Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതത്തിന്റെ കൂടെ ഒരു രാത്രി, ഓജോ ബോർഡ് ഓർമകളുമായി അജു വർഗീസ്

Aju Varghese അജു വർഗീസ്

പ്രേതങ്ങളുടെ കാര്യത്തിൽ കടുത്ത അവിശ്വാസിയാണ് അജു വർഗീസ്. പക്ഷേ, ഹോസ്റ്റൽ മുറിയിലെ ഇരുട്ടിൽ ഓജോ ബോർഡ് കളിച്ചപ്പോൾ അജുവിനും സംഘത്തിനും നേരിടേണ്ടി വന്നത് മറ്റൊരു ദുരന്തത്തെയായിരുന്നു... 2003. ചെന്നൈയിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു അജു. രക്തത്തിളപ്പിന്റെ കാലമായതിനാൽ ഹോസ്റ്റൽ മുറിയിൽ ഓജോ ബോർഡ് കളിച്ച് ഒരു ആത്മാവിനെ വിളിച്ചു വരുത്തി ചാറ്റ് ചെയ്താലോന്ന് സംഘത്തിന് ഒരാഗ്രഹം. ഐഡിയ അവതരിപ്പിച്ചത് സുഹൃത്ത് കുമ്പളാംപൊയ്കക്കാരൻ ജോജിയാണ്. ലിജോസ് എന്നു പേരുള്ള ധീരനും വീരനുമായ യുവാവിന്റെ മുറിയാണ് ആത്മാവിനെ ആവാഹിക്കാനുള്ള ഇടമായി തിരഞ്ഞെടുത്തത്. ലൈറ്റുകൾ കെടുത്തി.. ഓജോ ബോർഡ് നിരത്തി. മെഴുകുതിരിയും നാണയത്തുട്ടും തയാർ..

‘ഗുഡ് സ്പിരിറ്റ് പ്ലീസ് കം.. ഗുഡ് സ്പിരിറ്റ് പ്ലീസ് കം.. ഗുഡ് സ്പിരിറ്റ് പ്ലീസ് കം..’ പലരും മാറി മാറി പറഞ്ഞിട്ടും അനക്കമില്ല.. ഒരു മണിക്കു തുടങ്ങിയ കലാപരിപാടി മെഴുകുതിരി തീരാറായിട്ടും എങ്ങും എത്തിയതുമില്ല. ഒടുവിൽ ഓജോ ബോർഡ് കമ്മിറ്റി പിരിച്ചു വിട്ടു. മുറിയുടെ ഉടമയായ ലിജോസ് ഇൗ സമയം അത്രയും തലവഴി പുതപ്പിട്ടു മൂടി കിടക്കുകയായിരുന്നു. പേടിച്ചിട്ടൊന്നുമല്ല.. ചെറിയൊരു ഭയം മാത്രം.. !!
സംഗതി പാളിയെന്നു മനസിലായതോടെ ഇഹലോകത്തും പരലോകത്തുമുള്ള സകല പ്രേതങ്ങളുടെയും പിതാമഹൻമാർക്കു വിളിച്ച ശേഷം സംഘം പലവഴിക്കു പിരിഞ്ഞു. ലിജോസ് അപ്പോഴും കട്ടിലിൽ.. പുതപ്പിന്റെ അടിയിൽ തന്നെ..

ആ സംഭവമേ വിട്ട് അജുവും സംഘവും സ്വന്തം മുറികളിലേക്കു മടങ്ങി. മറന്നു വച്ച തീപ്പെട്ടി എടുക്കാനായി ഒന്നര മണിക്കൂറോളം കഴിഞ്ഞ് അജു വീണ്ടും ലിജോസിന്റെ മുറിയിലേക്കു വരുമ്പോഴാണ് ആ ശബ്ദം കേട്ടത്.

ലിജോസ് ആരോടോ സംസാരിക്കുന്നു.. വാതിലിനു പുറത്തു ചെവി വച്ചു കേൾക്കാൻ ശ്രമിച്ചു.. അതേ.. പ്രേതത്തോടു തന്നെയാണു സംസാരം..
പാതി തുറന്നു കിടന്ന കിടന്ന കതകിന്റെ വശത്തു കൂടി നോക്കിയപ്പോഴാണു സംഗതി പിടികിട്ടിയത്. ഓജോ ബോർഡ് കളി വേണ്ടെന്നു വച്ച് സംഘം മടങ്ങിയെങ്കിലും ലിജോസിന് പ്രേതങ്ങളെ അത്ര വിശ്വാസം പോരായിരുന്നു. ഇനി മുറിയുടെ ഏതെങ്കിലും ഭാഗത്തു പ്രേതം ഒളിച്ചിരിക്കുന്നുണ്ടെങ്കിലോ..? അതു കൊണ്ട് മുറിയിലുണ്ടായിരുന്ന യേശുക്രിസ്തുവിന്റെ ചിത്രം മുറിയുടെ ഓരോ മൂലയ്ക്കു കൊണ്ടു പോയി മുട്ടിച്ചിട്ട് ലിജോസ് പറയും.. പ്ലീസ് പ്രേതമേ ഒന്നിറങ്ങിപ്പോകൂ.. ഒന്നിറങ്ങിപ്പോകാനല്ലേ പറഞ്ഞത്..

വാതിൽ തള്ളിത്തുറന്നു അകത്തു കയറിയപ്പോൾ അതാ ക്രിസ്തുവിന്റെ ചിത്രവും പിടിച്ചു ലിജോസ് കണ്ണും തള്ളി നിൽക്കുന്നു. ‘നീ എന്തൊരു ദുരന്തമാടാ’ എന്നു ചോദിച്ച കൂട്ടുകാർ കളിയാക്കിയത് കണ്ട് മുറിയിൽ ഒളിച്ചിരുന്ന പ്രേതം പോലും ചിരിച്ചു പോയി..