Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സാറേ എനിക്ക് ഭക്ഷണം വേണ്ട, ചാന്‍സ് തരാമോ?’ ; കണ്ണുനിറഞ്ഞു സുരാജും ആര്യയും

sanoober-mimicry-mahamela

‘അതെ എല്ലാവർക്കും ഭക്ഷണം കഴിക്കാനുള്ള സമയമാണ്. ഇനി ഭക്ഷണത്തിന് ശേഷമായിരിക്കും ഒാഡിഷൻ നടക്കുക...’ അനൗണ്‍സ്മെന്‍റ് മുഴങ്ങി. ‘സാറേ എനിക്ക് ഭക്ഷണം വേണ്ട ഒരു ചാൻസ് തരാമോ.. വർഷങ്ങളായി സാറെ ഒരു ചാൻസിന് വേണ്ടി നടക്കുന്നു..’ മഴവിൽ മനോരമയിലെ മിമിക്രി മഹാമേളയുടെ ഒാഡിഷനിടെ പറഞ്ഞ ഇൗ വാക്കുകളാണ് സനൂബറിനെ കേരളത്തിന് പ്രിയപ്പെട്ടവനാക്കിയത്. കണ്ണുനിറഞ്ഞ് പറഞ്ഞ ഇൗ വാക്കുകൾ അവതാരകൻ സുരാജ് വെഞ്ഞാറമൂടും പ്രൊഡ്യൂസറും അറിഞ്ഞതോടെ വർഷങ്ങളായി ആഗ്രഹിച്ച ആ മോഹം പൂവണിഞ്ഞു. ഒരുപാട് കൊതിച്ച ആ വേദിയിൽ സനൂബർ മിമിക്രിയിലെ പുതിയ താരമായി.

ആലപ്പുഴ അരൂക്കുറ്റി സ്വദേശിയായ സനൂബർ ഒട്ടേറെ തവണ ചാൻസ് ചോദിച്ച് പലയിടത്തും അലഞ്ഞിട്ടുണ്ട്. ഏകദേശം അറുപത്തിയെട്ടോളം സിനിമാസെറ്റുകളിൽ ചെറിയ വേഷം എങ്കിലും ചെയ്യാൻ അവസരം തേടി നടന്നതായി സനൂബർ പറയുന്നു. പക്ഷേ പലരും പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും അതുകൊടുക്കാൻ ഇല്ലാത്തത് കൊണ്ട് എല്ലായിടത്ത് നിന്നും നിറകണ്ണുകളോടെ ഇറങ്ങിവന്നിട്ടുണ്ടെന്നും അയാൾ പറഞ്ഞപ്പോൾ കാണികളും അവതാരകരായ സുരാജിന്റെയും ആര്യയുടെയും കണ്ണുനിറഞ്ഞു. മിമിക്രി മഹാമേളയുടെ ഒാഡിഷൻ നടക്കുന്നത് അറിഞ്ഞെത്തിയതാണ് സനൂബർ. പലകുറി ചുണ്ടോളം എത്തിയിട്ട് തട്ടിപ്പോയത് കൊണ്ടാകണം ഭക്ഷണം പോലും വേണ്ട എനിക്ക് ഒരു വേദി തരാമോ എന്ന് ചോദിക്കാൻ തോന്നിയതെന്ന് സനൂബർ പറഞ്ഞു.

പൃഥ്വിരാജിനെയും വെള്ളാപ്പള്ളി നടേശനെയും വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറകയ്യടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്. വാപ്പയുടെ പതിനൊന്നാം ചരമവാർഷിക ദിനത്തിലാണ് സനൂബറിനെ തേടി ഒാഡിഷന്റെ ഫോൺകോൾ എത്തുന്നത്.  മകന്റെ ഇൗ സ്വപ്നത്തിന് സാക്ഷിയാവാൻ ഉമ്മയും ഉമ്മൂമ്മയും എത്തിയതോടെ മിമിക്രി മഹാമേളയുടെ വേദി വികാരനിർഭരമായി. വിഡിയോ കാണാം.