Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംജിആർ- ജയലളിത പുനർബന്ധത്തിൽ അയാൾ‌ ഞെട്ടിയത് എന്തിന്?

Jayalalitha ഒരിക്കലും അദ്ദേഹം എന്റെ പ്രേമഭാജനമാണ് എന്നവർ പറഞ്ഞിട്ടില്ല. അങ്ങനെ പറ‍ഞ്ഞിട്ടില്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ആരാധകർക്കിഷ്ടം. അതാണവരെ അണ്ണി എന്ന് വിളിക്കുന്നത്

ഓൾ ഇന്ത്യ അണ്ണാ ഡിഎംകെയുടെ സംസ്ഥാന സമ്മേളനം തെക്കൻ പോണ്ടിച്ചേരിയിലെ ഗൂഡല്ലൂരിൽ നടക്കുന്നു. പുത്തൻ രാഷ്ട്രീയ നായികയുടെ പ്രസംഗം കേൾക്കാൻ ജനം തടിച്ചുകൂടി. ഒരു സുന്ദരിപ്പെണ്ണിന്റെ മുഖം കാണാനാണവർ പാഞ്ഞെത്തിയത്. പക്ഷേ, ജനം സാക്ഷ്യംവഹിച്ചത് സാരവത്തായ രാഷ്ട്രീയ പ്രസംഗത്തിനാണ്. താരനിബിഡമായ തമിഴ്നാട് രാഷ്ട്രീയത്തിൽ ഈ ഗ്ലാമർ ഗേളിന്റെ പ്രവേശനത്തിൽ പല പുരികങ്ങളും ചുളിഞ്ഞു. ജയലളിതയെ പ്രദർശിപ്പിച്ചുകൊണ്ട് ഗൂഡല്ലൂരാകെ നഗരപ്രദക്ഷിണം നടത്തി. ഡിഎംകെയുടെ പാർട്ടി പത്രം അതിനെ വിശേഷിപ്പിച്ചത് ഗൂഡല്ലൂർ കാബറേ എന്നാണ്.

ജയലളിത രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു പ്രധാന കാരണം എന്തായിരുന്നു, തന്നെക്കുറിച്ച് അവർ സ്വയം കരുതിയ ഇമേജ്തന്നെയായിരുന്നു. വെറും മൂന്നാംകിട സിനിമാക്കാരിയായി അറിയപ്പെടാൻ അവർ ആഗ്രഹിച്ചില്ല. അവരുടെ സ്വപ്നങ്ങൾക്കു വിസ്തീർണം കൂടുതലായിരുന്നു. വായനയിലൂടെയും മറ്റും അവർ ആർജിച്ച വിശാലമായ കാഴ്ചപ്പാട് അവർക്കു നാടിനുവേണ്ടി കൂടുതലെന്തെങ്കിലും ചെയ്യണമെന്നു തോന്നിച്ചു. അവർതന്നെ പറയാറുള്ളതുപോലെ ജനസേവനമായിരുന്നു അവരുടെ സ്വപ്നം. ഗോസിപ്പുകളുടെ ലോകമായ സിനിമാരംഗത്തുനിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു അവർക്കു രാഷ്ട്രീയം.

എംജിആർ രണ്ടാമതും തമിഴ്നാടിന്റെ ചീഫ് മിനിസ്റ്ററായി. പത്തുവർഷമായി അകന്നു കഴിഞ്ഞിരുന്ന എംജിആറുമായുള്ള ബന്ധത്തിൽ മാറ്റം വരുത്താൻ ജയലളിത തീരുമാനിച്ചു. താനാഗ്രഹിക്കുന്ന വഴി തുറന്നുതരാൻ എംജിആറിനേ കഴിയൂ എന്നവർക്കു ബോധ്യമായി. എംജിആർ – ജയലളിത പുനർബന്ധത്തിൽ ഞെട്ടിയത് ആർ.എം.വീരപ്പനാണ്. എംജിആർ അമേരിക്കയിലേക്കു പോയപ്പോൾ ജയലളിതയും അവിടെ ചികിൽസയിലായിരുന്നു. അവിടെ അവർ കണ്ടുമുട്ടി. എംജിആർ എന്ന നായകന്റെ ഇദയക്കനിയാവാൻ ആ ഒരു കണ്ടുമുട്ടൽ മതിയായിരുന്നു.

രാഷ്ട്രീയത്തിന്റെ ആകാശത്തിൽ പറന്നുകളിക്കുന്ന പൂമ്പാറ്റയായേ വീരപ്പൻ ആദ്യമൊക്കെ ജയലളിതയെ കണ്ടുള്ളൂ. പക്ഷേ, പാർട്ടിയിലെ ഗ്ലാമർ ചേംബറിൽ തുള്ളിച്ചാടാൻ ജയ ആഗ്രഹിച്ചില്ല. അതിനപ്പുറം വേരുറപ്പിക്കുക അവരുടെ ലക്ഷ്യമായിരുന്നു. തന്റെ കഴിവുകളിൽ പൂർണവിശ്വാസമുണ്ടായിരുന്നു ജയലളിതയ്ക്ക്. ഇംഗ്ലീഷ് ദേശീയ പത്രത്തിനു നൽകിയ ഇന്റർവ്യൂവിൽ ജയലളിത പറഞ്ഞു: ‘‘എന്നെ അത്ര ലാഘവത്തിലെടുക്കാൻ കഴിയില്ല. അത്തരത്തിലുള്ള ഒരു വ്യക്തിയല്ല ഞാൻ.’’

Jayalalitha വെറും മൂന്നാംകിട സിനിമാക്കാരിയായി അറിയപ്പെടാൻ അവർ ആഗ്രഹിച്ചില്ല. അവരുടെ സ്വപ്നങ്ങൾക്കു വിസ്തീർണം കൂടുതലായിരുന്നു

അറിഞ്ഞോ അറിയാതെയോ എംജിആറിന്റെ പിൻഗാമിയുടെ കസേര അവർക്കു നേരെ നീങ്ങിവരികയായിരുന്നു. അതിൽ അസഹ്യത പൂണ്ട ആർ.എം.വീരപ്പൻ, ജയലളിതയുടെ റെപ്യൂട്ടേഷനിൽ ചെളി പുരട്ടാൻ ആവതു ശ്രമിച്ചു.

രാഷ്ട്രീയത്തിൽ ഒരു ക്രൗഡ് പുള്ളിങ് നേതാവുണ്ടെങ്കിൽ പകുതി വിജയിച്ചു. മുഖ്യമന്ത്രിയുടെ ഭാരിച്ച ഉത്തരവാദിത്തംമൂലം പൊതുമീറ്റിങ്ങുകളിൽ പങ്കെടുക്കാൻ എം.ജി.ആറിനു കഴിഞ്ഞില്ല. ആ സ്ഥലങ്ങളിലൊക്കെ അദ്ദേഹം ജയലളിതയെ പറഞ്ഞയച്ചു. തമിഴ്നാട് രാഷ്ട്രീയംകണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളറായിരുന്നു ജയലളിത. അവരുടെ മുൻപിൽ വീരപ്പനോ കരുണാനിധിപോലുമോ ഒന്നുമായിരുന്നില്ല. എല്ലാ പാർട്ടി സെക്രട്ടറിമാരും അവരുടെ കൂടെയായിരുന്നു. തലൈവർക്കുശേഷം അമ്മ – അതു തമിഴരുടെ വിശ്വാസമായിരുന്നു.

അവരുടെ ജനസ്വാധീനത്തിൽ ഡിഎംകെ നേതാക്കൾ പതറി. എംജിആർ ജയലളിതയെ പാർട്ടിയുടെ പ്രൊപ്പഗൻഡാ സെക്രട്ടറിയാക്കി. അതിൽ രോഷംപൂണ്ട വീരപ്പനും സംഘവും അവർക്കുനേരെ തോക്ക് തിരിച്ചുവച്ചു. എഐഎഡിഎംകെയുടെ ഉന്നത നേതാക്കൾ ഒന്നടങ്കം ജയയുടെ കൂടെയായിരുന്നു. അതുകൊണ്ട് ആ കൊടുങ്കാറ്റ് ചായക്കോപ്പയ്ക്കുള്ളിലൊതുങ്ങി.
ഒരു ഇന്റർവ്യൂവിനു ജയലളിത പറഞ്ഞു: എംജിആർ എനിക്ക് എല്ലാമാണ്. അച്ഛൻ, അമ്മ, സുഹൃത്ത്, വഴികാട്ടി, സഹായി, എല്ലാം... എല്ലാം. ഒരിക്കലും എന്നെ താഴ്ത്തിക്കെട്ടാൻ അദ്ദേഹം അനുവദിക്കില്ല. വിശ്വസിക്കുന്നവരെ താഴ്ത്തിക്കെട്ടുന്ന സ്വഭാവം അദ്ദേഹത്തിനില്ല.

പക്ഷേ, ഒരിക്കലും അദ്ദേഹം എന്റെ പ്രേമഭാജനമാണ് എന്നവർ പറഞ്ഞിട്ടില്ല. അങ്ങനെ പറ‍ഞ്ഞിട്ടില്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ആരാധകർക്കിഷ്ടം. അതാണവരെ അണ്ണി എന്ന് വിളിക്കുന്നത്. അണ്ണന്റെ ജോടിയാണല്ലോ അണ്ണി.

Jayalalitha ജനസേവനമായിരുന്നു അവരുടെ സ്വപ്നം. ഗോസിപ്പുകളുടെ ലോകമായ സിനിമാരംഗത്തുനിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു അവർക്കു രാഷ്ട്രീയം.

എംജിആർ അവരെ പാർട്ടിയുടെ പ്രൊപ്പഗൻഡാ സെക്രട്ടറിയാക്കുമ്പോൾ അവരുടെ പാർട്ടിയിലെ സ്ഥാനവും മാന്യതയും കൂടി. അവരുടെ ഗ്ലാമർ മേക്കപ്പ് ഒരു തടസ്സമായി നിന്നു. ഒരു സിനിമാനടിയുടെ ലുക്ക് മാറ്റണം. ഒരു ഇരുത്തംവന്ന രാഷ്ട്രീയ നായികയുടെ ഡീഗ്ലാമറൈസ്ഡ് ലുക്ക് വരുത്തണം. സ്വർണാഭരണങ്ങൾ ഏറെക്കുറെ ഉപേക്ഷിച്ചു. ലളിതമായ വെള്ളസാരി ധരിക്കാൻ തുടങ്ങി. പക്ഷേ, അവർ എത്രത്തോളം സൗന്ദര്യരൂപത്തിൽനിന്ന് അകന്നുനിന്നോ അത്രത്തോളം സൗന്ദര്യവതിയായിരുന്നു.

ജയലളിതയിൽ സഹജമായ ഒരു മാന്ത്രിക സാന്നിധ്യം പാർട്ടി മീറ്റിങ്ങുകളിൽ അവർക്കു തുണയായി. കരുണാനിധി അവർക്കെതിരെ പ്രസംഗവേദികളിൽ മൂർച്ചയേറിയ കല്ലുകൾ എറിയുമ്പോൾ കയ്യടിക്കുന്ന അതേ ജനംതന്നെ അവരുടെ പ്രസംഗം കേൾക്കുമ്പോൾ കയ്യടിച്ചു.

ഷേക്സ്പിയറിന്റെ ജൂലിയസ് സീസർ എന്ന നാടകത്തിലെ രംഗംപോലെ സീസറിന്റെയും മാർക്ക് ആന്റണിയുടെയും പ്രസംഗംകേട്ട് ജനം മാറിമാറി കയ്യടിച്ചു.
ജനത്തെ കയ്യിലെടുക്കാനുള്ള വാഗ്വിലാസം ജയലളിതയ്ക്കു വേണ്ടുവോളമുണ്ടായിരുന്നു. പ്ലാറ്റ്ഫോമിൽനിന്ന് ‘ജന മനഃശാസ്ത്രം’ അവർ ഭംഗിയായി പഠിച്ചു. ജനം തിങ്ങിനിറഞ്ഞ ഒരു വേദിയിൽനിന്നവർ പറയുന്നു:

‘‘പറയൂ, നിങ്ങൾ പുരട്ചി തലൈവരോടൊപ്പമാണോ? ആയിരക്കണക്കിനു വിശന്നുവലയുന്ന ആൾക്കാരുടെ പട്ടിണി മാറ്റുന്ന പുരട്ചി തലൈവരോടൊപ്പമാണോ പറയൂ.’’
ഇടിവെട്ടുന്ന കയ്യടി. ആ ഇടിവെട്ടിനിടയ്ക്ക് ആരെങ്കിലും അല്ല എന്നുപറഞ്ഞാൽ അവന്റെ പുറത്താകും ഇടി!

Jayalalitha ജയലളിത പാർട്ടിയുടെ അഗ്രിമസ്ഥാനത്തേക്കുയരുകയായിരുന്നു. അവർ തങ്ങൾ കൊതിച്ച കസേര വലിച്ചിട്ടിരിക്കുമോ എന്നു മുതിർന്ന നേതാക്കൾപോലും ഭയപ്പെട്ടു.

ആ ഗ്ലാമറോടുകൂടി അവർ തമിഴ്നാട്ടിലങ്ങോളമിങ്ങോളം സഞ്ചരിച്ചു. അതിൽ സ്പർധ പൂണ്ട ശകുനിമാർ പാർട്ടിയിൽ ധാരാളമുണ്ട്. പക്ഷേ, എംജിആർ എന്ന ദൈവത്തിന്റെ‌ കൈയിലിരിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരിസ് അവരുടെ ചുണ്ടിലമർന്നു.

പ്രസംഗിക്കുക മാത്രമല്ല ജയ ചെയ്തത്. അവർ ഭാഗികമായി പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു. നിവേദനങ്ങൾ സ്വയം സ്വീകരിക്കാൻ തുടങ്ങി. തുടർച്ചയായി പാർട്ടി മീറ്റിങ്ങുകൾ അറ്റൻഡ് ചെയ്യാത്ത മുതിർന്ന നേതാക്കൾക്കുപോലും ഷോക്കോസ് നോട്ടിസ് നൽകാൻ തുടങ്ങി. ഉച്ചഭക്ഷണശാലയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തെറ്റുകുറ്റങ്ങൾ കണ്ടവർക്കെതിരെ ശിക്ഷണനടപടിയെടുത്തു. തങ്ങളുടെ നിയോജക മണ്ഡലത്തിൽ സമയം ചെലവഴിക്കാതെ നിത്യവും എംജിആറിന്റെ വസതിയായ രാമാവരം ഗാർഡൻസിൽ ഹാജർ വയ്ക്കുന്ന എംഎൽഎമാർ, ജയലളിതയുടെ ശകാരത്തിനു പാത്രമായി.

ജയലളിത പാർട്ടിയുടെ അഗ്രിമസ്ഥാനത്തേക്കുയരുകയായിരുന്നു. അവർ തങ്ങൾ കൊതിച്ച കസേര വലിച്ചിട്ടിരിക്കുമോ എന്നു മുതിർന്ന നേതാക്കൾപോലും ഭയപ്പെട്ടു. താമസിയാതെ ഒരു ക്യാബിനറ്റ് പോസ്റ്റ് അവർ കയ്യടക്കുമെന്ന് അവർ വിശ്വസിച്ചു. പക്ഷേ, എംജിആറിന്റെ ചിന്ത മറ്റൊരു വഴിക്കായിരുന്നു. തമിഴ്നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ ഒരാൾ വേണം. സമർഥനായ ഒരാൾ. എംജിആറിന്റെ കണ്ണ് ജയലളിതയിൽ പതിഞ്ഞു. അവർക്ക് ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകൾ നന്നായി വഴങ്ങും. സിനിമാതാരമെന്ന ഗ്ലാമർ വേറെയും. 1984ൽ ജയലളിത രാജ്യസഭാ മെംബറായി നോമിനേറ്റ് ചെയ്യപ്പെട്ടു. മുപ്പത്തിയാറാം വയസ്സിൽ ആ സ്ഥാനത്തെത്തിയ അപൂർവം വനിതകളിലൊരാളായിരുന്നു ജയലളിത.
എവിടെച്ചെന്നാലും ആളുകളുടെ ശ്രദ്ധ തന്നിലേക്കു കേന്ദ്രീകരിക്കത്തക്ക ഒരുതരം മാസ്മരികത ജയലളിതയ്ക്കുണ്ടായിരുന്നു. രാജ്യസഭയിലെ കന്നിപ്രസംഗം ആൾക്കാരുടെ കണ്ണും കരളും കവർന്നു. സഹമെംബറായ കുശ്‌വന്ത് സിങ് ജയലളിതയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: ‘തലച്ചോറുള്ള സുന്ദരി.’

അവരുടെ പ്രസംഗം ശ്രദ്ധയോടെ കേട്ടിരുന്ന ഒരാളുണ്ടായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി! ഇന്ദിരാഗാന്ധിക്കു ജയലളിതയോടു നല്ല മതിപ്പുണ്ടായിരുന്നു. അവർ തമ്മിൽ കണ്ടുമുട്ടണമെന്ന് എംജിആർ ആഗ്രഹിച്ചു. അതിനായി ഒരു ദൂതനെ ഡൽഹിയിലേക്ക് അയച്ചു. ഇന്ദിരാഗാന്ധി പത്തു മിനിറ്റ് സമയം അനുവദിച്ചു. അവരുടെ സംസാരം അരമണിക്കൂർ നീണ്ടു. പിരിയുമ്പോൾ തമിഴ്നാട്ടിൽ ശോഭയുള്ള ഒരു നേതാവിനെ ഇന്ദിരാഗാന്ധി കണ്ടു. സാധാരണ എംജിആർ ഒരു കാര്യത്തിനു നിയോഗിച്ചാൽ അതുകഴിഞ്ഞ് അദ്ദേഹത്തിനു റിപ്പോർട്ട് ചെയ്യുക പതിവായിരുന്നു. ഇന്ദിരാഗാന്ധിയുമായുള്ള മീറ്റിങ്ങിന്റെ ഔട്ട് കം അറിയാൻ എംജിആർ സ്വാഭാവികമായും ആകാംക്ഷാഭരിതനുമായിരുന്നു. മീറ്റിങ് അറേഞ്ച് ചെയ്ത ദൂതൻ ജയലളിതയോടു ചോദിച്ചു:

Jayalalitha Indira അവരുടെ പ്രസംഗം ശ്രദ്ധയോടെ കേട്ടിരുന്ന ഒരാളുണ്ടായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി! ഇന്ദിരാഗാന്ധിക്കു ജയലളിതയോടു നല്ല മതിപ്പുണ്ടായിരുന്നു.

​‘മാഡം, തലൈവനുമായി ഇക്കാര്യത്തെക്കുറിച്ചു സംസാരിച്ചോ?’
ജയ ഉദാസീനയായി പറഞ്ഞു:‌
‘ഞങ്ങൾ നേരിൽ കാണാൻ പോവുകയല്ലേ.’
അതുകേട്ടപ്പോൾ എംജിആറിനു നീരസം തോന്നി.
ജയലളിതയുടെ കാൽ ഷൂസിനപ്പുറം വളർന്നു. അത് എംജിആർ ഭക്തരെ പ്രകോപിപ്പിച്ചു. അവരെ തൃപ്തിപ്പെടുത്താനായിരിക്കണം അദ്ദേഹം ജയലളിതയെ പ്രൊപ്പഗൻഡാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി.