Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുണർന്നില്ല, ഉണ്ണികൾ പിറന്നിട്ടും !

brain-dead mother successfully gave birth to twins ഫ്രാൻകീലൻ– പദില ദമ്പതികൾ(ഇടത്), ഇരട്ടക്കുട്ടികൾ (വലത്)

മസ്തിഷ്കമരണം സംഭവിച്ച അമ്മയുടെ ഉദരത്തിൽ വളർന്ന ഇരട്ടകളെ നാലുമാസത്തിനുശേഷം ഡോക്ടർമാർ സിസേറിയൻ വഴി പുറത്തെടുത്തു. ഇരട്ടകളുടെ ജനനത്തിനായി ഡോക്ടർമാർ അമ്മയുടെ ജീവൻ വെന്റിലേറ്ററിൽ നിലനിർത്തിയതു 123 ദിവസം. മസ്തിഷ്കമരണം സംഭവിച്ച ഗർഭിണികളിൽനിന്നു കുഞ്ഞുങ്ങളെ സുരക്ഷിതമായി മുൻപു പുറത്തെടുത്തിട്ടുണ്ടെങ്കിലും കുഞ്ഞിന്റെ പൂർണവളർച്ചയെത്താൻ അമ്മയുടെ ജീവൻ ഇത്രയും കാലം നിലനിർത്തുന്നത് ഇതാദ്യമാണ്. 

ദക്ഷിണ ബ്രസീലിലെ നോസ്സോ സെഞ്ഞോറ ഡോ റോക്യോ ആശുപത്രിയിൽ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരട്ടകളുടെ അദ്ഭുതജനനം. ഇവരുടെ അമ്മ ഫ്രാൻകീലൻ ഡി സിൽവ സാംപോളി പദിലയ്ക്ക് ഒക്ടോബറിൽ മസ്തിഷ്കമരണം സംഭവിക്കുമ്പോൾ ഒൻപതാഴ്ച മാത്രമായിരുന്നു കുരുന്നുകളുടെ പ്രായം. മസ്തിഷ്കമരണം സ്ഥിരീകരിച്ചു രണ്ടുദിവസത്തിനു ശേഷവും ഡോക്ടർമാരെ അദ്ഭുതപ്പെടുത്തി ഭ്രൂണത്തിൽ നിന്നു മിടിപ്പുകൾ തുടർന്നു കൊണ്ടേയിരുന്നു. 

തങ്ങൾ സാക്ഷ്യം വഹിക്കുന്നതൊരു അദ്ഭുതത്തിനാണെന്നു മനസ്സിലാക്കിയ ആശുപത്രി അധികൃതർ അമ്മ ഫ്രാൻകീലനെ വെന്റിലേറ്ററിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചു. വളർച്ചയ്ക്കുവേണ്ട സാഹചര്യമൊരുക്കി കുഞ്ഞിനെ രക്ഷിച്ചെടുക്കാനായി പിന്നത്തെ ശ്രമം. മസ്തിഷ്കമരണം സംഭവിച്ച ഗർഭിണിയിൽനിന്നു 107 ദിവസത്തിനു ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത പോർചുഗലിലെ ഡോക്ടറുടെ ഉപദേശവും ആശുപത്രി അധികൃതർക്കു സഹായമായി. 

ഒടുവിൽ 123 ദിവസത്തെ കാത്തിരിപ്പിനുശേഷം ഇരട്ടകളെ ഡോക്ടർമാർ സുരക്ഷിതമായി പുറത്തെടുത്തു. അനയ്ക്ക് 1.4 കിലോയും സഹോദരൻ അസാഫിന് 1.3 കിലോയുമായിരുന്നു തൂക്കം. ഫ്രാൻകീലൻ–പദില ദമ്പതികൾക്കു രണ്ടരവയസ്സുള്ള ഒരു മകൾകൂടിയുണ്ട്. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam