Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയായ അമ്മയുടെ സ്നേഹം കൊതിച്ച അമ്മു !

Jyalalitha ജയലളിത

വീടിന്റെ മുന്നിൽ വന്നിറങ്ങിയ അച്ഛന്റെ കൂട്ടുകാരെ കണ്ട് ആ രണ്ടു വയസ്സുകാരി ഓടിച്ചെന്നു. കാണുമ്പോഴെല്ലാം മടിയിലെടുത്തു ലാളിക്കാറുള്ള, അഭിഭാഷകരായ അച്ഛന്റെ സഹപ്രവർത്തകരുടെ മുഖത്തെ ചിരി മാഞ്ഞു.

‘അങ്കിൾ അച്ഛനെവിടെ?’
അതിനവർക്കു മറുപടിയില്ലായിരുന്നു. അവരുടെ തോളിൽ പിടിച്ചു രണ്ടു വയസ്സുകാരി അമ്മു പിന്നെയും ചോദിച്ചു:
‘പറയൂ, അങ്കിൾ അച്ഛനെവിടെ?’
‘അച്ഛൻ... അച്ഛൻ പോയി മോളെ.’
പിറകെ ആംബുലൻസിൽ തുണിയിൽ പൊതിഞ്ഞ, പിതാവിന്റെ മൃതദേഹമെത്തി. തുണിക്കകത്ത്, തന്നെ എന്നും കൊഞ്ചിക്കാറുള്ള, അമ്മു എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന അച്ഛനാണുള്ളതെന്ന സത്യം ഉൾക്കൊള്ളാൻ ആ രണ്ടു വയസ്സുകാരിക്കു കഴിഞ്ഞില്ല.
ജയറാമിന്റെ മരണത്തിൽ അടിപതറിയത് അദ്ദേഹത്തിന്റെ ഭാര്യ വേദയാണ്. അപ്രതീക്ഷിതമായി വന്നുകയറിയ അകാല വൈധവ്യം. പോറ്റാൻ ശൈശവം മാറാത്ത രണ്ടു കുട്ടികൾ, അമ്മുവും സഹോദരൻ പപ്പുവും.

Jyalalitha രണ്ടു വയസുള്ളപ്പോൾ ജയലളിത

ഒരു ജോലിയില്ല, വരുമാനമില്ല, കുട്ടികളുടെ പഠിത്തം... എല്ലാ ചെലവുകളും നടക്കണം. ഗത്യന്തരമില്ലാതെ അവർ ബാംഗ്ലൂരിലുള്ള അച്ഛന്റെ വീട്ടിലേക്കു മാറി. രംഗസ്വാമി അയ്യങ്കാർ ഒരു യാഥാസ്ഥിതിക ബ്രാഹ്മണനായിരുന്നു. തമിഴ്നാട്ടിലെ ശ്രീരംഗത്തുനിന്നു വന്നു താമസിക്കുന്നയാൾ. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ഒരു ചെറിയ ജോലിയുണ്ടദ്ദേഹത്തിന്. തന്റെ ചെറിയ വരുമാനംകൊണ്ടു കുടുംബം പുലർത്താൻ അദ്ദേഹം നന്നേ ബുദ്ധിമുട്ടി.

മൂന്നു പെൺമക്കളായിരുന്നു രംഗസ്വാമി അയ്യങ്കാർക്ക്. വേദ, അംബുജ, പത്മ. കുടുംബപരമായി എല്ലാവരും അഴകുള്ളവരായിരുന്നു. കൂട്ടത്തിൽ അതീവസുന്ദരിയായിരുന്നു മൂത്തയാൾ വേദ. എങ്ങനെയെങ്കിലും ഒരു ജോലി
സമ്പാദിക്കണമെന്നും അച്ഛന്റെ സാമ്പത്തിക ഞെരുക്കത്തിന് ഒരു അയ വു വരുത്തണമെന്നും വേദ ആഗ്രഹിച്ചു. ഇൻകംടാക്സ് ഓഫിസിൽ ഒരു ചെറിയ ജോലി സ്വീകരിക്കാൻ അവർ തയാറായി. പക്ഷേ, അതുകൊണ്ടൊന്നും മതിയായില്ല. അവർക്കു കിട്ടുന്ന തുച്ഛമായ ശമ്പളം കുട്ടികളുടെ ഫീസിനുപോലും തികയുന്നില്ല.
പിന്നെ എന്തു വഴി?

Jyalalitha ജയലളിത സഹോദരൻ പപ്പു, അച്ഛൻ ജയറാം, അമ്മ വേദ(ഫയൽ ചിത്രം)

ഒരു വഴിയടയുമ്പോൾ ദൈവം ഒൻപതു വഴി തുറക്കും.
യാദൃച്ഛികമായാണു കന്നട ഫിലിം പ്രൊഡ്യൂസർ കെംപരാജ് അരശ് വേദയെ കാണുന്നത്. അവരുടെ രൂപം ക്യാമറയ്ക്കു മുന്നിൽ ഒരു ഉദ്യാനം വിരിയിക്കുമെന്ന് അയാൾ ഭാവനയിൽ കണ്ടു. തന്റെ പുതിയ പടത്തിൽ അവരെ അഭിനയിപ്പിക്കാൻ അയാൾ താൽപര്യപ്പെട്ടു. വേദയെ സിനിമയിൽ അഭിനയിപ്പിക്കാമോ എന്ന ചോദ്യവുമായി കെംപരാജ് അരശ്, രംഗസ്വാമി അയ്യങ്കാരെ സമീപിച്ചു. അയ്യങ്കാർ അരശിനെ തല്ലാതെ വിട്ടെന്നേയുള്ളൂ.

വേദയുടെ അനിയത്തി അംബുജ ഒരു റിബലായിരുന്നു. ഒരു സ്വകാര്യ വിമാന കമ്പനി അവർക്ക് എയർഹോസ്റ്റസിന്റെ ജോലി വാഗ്ദാനം ചെയ്തു. അയ്യങ്കാർ പൊട്ടിത്തെറിച്ചു. തന്റെ മകൾ എയർഹോസ്റ്റസ് ജോലിക്കു പോകുന്നതു കുടുംബത്തിനു മാനക്കേടുണ്ടാക്കുമെന്നും അതുകൊണ്ട് അവർ ജോലി നിരസിക്കണമെന്നും ആജ്ഞാപിച്ചു. ഒരു നിഷേധിയായ അവർ അച്ഛന്റെ ആജ്ഞ അനുസരിച്ചില്ല. കോപിഷ്ഠനായ അയ്യങ്കാർ മകളെ വീട്ടിൽ നിന്നു പുറത്താക്കി. തന്റെ രണ്ടാമത്തെ മകൾ മരിച്ചുപോയെന്നും പ്രഖ്യാപിച്ചു. തുടർന്നു സുന്ദരിയായ അംബുജ സിനിമയിലെത്തി. പേരു വിദ്യാവതി എന്നാക്കി മാറ്റി. ചെന്നൈയിലൊരു വീടും വച്ചു.

Jyalalitha പഠിക്കാൻ മുൻനിരയിലായിരുന്നു അമ്മു. അധ്യാപകർക്കൊക്കെ പ്രിയങ്കരി.

സഹോദരി വേദയെയും കുട്ടികളെയും അവർ ആ വീട്ടിലേക്കു ക്ഷണിച്ചു. തന്നെക്കാൾ സുന്ദരിയായ വേദയിൽ അംബുജയ്ക്കൊരു സിനിമാക്കണ്ണുണ്ടായിരുന്നുവെന്നു വേദയ്ക്കു പിന്നീടാണു മനസ്സിലായത്. കുട്ടികൾക്കു നല്ല വിദ്യാഭ്യാസം നൽകണമെന്ന വേദയുടെ അദമ്യമായ ആഗ്രഹം അവരെ അതിലേക്കു പ്രേരിപ്പിച്ചു. പക്ഷേ, അനിയത്തിയുടെ വരുമാനത്തിന്റെ പങ്കുപറ്റി കഴിയാൻ വേദ തയ്യാറായിരുന്നില്ല. സ്വന്തമായ ഒരു ജോലിയെടുത്തു കുടുംബത്തിന്റെ പ്രാരബ്ധം കുറയ്ക്കാൻ അവർ ആഗ്രഹിച്ചു. അതിനവരെ സഹായിച്ചതു സിനിമാരംഗമാണ്. അതീവ സുന്ദരിയായ വേദയ്ക്കു മുന്നിൽ സിനിമയുടെ കവാടം മലർക്കെ തുറന്നു. തന്റെ സഹോദരിക്കു സിനിമയിൽ നിന്നു ലഭിക്കുന്ന ഭേദപ്പെട്ട വരുമാനം അവർക്കു പ്രചോദനമായി. സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ അവർ നിശ്ചയിച്ചു.

ഒരിക്കൽ നിരാശനായി മടങ്ങിയ അതേ കെംപരാജ് അരശ് തന്നെയാണ് അതിന് അവസരമൊരുക്കിയത്. അരശ് വേദയുടെ പേരു സന്ധ്യ എന്നാക്കി മാറ്റി.
സന്ധ്യ എന്ന സുന്ദരിയെ സിനിമാ രംഗം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ധാരാളം അവസരങ്ങൾ. സെറ്റുകളിൽ നിന്നു സെറ്റുകളിലേക്കു പറക്കുന്ന പഞ്ചവർണക്കിളി. പക്ഷേ, തന്റെ രണ്ടു കുട്ടികൾക്കും അമ്മയുടെ വാൽസല്യവും പരിചരണവും ലഭിക്കുന്നില്ല എന്ന ചിന്ത സന്ധ്യയെ വേദനിപ്പിച്ചു. ഇടയ്ക്കു വീട്ടിലെത്തുമ്പോൾ ആ അമ്മ മിഠായിക്കു പകരം പുസ്തകങ്ങൾ സമ്മാനിക്കുമായിരുന്നു. അമ്മു പുസ്തകങ്ങളുമായി ബന്ധം സ്ഥാപിച്ചത് അങ്ങനെയാണ്.

Jyalalitha ജയലളിത പതിമൂന്നാം വയസിൽ

പഠിക്കാൻ മുൻനിരയിലായിരുന്നു അമ്മു. അധ്യാപകർക്കൊക്കെ പ്രിയങ്കരി. പക്ഷേ, സ്കൂളിലെ നല്ല അനുഭവങ്ങൾക്കിടയിൽ അവരെ വേദനിപ്പിച്ച ഒന്നുണ്ട്. അമ്മയുടെ അസാന്നിധ്യം. സ്കൂളിൽ സംഘടിപ്പിച്ച ഒരു ഉപന്യാസ മൽസരത്തിൽ അമ്മു പങ്കെടുത്തു. അതിൽ അവൾക്കു സമ്മാനവും കിട്ടി. വിഷയം: "My mother whom she means to me" (എന്റെ അമ്മ അവർക്ക് ഞാനാരാണ്). അസംബ്ലി ഹാളിൽ ആ ലേഖനം വായിക്കാൻ അമ്മുവിന് അവസരം കിട്ടി. അതിൽ അമ്മയ്ക്കുവേണ്ടി കാത്തിരുന്ന നിമിഷങ്ങളെക്കുറിച്ചാണ് അമ്മു എഴുതിയിരുന്നത്. അതു വായിച്ചുകേട്ട അമ്മ സന്ധ്യ അവളെ പുണർന്നു മാപ്പു ചോദിച്ചു. ഇനിയത് ആവർത്തിക്കില്ല എന്നു വാക്കും കൊടുത്തു.

പക്ഷേ, പിന്നെയും അതൊക്കെ ആവർത്തിച്ചു കൊണ്ടേയിരുന്നു. അമ്മയ്ക്കുവേണ്ടി കാത്തിരിക്കുന്നത് അമ്മുവിന്റെ ഒരു ശീലമായി. ഫിലിം പ്രൊഡ്യൂസേഴ്സും നടന്മാരും അസമയത്തൊക്കെ വീട്ടിൽ കയറിവരുമായിരുന്നു. അവർ കാണിക്കുന്ന അമിത സ്വാതന്ത്ര്യം അമ്മുവിന് അരോചകമായി തോന്നി. സന്ധ്യ കുട്ടികളോടൊത്തു ത്യാഗരാജ നഗറിലേക്കു മാറിയപ്പോൾ അമ്മുവിനു പതിമൂന്നു വയസ്സായിരുന്നു. അന്നവർ ചർച്ച് പാർക്ക് കോൺവന്റിൽ പഠിക്കുന്നു. സിനിമാനടിയുടെ മകളെ കൂട്ടുകാരിയായി അംഗീകരിക്കാൻ സഹപാഠികൾ തയ്യാറായിരുന്നില്ല. അതവരെ വല്ലാതെ വേദനിപ്പിച്ചു.

(തുടരും)