Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

52–ാം സെക്കൻഡിൽ ഗോളടിച്ച് സലാ വരുന്നു; വിജയഗോളടിച്ച് മാനെയുടെ കൂട്ട്

mane-salah ലിവർപൂളിനായി ഗോൾ നേടിയ സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവർ. (ലിവർപൂൾ എഫ്സി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം)

ന്യൂജഴ്സി∙ പകരക്കാരനായി കളത്തിലിറങ്ങി 52–ാം സെക്കൻഡിൽ ഗോളടിച്ച് ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ. ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള രാജ്യാന്തര ചാംപ്യൻസ് കപ്പിലാണ് സലാ ഗോളടിച്ച് വരവറിയിച്ചത്. സലായും സെനഗൽ താരം സാദിയോ മാനെയും നേടിയ ഗോളുകളുടെ മികവിൽ പിന്നിൽനിന്നും തിരിച്ചടിച്ച് ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തുകയും ചെയ്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. സിറ്റിയുടെ ഗോൾ ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതിരുന്ന ജർമൻ താരം ലിറോയ് സാനെ നേടി.

ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൽസരത്തിലെ മൂന്നു ഗോളുകളും പിറന്നത്. 57–ാം മിനിറ്റിൽ ലിറോയ് സാനെയിലൂടെ മാഞ്ചസ്റ്റർ സിറ്റിയാണ് ലീഡെടുത്തത്. എന്നാൽ, 63–ാം മിനിറ്റിൽ കളത്തിലിറങ്ങിയ സലാ മൽസരമാകെ കീഴ്‌മേൽ മറിച്ചു. കളത്തിലിറങ്ങി 52–ാം സെക്കൻഡിൽ തന്നെ ഹെഡർ ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചു.

ഗോൾ നേടുമ്പോൾ സലാ ഓഫ്സൈഡായിരുന്നെങ്കിലും റഫറി ഇക്കാര്യം ശ്രദ്ധിക്കാതിരുന്നത് ലിവർപൂളിന് ഭാഗ്യമായി. മുഴുവൻ സമയത്തും ഇരുടീമുകളും തുല്യത പാലിച്ചെങ്കിലും ഇൻജുറി ടൈമിൽ ലഭിച്ച പെനൽറ്റി ലിവർപൂളിന് വിജയം സമ്മാനിച്ചു. രണ്ട് സുവർണാവസരങ്ങൾ പാഴാക്കിയ സാദിയോ മാനെ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ടീമിനെ വിജയത്തിലെത്തിച്ചു.