Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുമോദിക്കുമ്പോൾ മോദി അറിഞ്ഞില്ല, അഞ്ചൽ ‘ആ താക്കൂറി’ന്റെ മകളാണെന്ന്...

Modi-Aanchal നരേന്ദ്ര മോദി പാരാഗ്ലൈഡിങ്ങിന് തയാറെടുക്കുന്നു (ഫയൽ ചിത്രം). ലോക സ്‌കീയിങ് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ അഞ്ചൽ താക്കൂറാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.

മണാലി ∙ ചലച്ചിത്ര ലോകത്തെ സൂപ്പർതാരമായി വളർന്ന അശോക് രാജും (മമ്മൂട്ടി) അദ്ദേഹത്തിന്റെ ബാല്യകാല ചങ്ങാതി ബാർബർ ബാലനും (ശ്രീനിവാസനും) തമ്മിലുള്ള ചങ്ങാത്തത്തിന്റെ കഥ വ്യത്യസ്തമായി അവതരിപ്പിച്ച എം.മോഹനന്റെ ‘കഥ പറയുമ്പോൾ’ എന്ന ചിത്രം മലയാളികൾ മറന്നിരിക്കില്ല. ചെറുപ്രായത്തിൽ ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വഴിപിരിയുന്നതും വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സൂപ്പർതാരമായി വളർന്ന അശോക് രാജ് പിന്നീട് സിനിമാ ഷൂട്ടിങ്ങിനിടെ ബാലൻ താമസിക്കുന്ന ഗ്രാമത്തിലെത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഗ്രാമത്തിലെ സ്കൂളിലെത്തുന്ന അശോക് രാജ് ബാലനുമൊത്തുള്ള ബാല്യകാലാനുഭവങ്ങൾ പങ്കുവച്ച് വിങ്ങിപ്പൊട്ടുന്നതും ഇതെല്ലാം കേട്ട് സദസിലുണ്ടായിരുന്ന ബാലൻ കണ്ണുതുടയ്ക്കുന്നതും ചലച്ചിത്ര പ്രേമികളുടെ ഹൃദയം കവർന്ന നിമിഷങ്ങളാണ്.

ഇതേ തീവ്രതയോടെയല്ലെങ്കിലും ഏതാണ്ട് സമാനമായ ഒരു കഥയാണ് ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഈ സംഭവകഥയിലെ നായകൻ സാക്ഷാൽ മോദിയാണ്. നമ്മുടെ പ്രധാനമന്ത്രി തന്നെ. അദ്ദേഹത്തെ കാണാനാഗ്രഹിക്കുന്ന, അദ്ദേഹത്തിന്റെ പഴയ പരിചയക്കാരൻ ഹിമാചൽ പ്രദേശിൽനിന്നുള്ള റോഷൻ ലാൽ താക്കൂറാണ്. കഴിഞ്ഞ ദിവസം ലോക സ്‌കീയിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ച ഇരുപത്തൊന്നുകാരി അഞ്ചൽ താക്കൂറിന്റെ പിതാവ്.

ലോക സ്‌കീയിങ് ചാംപ്യൻഷിപ്പിലെ ചരിത്രനേട്ടം മുൻനിർത്തി അഞ്ചൽ താക്കൂറിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞില്ല, രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് തന്നെ പാരാഗ്ലൈഡിങ് പഠിപ്പിച്ച ‘ഗുരു’വിന്റെ മകളാണ് അതെന്ന്. തുർക്കിയിൽ നടന്ന ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ അഞ്ചൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി റെക്കോർഡിട്ടതിനു പിന്നാലെയാണ് അഭിനന്ദനവുമായി മോദി രംഗത്തെത്തിയത്.

ഇതിനു പിന്നാലെയാണ് അഞ്ചലിന്റെ പിതാവും വിന്റർ ഗെയിംസ് ഫെഡ‍റേഷൻ സെക്രട്ടറിയുമായ റോഷൻ ലാൽ താക്കൂർ പണ്ട് മോദിയെ പാരാഗ്ലൈഡിങ് പഠിപ്പിച്ച വാർത്ത ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. 1997ൽ ഹിമാചൽ പ്രദേശിലെ സോലാങ്ങിലേക്കുള്ള യാത്രയിലാണ് മോദി പാരാഗ്ലൈഡിങ്ങ് പരീക്ഷിക്കാനെത്തിയത്. അക്കാലത്ത് താൻ നടത്തിയിരുന്ന പാരാഗ്ലൈഡിങ് അക്കാദമിയിലേക്ക് ചില പ്രാദേശിക ബിജെപി നേതാക്കളാണ് മോദിയെ കൊണ്ടുവന്നതെന്ന് താക്കൂർ അനുസ്മരിച്ചു. ആ സമയത്ത് ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള നേതാവായിരുന്നു മോദി.

ആദ്യമായി മോദി അക്കാദമിയിൽ എത്തുമ്പോൾ മഴ പെയ്ത് മൈതാനം നനഞ്ഞുകിടക്കുകയായിരുന്നു. പാരാഗ്ലൈഡിങ് പരീക്ഷിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച മോദിയെ ഞാൻ തടഞ്ഞു. നനഞ്ഞുകിടക്കുന്ന പ്രതലം ഇതിന് അനുയോജ്യമല്ലെന്നും അപകടമുണ്ടായേക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ, പിൻമാറാൻ അദ്ദേഹം തയാറായിരുന്നില്ല. വിജയകരമായി പാരാഗ്ലൈഡിങ് പൂർത്തിയാക്കിയാണ് അന്ന് അദ്ദേഹം മടങ്ങിയത് – താക്കൂർ അനുസ്മരിച്ചു. തുടർന്നും ഹിമാചലിൽ വരുമ്പോഴെല്ലാം മോദി താക്കൂറിന്റെ പാരാഗ്ലൈഡിങ് അക്കാദമിയിലെത്തിയിരുന്നു. ഓരോ തവണ വരുമ്പോഴും പാരാഗ്ലൈഡിങ് പരീക്ഷിക്കാൻ ഒട്ടേറെപ്പേരെ മോദി കൂട്ടിക്കൊണ്ടു വന്നിരുന്നതായും താക്കൂർ അനുസ്മരിച്ചു.

ഇക്കഴിഞ്ഞ നവംബറിൽ ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണ വേളയിൽ തനിക്ക് പാരാഗ്ലൈഡിങ്ങിനോടുള്ള ഇഷ്ടം മോദി വെളിപ്പെടുത്തിയിരുന്നു. ഹിമാചലിലെ സോലാങ് സന്ദർശിച്ചതും ‘ഒരു താക്കൂർ’ തന്നെ പാരാഗ്ലൈഡിങ് പരിശീലിപ്പിച്ചതുമെല്ലാം അന്ന് അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. മോദി അന്ന് അനുസ്മരിച്ച താക്കൂർ സാക്ഷാൽ റോഷൻ ലാൽ താക്കൂറായിരുന്നു. അന്ന് പ്രചാരണയോഗത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾക്കിടയിൽ താക്കൂറുമുണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി പദം വരെ വളർന്ന മോദിയെ അദ്ദേഹത്തിനു കാണാനായില്ലെന്നു മാത്രം.

നേരത്തെ, സ്കീയിങ്ങിലെ സ്ലാലോം ഇനത്തിലാണ് അഞ്ചൽ ചരിത്രനേട്ടം സ്വന്തമാക്കിയത്. പർവതനിരകളിൽ മ​ഞ്ഞുപാളികൾക്കിടയിലൂടെ തെന്നിനീങ്ങുന്ന മൽസരയിനമായ സ്കീയിങ് ശൈത്യകാല ഒളിംപിക്സിലെ ആകർഷക ഇനമാണ്. ലോക മെഡൽനേട്ടത്തോടെ ഈ വർഷം കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്സിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷ സജീവമാക്കാൻ അഞ്ചലിനായി.