Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേംനസീർ ജയനോടു ചെയ്തത്..

വിനോദ് നായർ
Author Details
Penakathy ഈപ്പച്ചൻ എന്നും രാവിലെ ആറ്റിന്റെ കരയിൽ ചൂണ്ടയുമായി മീൻ പിടിക്കാൻ വന്നിരിക്കും. കുഞ്ഞുന്നാൾ മുതൽ ഒരു കുഞ്ഞു ചൂണ്ടയുമായി അപ്പന്റെ കൂടെ വരും കൊച്ചുറാണി...

കാറ്റിൽ ഹാഫ്സാരിത്തുമ്പു തെല്ലുയർന്ന് ഏതോ പെൺകുട്ടിയുടെ സ്വർണനിറമുള്ള കണങ്കാൽ തെളിയുംപോലെ മണിമലയാറിന്റെ മാറിലെ പളുങ്കു സാരി സ്ഥാനംതെറ്റി ഇടയ്ക്കിടെ ആ പാറ തെളിഞ്ഞു വരുന്നു !  മഴ പെയ്യുമ്പോൾ അതു മായുന്നു !

മണിമലപ്പാലത്തിനു മുകളിൽ നിന്നാണ് ആ കാഴ്ച.  ആറിനു നടുവിൽ വലിയ ഉരുളി കമിഴ്ത്തി വച്ചതുപോലെ ഒരു പാറ. പാറയുടെ മുകളിൽ വെളുത്ത പെയിന്റിൽ രണ്ടു പേരുകൾ – കൊച്ചുറാണി തോമസ്, ജെയിംസുകുട്ടി പാലയ്ക്കൽ !  പത്തു വർഷമായി പാറയിൽ ആ പേരുകളുണ്ട്.  വേനലിൽ വെള്ളം താഴുമ്പോൾ കൊച്ചുറാണിയും ജെയിംസുകുട്ടിയും വെയിൽ കായാൻ പുറത്തുവരുന്നു.  കിഴക്കു മഴ പെയ്ത് പുഴ നിറയുമ്പോൾ രണ്ടാളും വെള്ളത്തിൽ ഒളിക്കുന്നു !  

ആരാണിവർ ?

ആറിന്റെ  ഇരുകരയിലും സന്ധ്യയ്ക്കു മുമ്പേ ഉറങ്ങുന്ന, അടക്കമൊതുക്കമുള്ള ഗ്രാമങ്ങളാണ്.  അക്കരെ ഒരു ചെറിയ ചായക്കടയും ബേക്കറിയും.  ഇക്കരെ പന്നിയിറച്ചി മാത്രം വിൽക്കുന്ന ഇറച്ചിക്കട. പിന്നെയുള്ളത് ഒരു രണ്ടു നില കെട്ടിടത്തിലെ  സ്റ്റുഡിയോയും ബ്യൂട്ടി പാർലറും ചെരിപ്പുകടയും മാത്രം. 

സ്റ്റുഡിയോയും പാർലറുമൊക്കെ പുതിയതാണ്.  അവർക്കൊന്നും കൊച്ചുറാണിയെയും ജെയിംസുകുട്ടിയെയും അറിയില്ല. 

ഇറച്ചിക്കടക്കാരൻ കുഞ്ഞാപ്പി പറഞ്ഞു...  ആറ്റിലൂടെ നീന്തി വന്ന് പാറപ്പുറത്ത് ആ പേരെഴുതിയത് ജെയിംസുകുട്ടി തന്നെയാണ് ! 

ചായക്കടക്കാരൻ കുട്ടിയച്ചൻ അതു വിശ്വസിക്കുന്നില്ല... കൊച്ചുറാണിയും ജെയിംസുകുട്ടിയും തമ്മിൽ ലവ്വായിരുന്നു.  പക്ഷേ പേരെഴുതിയത് ജയിംസുകുട്ടിയല്ല.   കൊച്ചിയിൽ നിന്നു വന്ന ഒരു ഫോട്ടോപിടുത്തക്കാരനാണ്. 

കുട്ടിയച്ചൻ പൊറോട്ടയും മട്ടൻ ചാപ്സുമുള്ള ചായക്കടയാണെങ്കിൽ ഭാര്യ ലാലിച്ചേടത്തി കട്‍ലെറ്റും സ്വീറ്റ്നാനുമുള്ള ബേക്കറിയാണ്.  

മണിമലയാറ്റിലെ ഈ പാറയും പ്രേംനസീറുമായുള്ള ബന്ധം പറഞ്ഞത് ലാലിച്ചേടത്തിയാണ്. 

ശരപഞ്ജരത്തിൽ ജയൻ കുതിരയെ കുളിപ്പിക്കുന്നതു കണ്ടപ്പോൾ പ്രേംനസീറിന് ഒരു മോഹം. അതുപോലെ ഒരു കൊമ്പനാനയെ കുളിപ്പിക്കണം. സിനിമയിൽ ആ രംഗം ചേർത്തു. 

ചിത്രീകരണത്തിന്  യഥാർ‌ഥ ആനയെ ഉപയോഗിക്കാൻ സംവിധായകനു ധൈര്യമില്ല. എന്നാൽ കൊമ്പൻ ഒറിജിനൽ തന്നെ വേണമെന്ന് നസീറിന് ഒരേ നിർബന്ധം. 

ലൊക്കേഷൻ തേടി സിനിമക്കാർ മണിമലയിൽ വന്നു.  നസീർ ആറ്റിൽ ഇറങ്ങി ആനയെ കുളിപ്പിക്കുന്നു. ഷീല പാലത്തിൽ നിന്ന് ആനയെ എന്ന മട്ടിൽ നസീറിനെ നോക്കുന്നു.  അതാണ് രംഗം.

ആറ്റിലെ  ഈ പാറ കണ്ടപ്പോൾ സംവിധായകൻ പറഞ്ഞു.. ബ്ളാക്ക് പെയ്ന്റ് കൊണ്ടുവാ..  ആ പാറയിൽ കറുത്ത പെയിന്റടിക്കൂ.. ദൂരെ നിന്നു നോക്കിയാൽ ആന വെള്ളത്തിൽ കിടക്കുന്നതുപോലെ തോന്നുന്നില്ലേ. നസീർ സാർ തേച്ചുകുളിപ്പിക്കുന്നതുപോലെ അഭിനയിച്ചാൽ മതി. ബാക്കിയൊക്കെ ക്യാമറ ടെക്നിക്കാണ്.

പാറയിൽ പെയ്ന്റടിച്ചു. പിറ്റേന്ന് ഷൂട്ടിങ്. 

എന്തു പറയാൻ.. ! അന്നു രാത്രിയിൽ കിഴക്കു മലയിൽ ഉരുൾ പൊട്ടി. നാൽപതാം നമ്പർ മഴ കാടിറങ്ങി വന്നു.  മണിമലയാറ്റിൽ വെള്ളം പൊങ്ങി.

പിറ്റേന്ന് രാവിലെ ആറ്റുകടവിലെ പുതുവെള്ളത്തിൽ നീന്തിക്കുളിച്ചു കയറിയ ലാലിച്ചേടത്തിയുടെ ഉടൽ മുഴുവൻ ബ്ളാക്ക്. പാറയിൽ അടിച്ച പെയിന്റ് മഴയത്ത് വെള്ളത്തിൽ ഒലിച്ചതാണ്. 

അടുത്ത കടവിൽ കുളിക്കാനിറങ്ങിയ ഒരു അപ്പച്ചനാണ് ലോട്ടറിയടിച്ചത്. ഒറ്റക്കുളിക്ക് അയാളുടെ നരച്ച തലമുടിയും മീശയും മുഴുവൻ കറുപ്പായി. പിന്നെ മരിക്കുന്നതുവരെ ഒരുമുടി പോലും നരച്ചില്ല. 

ലാലിച്ചേടത്തി പറഞ്ഞു.. എല്ലാവരും കാത്തിരുന്നെങ്കിലും പ്രേംനസീറും ഷീലയും വന്നില്ല.  പാറ പണി പറ്റിച്ചില്ലേ.. ! ഷൂട്ടിങും നടന്നില്ല.

മണിമലയാർ ആയിരം നുണക്കുഴികൾ വിരിയിച്ച് പഴയതുപോലെ ഒഴുകി. 

ലവ്വായിരുന്ന ജെയിംസുകുട്ടിയും കൊച്ചുറാണിയും കല്യാണം കഴിച്ചോ ? അവർ ഇപ്പോൾ എവിടെയാണ് ?

കൊച്ചുറാണിയെ ഒരു ഗൾഫുകാരൻ കല്യാണം കഴിച്ചു.  ജെയിംസുകുട്ടി കുറെക്കാലം കൂടി ഇവിടെയുണ്ടായിരുന്നു. പിന്നെ  ബോംബെയിൽപ്പോയി ദാവൂദ് ഇബ്രാഹിമിന്റെ കൊള്ളസംഘത്തിൽ ചേർന്നെന്നും പൊലീസുകാർ വെടിവച്ചു കൊന്നെന്നും കേട്ടു. സത്യമാണോ എന്ന് ആർക്കും അറിയില്ല.  

അവിടെയാണ് ഒരു ചൂണ്ടയുമായി ഈപ്പച്ചൻ മുതലാളി കടന്നു വരുന്നത്. കൊച്ചുറാണിയുടെ അപ്പനാണ് ഈപ്പച്ചൻ മുതലാളി. പുലിയുടെ മീശ മനുഷ്യനു വച്ചാൽ എങ്ങനെയിരിക്കും.  അതാണ്  രൂപം. 

മണിമലയാറിന്റെ തീരത്ത് ഈപ്പച്ചൻ മുതലാളിക്ക് നാലരയേക്കർ ജാതിത്തോട്ടം. അതിന്റെ നടുവിൽ ഒരു ബംഗ്ളാവ്. ബംഗ്ളാവിൽ വെളുത്തു കൊലുന്ന് ജ്വലിക്കുന്ന മെഴുകുതിരി കൊച്ചുറാണി !

ഈപ്പച്ചൻ എന്നും രാവിലെ ആറ്റിന്റെ കരയിൽ ചൂണ്ടയുമായി മീൻ പിടിക്കാൻ വന്നിരിക്കും. കുഞ്ഞുന്നാൾ മുതൽ ഒരു കുഞ്ഞു ചൂണ്ടയുമായി അപ്പന്റെ കൂടെ വരും കൊച്ചുറാണി. 

നേരെ എതിർവശത്തെ കടവി‍ൽ ഒരു  ആറ്റുവഞ്ചി. അതിൽ ഒരു വെളുത്ത കൊക്കിനെപ്പോലെ ജെയിംസുകുട്ടി. അവനും വരുന്നത് ചൂണ്ടയിടാനാണ്.  ചൂണ്ടയിൽ കൊത്തിയത് കൊച്ചുറാണി. അങ്ങനെ അവർ‌ ലവ്വായി. 

‌പരിസ്ഥിതിസ്നേഹികൾ കരയിൽ നിന്ന് പുഴകൾ സംരക്ഷിക്കുന്നതിന് എത്രയോ കാലം മുന്നെ മണിമലയാറിന്റെ തീരം മുഴുവൻ നെല്ലിമരം നട്ടയാളാണ് ഈപ്പച്ചൻ. ഓരോ കാറ്റിലും നെല്ലിക്കാ കുടുകുടാന്ന് ആറ്റിൽ വീണു. അങ്ങനെ മണിമലയാറ്റിലെ വെള്ളം ആദ്യം നാവിലും പിന്നെ ഓർമകളിലും മധുരിച്ചു. 

ഒരു ദിവസം ചൂണ്ടയിടുമ്പോൾ ഈപ്പച്ചൻ കൊച്ചുറാണിയോടു പറഞ്ഞു..  ഒരു മുട്ടൻ മീൻ ചൂണ്ടയിൽ കൊത്തി, മോളേ..

കൊച്ചുറാണി ചോദിച്ചു.. സ്രാവാണോ അപ്പാ...

അല്ല തിമിംഗലം !

അവനായിരുന്നു കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഗൾഫുകാരൻ.  അവനെ കല്യാണം കഴിക്കാനായി ജെയിംസുകുട്ടിയെ മറക്കാൻ കൊച്ചുറാണി തയാറായി. അതിനായി  ഈപ്പച്ചനു ചെലവായത് അമ്പതു മെഴുകുതിരിയും മൂന്നു കുമ്പസാരവും മാത്രം. 

കൊച്ചുറാണിയുടെ കല്യാണത്തിന് പന്തലിടാൻ‌ പൂരത്തിന് പന്തലിട്ടു പേരെടുത്തവർ തൃശൂരുനിന്നു വന്നു.  ഫോട്ടോയെടുക്കാൻ കൊച്ചിയിൽ നിന്നു തൊപ്പി വച്ച ഫൊട്ടോഗ്രഫർ !

ആ ഫോട്ടോഗ്രഫറെ ജെയിംസുകുട്ടി സോപ്പിട്ടു. കല്യാണ ആൽബത്തിൽ‌ കൊച്ചുറാണിയുടെ അടുത്ത് പഴയ കാമുകനായ തന്റെ ഫോട്ടോയും വേണം !

ഫോട്ടോഗ്രഫർ കുറെ നേരം ആലോചിച്ചിട്ട് ചോദിച്ചു.. പള്ളിനടയിൽ കല്യാണപ്പെണ്ണിനെ സ്വീകരിക്കാൻ നേരത്ത് റോസാപ്പൂവുമായി മുന്നിൽ നിൽക്കാൻ പറ്റുമോ ?

പറ്റില്ലെന്ന് ജെയിംസുകുട്ടി.  കാരണം അങ്ങനെ നിൽക്കുന്നത് പെണ്ണിന്റെ ആങ്ങളയാണ്.  കാമുകനല്ല.

പിന്നെയുള്ള വഴി ഇതായിരുന്നു. മണിമലയാറ്റിലെ പാറയിൽ കൊച്ചുറാണിയുടെ അടുത്ത് ജെയിംസുകുട്ടിയുടെ പേരെഴുതുക.  കല്യാണവണ്ടി പാലത്തിലൂടെ കടന്നുപോകുമ്പോൾ പാറയും പേരും ചേർത്ത് കൊച്ചുറാണിയുടെ വിവാഹ ആൽ‌ബത്തിലേക്ക് ഒരു നൊസ്റ്റാൾജിക് ഫ്രെയിം..!

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam