Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 മിനിറ്റിനിടെ നാലു ഗോൾ; പുണെയെ വീഴ്ത്തി ഡൽഹിക്കു വിജയത്തുടക്കം

Pune-Delhi പുണെയിൽ നടന്ന ഡൽഹി ഡൈനാമോസ്–പുണെ സിറ്റി എഫ്സി മൽസരത്തിൽനിന്ന്.

പുണെ∙ കഴിഞ്ഞ സീസണിലെ ഗോളടി വീരൻമാരായ മാഴ്സലീഞ്ഞോയും കീൻ ലൂയിസും പോയിട്ടും ഡൽഹി ഡൈനമോസ് തളർന്നില്ല. ഐഎസ്എലിൽ ഇരുവരുടെയും പുതിയ ടീമായ പുണെയെ ഷോക്കടിപ്പിച്ചു തന്നെ ഡൽഹി തുടങ്ങി. പുണെയുടെ മൈതാനത്ത് 3–2നാണ് ഡൽഹിയുടെ ജയം. പൗളീഞ്ഞോ ഡയസ്, ലാൽറിൻസുവാല ചാംഗ്തെ, മാറ്റിയാസ് മിറാബ്ജെ എന്നിവർ ഡൽഹിയുടെ ഗോളുകൾ നേടി. എമിലിയാനോ അൽഫാരോയും മാർക്കോസ് ടെബാറുമാണ് പുണെയുടെ സ്കോറർമാർ.

മുൻ ലിവർ‌പൂൾ താരമായ അൽഫാരോയെ മുന്നിൽ നിർത്തി 4–3–2–1 ഫോർമേഷനിലാണ് പുണെ കോച്ച് റാൻകോ പൊപോവിച്ച് ടീമിനെ ഇറക്കിയത്. ജ്യുവൽ രാജയും മാഴ്സലീഞ്ഞോയും തൊട്ടു പിന്നിൽ. കാളു ഉച്ചെ, മിറാബ്ജെ എന്നിവരെ സ്ട്രൈക്കർമാരാക്കി ചാംഗ്തെയെയും ഗുയോൻ ഫെർണാണ്ടസിനെയും വിങിലേക്കു നിയോഗിച്ചാണ് പുണെ കോച്ച് മിഗ്വേൽ ഏഞ്ചൽ പോർച്ചുഗൽ ടീമിനെ ഇറക്കിയത്. 

ഡൽഹിയുടെ സംഘടിതമായ മധ്യനിരയും പുണെയുടെ ഉറച്ച പ്രതിരോധവും തമ്മിലുള്ള പോരായിരുന്നു കളിയുടെ തുടക്കത്തിൽ. ഇടയ്ക്കു കിട്ടിയ പ്രത്യാക്രമണങ്ങളിൽ പുണെ അപകടകരമായ നീക്കങ്ങൾ നടത്തിയെങ്കിലും ഡൽഹി ഗോൾകീപ്പർ ആൽബിനോ ഗോമസ് രക്ഷകനായി.

ഡൽഹിയുടെ അധ്വാനത്തിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രതിഫലം കിട്ടി. ഇടതു വിങിൽ സെനെ റാൾട്ടെയുമായുള്ള മുന്നേറ്റത്തിനൊടുവിൽ ചാംഗ്തെ പന്ത് ബോക്സിലേക്കു നൽകി. പൗളീഞ്ഞോയുടെ ഹെഡർ വലയിൽ. പത്തു മിനിറ്റിനകം പുണെ ലീഡുയർത്തി. സ്വന്തം പകുതിയിൽ നിന്ന് പന്തു പിടിച്ചെടുത്ത് ഓടിക്കയറിയ ചാംഗ്തെ ഓടിയെത്തിയ പുണെ ഗോളി കമൽജിത്തിന്റെ തലയ്ക്കു മുകളിലൂടെ ലോബ് ചെയ്തു വലയിലേക്കിട്ടു.