Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചായത്ത് പ്രസിഡന്റിന്റെ ‘നഗ്നത’ ഇന്റര്‍നെറ്റില്‍: സത്യം ഇതാണ്

Panchayath President

ഒരു വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രണ്ട് പുരുഷ അംഗങ്ങൾക്കൊപ്പം ഹൗസ് ബോട്ടില്‍ നില്‍ക്കുന്ന ചിത്രം കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഷർട്ട് ധരിക്കാതെ ബോട്ടിലിരിക്കുന്ന പഞ്ചായത്ത് അംഗങ്ങളുടെ പിന്നിൽ നിന്ന് കായല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന പഞ്ചായത്ത് പ്രസിഡന്റ്. പക്ഷെ ഇതിനോടൊപ്പം ബോട്ടിനുളളിൽ നിന്നെന്ന പേരിൽ തട്ടം ധരിച്ച ഒരു സ്ത്രീയുടെ ഒട്ടേറെ നഗ്ന ചിത്രങ്ങളും.  ബാക്കി ചേരുംപടി ചേർക്കലെല്ലാം സമൂഹമാധ്യമങ്ങൾ ഒൗചിത്യത്തിന് അനുസരിച്ച് നിർവഹിച്ചുകൊണ്ടിരിക്കുന്നു... ‘മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചർച്ച ഹൗസ് ബോട്ടിനുളളിൽ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ഇനിയാണ് യഥാർഥ കഥ. സമൂഹമാധ്യമങ്ങൾ വഴി നഗ്നചിത്രങ്ങൾ പ്രചരിക്കുന്ന പ്രസിഡന്റ് കണ്ണിയൻ റുഖിയ മനോരമ ന്യൂസിന്റെ മലപ്പുറം സ്റ്റുഡിയോയിലേക്ക് ‘അവിചാരിതമായി’ കയറി വരുന്നു. ഒരു ഗ്രാമ പഞ്ചായത്ത് അധ്യക്ഷയാണന്ന ധൈര്യം പോലും അവരുടെ മുഖത്തില്ലാതെ തികച്ചും നിസഹായ ആയ ഒരു സ്ത്രീയായി.

ആ നഗ്നചിത്രങ്ങൾ തന്റേതല്ലെന്ന് പരിചയമുളളവർക്കെല്ലാം അറിയാം. പക്ഷെ തന്നെ കെണിയിലാക്കിയ സമൂഹ മാധ്യമങ്ങളോട് സ്വന്തം ദൈന്യത എങ്ങനെ വിളിച്ചു പറയണമെന്ന് അവർക്കറിയില്ല. ഭർത്താവും മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ സാധാരണ വീട്ടമ്മ കൂടിയാണവർ. ഈ ചിത്രങ്ങൾ പ്രചാരം നേടിയ ശേഷം തന്നെ കാണുന്ന പലരുടേയും നോട്ടത്തിൽ പോലും ഭാവമാറ്റമുണ്ടെന്ന് റുഖിയ നിരീക്ഷിക്കുന്നുണ്ട്. ബന്ധുക്കളുടേയോ നാട്ടുകാരുടേയോ മുഖത്തു നോക്കാന്‍ മടിയാണന്ന് പറഞ്ഞു. പക്ഷെ സമൂഹമാധ്യമങ്ങളുടെ ആക്രമണത്തിൽ ഒന്നും പറയാനാവാത്ത നിസഹായതയാണ് മുഖത്ത്.

ഹൗസ് ബോട്ടിൽ നടന്നത്: ഈ മാസം ഏഴിനാണ് കയർ കേരള പദ്ധതിയുടെ ഭാഗമായി പ്രസിഡന്റ് കണ്ണിയൻ റുഖിയയും വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദും നാല് അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആലപ്പുഴയിലെത്തിയത്. പരിപാടി കഴിഞ്ഞപ്പോൾ പുന്നമടക്കായലിൽ ഒരു ബോട്ടുയാത്ര നടത്തണമെന്ന അഭിപ്രായം വന്നു.  മലപ്പുറത്ത് നിന്ന് ആലപ്പുഴയിലെത്തിയ അംഗങ്ങളെല്ലാം പിന്തുണച്ചു. ഒരു ഹൗസ‌്ബോട്ട് സംഘടിപ്പിച്ച് യാത്ര നടത്തി. 

യാത്രക്കിടെ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പന്താർ മുഹമ്മദ് ബോട്ടോടിക്കുന്ന ഒരു ചിത്രമെടുത്തു. ഈ ചിത്രത്തിൽ റുഖിയയും മറ്റൊരു പുരുഷ അംഗവുമുണ്ട്. ഈ ഫോട്ടോ കോൺഗ്രസ് പ്രവർത്തകനായ പന്താർ മുഹമ്മദ് ചില ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രസിഡന്റ് കണ്ണിയൻ റുഖിയയുടെ ഈ ചിത്രത്തിനൊപ്പം മറ്റൊരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ കൂടി ചേർത്തു വച്ചാണ്  പ്രചാരണം. തട്ടമിട്ട സ്ത്രീയുടെ നഗ്നചിത്രങ്ങൾ റുഖിയയുടേതാണന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. 

ഇനി പൊലീസിന്റെ കോർട്ടിലാണ് പന്ത്. പഞ്ചായത്ത് പ്രസിഡന്റ് എന്ന് പരിഗണിക്കേണ്ടതില്ല. ഒരുമ്മയെ അപമാനിച്ചവരെ കണ്ടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാണ് ആവശ്യം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam