൊപ്പം ഗോളെന്നുറപ്പിക്കാവുന്ന റയൽ താരങ്ങളുടെ അരഡസനോളം നീക്കങ്ങൾ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ ടെർസ്റ്റേഗനും ബാർസയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ബാറിനു കീഴിൽ അത്രതന്നെ ഉജ്വല സേവുകൾ നടത്തിയ റയൽ ഗോൾകീപ്പർ കെയ്‍ലർ നവാസും ആരാധകരുടെ കയ്യടി നേടി.

മൽസരത്തിന്റെ ആദ്യ നിമിഷങ്ങളിൽ റയൽ പ്രതിരോധത്തിലെ കരുത്തൻ മാർസലോയുടെ കൈമുട്ടിടിച്ച് സൂപ്പർ താരം ലയണൽ മെസ്സി ചോരയൊലിപ്പിച്ച് മൈതമാനത്തിരിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. തുടർന്ന് വായിൽ പഞ്ഞി വച്ചാണ് മെസ്സി കളിയിലേക്ക് തിരിച്ചുവന്നത്. പിന്നീട് ഇരട്ടഗോളുകളോടെ മൽസരം ബാർസയ്ക്ക് അനുകൂലമാക്കുകയും ചെയ്തു.

ഗോളുകൾ വന്ന വഴി

റയൽ – ഒന്നാം ഗോൾ: റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ നടന്ന മൽസരത്തിൽ ആരാധകരെ ആവേശത്തിടമ്പേറ്റി ആദ്യം ലീഡ് നേടിയത് ആതിഥേയർ. അപ്പോൾ മൽസരത്തിന് പ്രായം 28 മിനിറ്റ്. ബോക്സിനു പുറത്തുനിന്നും മാർസലോ ഉയർത്തി നൽകിയ പന്ത് ഗോൾപോസ്റ്റിന് വലതുഭാഗത്തുകൂടി പുറത്തേക്ക് നീങ്ങവെ സെർജിയോ റാമോസിന്റെ ഇടപെടൽ. പോസ്റ്റിന് സമാന്തരമായി റാമോസ് ഉയർത്തിവിട്ട പന്ത് കാസെമിറോയുടെ തകർപ്പൻ ഫിനിഷിങ്ങിൽ വലയിൽ. സ്കോർ 1–0.

ബാർസിലോന – ഒന്നാം ഗോൾ: റയലിന്റെ ലീഡിന് അഞ്ചു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. തകര്‍പ്പനൊരു ഗോളുമായി വരവറിയിച്ച ലയണൽ മെസ്സിയിലൂടെയാണ് ബാർസ സമനില പിടിച്ചത്. ബോക്സിന്റെ വലതുമൂലയിൽനിന്നും റാക്കിട്ടിച്ച് നീട്ടിനൽകിയ പന്തുമായി മെസ്സി ബോക്സിനകത്തേക്ക് കുതിച്ചുകയറുമ്പോൾ റയലിന്റെ പേരുകേട്ട പ്രതിരോധനിരക്കാരെല്ലാം ചുറ്റിലുമുണ്ടായിരുന്നു. എന്നാൽ, അതിവേഗത്തിലുള്ള നീക്കത്തിലൂടെ പ്രതിരോധപ്പൂട്ടു പൊളിച്ച മെസ്സി, കെയ്‍ലർ നവാസിനെയും കീഴ്പ്പെടുത്തി പന്ത് വലയിലെത്തിച്ചു. സ്കോർ 1–1.

ബാർസിലോന – രണ്ടാം ഗോൾ: നീണ്ട ഇടവേളയ്ക്കുശേഷം മൽസരത്തിലെ മൂന്നാം ഗോളെത്തിയത് 73–ാം മിനിറ്റിൽ. ഇത്തവണ റയലിന്റെ പ്രതിരോധനിരയെ ഒന്നടങ്കം കാഴ്ചക്കാരാക്കി പന്ത് വലയിലെത്തിക്കാനുള്ള നിയോഗം ഇവാൻ റാക്കിട്ടിച്ചിന്. ബോക്സിന് വെളിയിൽ ലഭിച്ച പന്തിനെ വരുതിയിലാക്കി തടയാനെത്തിയ റയൽ താരത്തെ കട്ട് ചെയ്ത് റാക്കിട്ടിച്ച് തൊടുത്ത ഷോട്ട്, നവാസിന്റെ നീട്ടിയ കൈകളെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പറന്നിറങ്ങി. സ്കോർ 2–1.

റയൽ – രണ്ടാം ഗോൾ: സ്വന്തം കാണികൾക്കു മുന്നിൽ ഗോൾ മടക്കാനുള്ള റയലിന്റെ ശ്രമങ്ങൾക്കിടെ വെള്ളിടി പൊലെ ക്യാപ്റ്റൻ സെർജിയോ റാമോസിന് ചുവപ്പുകാർഡ്. പന്തുമായി മുന്നേറുകയായിരുന്ന മെസ്സിയെ വീഴ്ത്തിയതിനായിരുന്നു ശിക്ഷ. പിന്നാലെ കരിം ബെൻസേമയെ പിൻവലിച്ച് ഹാമിഷ് റോഡ്രിഗസിനെ ഇരക്കി സിദാന്റെ തന്ത്രം. ഈ നീക്കത്തിന് മൂന്നു മിനിറ്റിനുള്ളിൽ ഫലമുണ്ടായി. വിജയമുറപ്പിച്ച ബാർസ ആരാധകരെ ഞെട്ടിച്ച് റോഡ്രിഗസ് റയലിന് സമനില സമ്മാനിച്ചു. ഇത്തവണയും ഗോളടിപ്പിക്കാനുള്ള നിയോഗം മാർസലോയ്ക്ക്. ബോക്സിന് പുറത്ത് ഇടതുമൂലയിൽനിന്നും മാർസലോ ബോക്സിന് സമാന്തരമായി ഉയർത്തിവിട്ട പന്ത് കുതിച്ചെത്തിയ റോഡ്രിഗസ് വലയിലെത്തിച്ചു. സ്കോർ 2–2.

ബാർസിലോന – മൂന്നാം ഗോൾ: മൽസരം 90 മിനിറ്റ് പിന്നിടുമ്പോഴും സ്കോർ 2–2 തന്നെ. മൽസരത്തിന് റഫറി അനുവദിച്ച ഇൻജുറി ടൈം രണ്ടു മിനിറ്റ്. സമനിലയുറപ്പിച്ച റയലിന്റെ വിധി നിർണയിക്കാൻ ബാർസയ്ക്ക് ഈ രണ്ടു മിനിറ്റുകൾ ധാരാളമായിരുന്നു. സ്വന്തം ബോക്സിൽനിന്നും പന്തുമായി കുതിച്ചുകയറിയ ബാർസ താരം സെർജി റോബർട്ടോയുടെ മുന്നേറ്റമാണ് ഗോളിലേക്കെത്തിയത്. തടയാനെത്തിയ റയൽ താരങ്ങളെ ഒന്നൊന്നായി പിന്തള്ളി റോബർട്ടോ എത്തിച്ച പന്ത് ജോർഡി ആൽബ വഴി മെസ്സിയിലേക്ക്. ബോക്സിനുള്ളിൽ അൽപം പോലും അമാന്തം കാണിക്കാതെ മെസ്സിയുടെ തകർപ്പൻ ഫിനിഷിങ്. പന്ത് വല കടന്നതും മൽസരം തീർന്നതും ഒപ്പം. ഗാലറിയിൽ ബാർസ ആരാധകരുടെ ആനന്ദനൃത്തം.