Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്മയങ്ങളിലേക്കു വിളിക്കുന്ന ആ മൂന്നാംകണ്ണ്

praveen പ്രവീൺ പി. മോഹൻദാസ്

‘ഒപ്പാസിറ്റി ഒന്ന് പിടിച്ചിട്ട് സ്മഡ്ജ് ചെയ്ത് ഡോഡ്ജ് ചെയ്ത് ഷാർപ്പൻ ചെയ്തെടുത്താൽ സംഭവം കിടു'. കഴിഞ്ഞില്ല, നേരെ ഫെയ്സ്ബുക്കിലോട്ട് അപ്‌ലോഡ് ചെയ്യുക. ലൈക്കോട് ലൈക്ക്, കമന്റോട് കമന്റ്!. കാശുള്ളവരെല്ലാം കിടു ക്യാമറ വാങ്ങുന്നു, കാടു കയറുന്നു, പടം പിടിക്കുന്നു... ഈ കാഴ്ചകൾ കണ്ട് മനം മടുത്തവർക്ക് പരിചയപ്പെടാം തൃശൂർ പേരമംഗലം സ്വദേശി പ്രവീൺ പി. മോഹൻദാസിനെ. ജോലികൊണ്ട് ആർക്കിടെക്ട്, പാഷൻ ഫൊട്ടോഗ്രഫിയിലും. ആദ്യത്തെ താത്പര്യം ചിത്രരചനയിലായിരുന്നു. പിന്നീട് ക്യാമറയിലൂടെയായി ചിത്രരചന. ആർക്കിടെക്ചർ, വൈൽഡ് ലൈഫ് ചിത്രങ്ങളിൽ തുടക്കം. പതിനാറ് വർഷത്തിലേറെയായി ഫൊട്ടോഗ്രഫിയിൽ സജീവമാണ്. കേരളത്തിൽ ആദ്യമായിട്ടാവും ഒരു ഫൊട്ടോഗ്രഫർ ഇൻഫ്രാറെഡ് ഫൊട്ടോഗ്രഫിക്കു വേണ്ടി കാമറയുടെ സെൻസർ മാറ്റിവയ്ക്കുന്നത്. ഫൊട്ടോഗ്രഫിയിലെ നിയമങ്ങളും ചട്ടക്കൂടുകളും പൊളിക്കുന്ന ചിത്രങ്ങളാണ് പ്രവീണിനെ വ്യത്യസ്തനാക്കുന്നത്. 

കാട്ടിൽ ചിത്രങ്ങളെടുക്കാൻ ഇപ്പോൾ ധാരാളം ഫൊട്ടോഗ്രഫേഴ്സ് എത്തുന്നുണ്ട്. ഒരേ കാഴ്ചയുടെ ആവർത്തനങ്ങളായ ചിത്രങ്ങൾ. അതിൽനിന്ന് തന്റെ ചിത്രങ്ങളെ എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിച്ചും പഠിച്ചും നിരീക്ഷിച്ചും സംവദിച്ചും കടന്നു പോയ വഴികളെക്കുറിച്ച് പ്രവീൺ പറയുന്നു.

സ്കൂളിൽ പഠിക്കുമ്പോഴേ ചിത്രരചനയിൽ സജീവമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഒരു വർഷം ആർക്കിടെക്ട് പഠനത്തിനുള്ള എൻട്രൻസ് തയാറെടുപ്പിനൊപ്പം ഫൊട്ടോഗ്രഫി പഠിക്കാനും ചേർന്നു. ഫിലിമിൽ പടമെടുക്കുന്ന കാലം. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെടുത്താണ് തുടങ്ങിയത്. സ്റ്റുഡിയോ അസിസ്റ്റന്റായിനിന്ന് ഫിലിം ഡവലപ്പിങ്ങും മറ്റും ചെയ്തു പഠിച്ചു. ഒരു റോൾ ഫിലിമിന്റെ കരുതൽ, ആവശ്യത്തിനു മാത്രമുള്ള ക്ലിക്കുകൾ, ആ ഫിലിം റോൾ നിറയാനുള്ള കാത്തിരിപ്പ്, ഡെവലപ്പ് ചെയ്യുമ്പോഴുള്ള ആകാംക്ഷ. ഒടുവിൽ, വ്യൂഫൈൻഡറിലൂടെ കണ്ട ഫ്രെയിം പ്രിന്റായി കയ്യിലെത്തുമ്പോഴുള്ള സന്തോഷം.

ആർക്കിടെക്ചർ പഠിക്കാൻ തമിഴ്നാട്ടിലേക്ക് വണ്ടികയറുമ്പോൾ ബന്ധു സമ്മാനിച്ച ക്യാമറ കൂടെയുണ്ടായിരുന്നു. ഷട്ടറും അപ്പർച്ചറും മാത്രം കൃത്യമായി പ്രവർത്തിക്കുന്നൊരു പഴയ ഫിലിംക്യാമറയും ലെൻസും. പഠനത്തോടൊപ്പം കോളേജിലെ ക്യാമറാമാനായും പ്രവർത്തിച്ചു. അദ്യാമൻ കോളജ് ഒാഫ് എൻജിനിയറിങ്ങിലെ പരിപാടികളെല്ലാം ഈ ക്യാമറയിലായിരുന്നു പകർത്തിയിരുന്നത്. 

Black Drongo Black Drongo

ഫൊട്ടോഗ്രഫിയിൽ ആദ്യം കൈവച്ചത് ആർക്കിടെക്ചർ, ട്രാവൽ, പിക്ടോറിയൽ ചിത്രങ്ങളിലായിരുന്നു. ‌പഠനശേഷം ആദ്യം ജോലി കിട്ടിയത് ബെംഗളൂരുവിലാണ്, ആർക്കിടെക്ചർ ഫൊട്ടോയ്ക്കുള്ള അവസരങ്ങളും ധാരാളമുണ്ടായിരുന്നു. ആർക്കിടെക്ടിന്റെ ജോലിക്കൊപ്പം ഫ്രീലാൻസായി വൈൽഡ് ലൈഫ് ചിത്രങ്ങളെടുക്കാൻതുടങ്ങി. ആദ്യത്തെ യാത്ര ബന്ദിപ്പൂർ വൈൽഡ് ലൈഫ് സാങ്ചുറിയിലേക്കായിരുന്നു. ആ യാത്രയാണ് കാടുമായും അവിടുത്തെ ജീവിതങ്ങളുമായും കൂടുതൽ അടുപ്പിച്ചത്. കാട്ടിലേക്കുള്ള യാത്രയിൽ ഏറെ പഠനങ്ങളും തയാറെടുപ്പുകളും വേണം. ഫൊട്ടോഗ്രഫിയിലെ നിയമങ്ങളും രീതികളും പഠിക്കാൻ സഹായിച്ചത് ബാംഗ്ളൂരിലെ  യൂത്ത് ഫൊട്ടോഗ്രഫി സൊസൈറ്റി യാണ്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലെ വമ്പന്മാർ പലരും അതിലെ അംഗങ്ങളായിരുന്നു. കാട്ടിൽ ക്യാമറയുമായി കയറുമ്പോൾ നമ്മൾ പാലിക്കേണ്ട ചില ചിട്ടകളും പടമെടുപ്പിന്റെ നിയമങ്ങളുമുണ്ട്. അതെല്ലാം കാര്യമായി പഠിച്ചുകഴിഞ്ഞപ്പോൾ, അവയെങ്ങനെ പൊളിച്ചുകളയാം എന്നായി ചിന്ത!. 

b-w14 ബ്ലാക്ക് ആൻഡ് വൈറ്റ്

റൂൾ ഒാഫ് തേഡ്, കോംപോസിഷൻ എന്നിവയിൽ ഉപയോഗിച്ചു വരുന്ന അടിസ്ഥാന നിയമങ്ങളാണ് ആദ്യം തെറ്റിച്ചത്. ലിഖിത നിയമങ്ങൾക്കപ്പുറം, ഫൊട്ടോഗ്രഫിയിൽ സ്വന്തം വഴി തെളിച്ചെടുക്കുകയായിരുന്നു പ്രവീൺ.

2004 ൽ ആദ്യത്തെ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയെങ്കിലും ഫിലിം ക്യാമറയുടെ ഒതുക്കം ഉള്ളിൽ സൂക്ഷിച്ചായിരുന്നു ഒരോ ക്ലിക്കും. എഡിറ്റിങ് അത്യാവശ്യത്തിനാകാമെന്നാണ് പ്രവീണിന്റെ അഭിപ്രായം. ഡാർക്ക് റൂമിൽ ഫിലിമിൽ ചെയ്ത കാര്യങ്ങൾ മാത്രമേ ഡിജിറ്റൽ ചിത്രങ്ങളിൽ ഫോട്ടോഷോപ് ഉപയോഗിച്ചു ചെയ്യുന്നുള്ളു. ചില മിനുക്കുപണികൾ ചെയ്യുമ്പോഴാണ് ചില ചിത്രങ്ങൾക്ക് ജീവനുണ്ടാകുക. ഡിജിറ്റൽ ഫൊട്ടോഗ്രഫിയുടെ ഗുണം, നിയന്ത്രണം മുഴുവൻ ഫൊട്ടോഗ്രഫറുടെ കൈകളിലാണെന്നതാണ്. എത്ര വിലകൂടിയ ക്യാമറയാണെങ്കിലും പരിമിതികൾ ഉണ്ട്. കണ്ണുകൊണ്ട് കാണുന്നതിനു പകരമാവില്ല ഒരിക്കലും ചിത്രങ്ങൾ. 

സോഷ്യൽ മീഡിയയ്ക്കായി പടമെടുക്കില്ല

യാത്രകൾക്കിടെ എടുക്കുന്നവയിൽ  കുറച്ചു ചിത്രങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ. ഓരോ ട്രിപ്പു കഴിയുമ്പോഴും ഇരുപതോ മുപ്പതോ ചിത്രങ്ങൾ തിരഞ്ഞെടുത്ത് സുഹൃത്തുക്കൾക്ക് അയയ്ക്കും. അവരുടെ അഭിപ്രായങ്ങൾ കേൾക്കാറുണ്ട്. വിമർശനങ്ങൾ സ്വീകരിക്കും. ശ്രദ്ധിക്കാതെ പോയ പലകാര്യങ്ങളും അവരുടെ വിലയിരുത്തലിൽ ഉണ്ടാവും. അതല്ലാതെ സോഷ്യൽ മീഡിയയിൽ അപ്പപ്പോൾ ചിത്രങ്ങൾ ഇടാൻ തോന്നാറില്ല. ഫോട്ടോ എന്നത് ഫൊട്ടോഗ്രഫറുടെ  സ്വകാര്യതയാണ്, അനുഭവങ്ങളുടെയും ചിന്തകളുടെയും പ്രതിഫലനമാണ്.

fly Flying away....

ഒരു ഫോട്ടോ ഇഷ്ടപ്പെട്ടാൽ അതേരീതിയിലുള്ള ചിത്രമെടുക്കാനാണ് പലരുടെയും ശ്രമം. സോഷ്യൽ മീഡിയയിലെ ലൈക്കുകൾ കൊണ്ട്  മാത്രം ഫൊട്ടോഗ്രഫർക്ക് ഗുണമില്ല, എന്നാൽ സമൂഹമാധ്യമങ്ങളിൽനിന്നു ലഭിക്കുന്ന ബന്ധങ്ങളെ നന്നായി ഉപയോഗിക്കാൻ പറ്റും.  പുതിയ കാഴ്ചകളിലേക്കു കണ്ണുതുറന്നിരിക്കാനുള്ള ജാഗ്രതയാണ് അയാൾക്കുണ്ടാവണം.  പുതിയ ചിന്തയും അതിൽനിന്നുണ്ടാവുന്ന പുതിയ ആശയങ്ങളുമാണ് വേണ്ടത്. 

സബജക്റ്റാണ് പ്രധാനം, ചിത്രങ്ങൾക്കുവേണ്ടി അതിനെ ശല്യപ്പെടുത്തുന്നതോ അതിന്റെ സ്വാഭാവിക ചലനങ്ങളെ തടസ്സപ്പെടുത്തുന്നതോ ന്യായീകരിക്കാൻ പറ്റില്ല. No picture is worth more than the well being of your subject.

ചിത്രങ്ങൾ കാണേണ്ടത് സാധാരണക്കാർ...

ആർട്ട് ഗാലറികളിലെ പ്രദർശനത്തെക്കാൾ സാധാരണക്കാർക്ക് കാണാവുന്നവിധം ചിത്രപ്രദർശനം നടത്തുന്നതാണ് നല്ലത്. സ്ട്രീറ്റ് ഫൊട്ടോഗ്രഫി എക്സിബിഷൻ പോലെ. സ്വന്തമായി എക്സിബിഷൻ സംഘടിപ്പിക്കുകയാണെങ്കിൽ ഇത്തരത്തിലായിരിക്കും. കാരണം തൃശൂർ സാഹിത്യഅക്കാദമിക്കു സമീപം ഓപൺഏരിയയിൽ നടന്ന ഒരു എൻവയൺമെന്റൽ ഫിലിം എകിസിബിഷന്റെ ഭാഗമായി കുറച്ച് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അക്കാദമിക്കടുത്ത് കാടു പിടിച്ചു കിടന്നിരുന്ന സ്ഥലത്തായിരുന്നു ചിത്രങ്ങൾ വച്ചിരുന്നത്. ഓട്ടോ ഡ്രൈവർമാരും ലോട്ടറിക്കച്ചവടക്കാരുമൊക്കെയായിരുന്നു കാഴ്ചക്കാരായിരുന്നു. ലോട്ടറി വിറ്റു നടന്നിരുന്ന, അൽപം മാനസിക വിഭ്രാന്തിയുള്ളൊരു സ്ത്രീയും വന്നിരുന്നു. ഒന്നൊര  മണിക്കൂറോളമെടുത്ത് അവർ ചിത്രങ്ങൾ കണ്ടു. അതിലൊരു പെലിക്കന്റെ ചിത്രമുണ്ടായിരുന്നു. ആ പക്ഷിയെ കണ്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. സാധാരണ തമിഴ്നാട്ടിലെ കൂന്തൻകുളം പോലുള്ള സ്ഥലത്താണ് പെലിക്കണെ കാണാറ്. ഈ സ്ത്രീയുടെ യാത്രകൾക്കിടയിൽ എവിടെവച്ചോ ഈ പക്ഷിയെ കണ്ടത് അവർ തിരിച്ചറിഞ്ഞു. 

inf-3 ജിം കോർബറ്റ് നാഷണൽ പാർക്കിൽ നിന്ന് ഇൻഫ്രാറെഡ് ടെക്നിക്കിൽ പകർത്തിയ ചിത്രം.

യാത്രകൾ...

ഇന്ത്യയിലെ ഒട്ടുമിക്ക കാടുകളിലൂടെയും സഞ്ചരിച്ചു കഴിഞ്ഞു. ലഡാക്ക് മുതൽ കന്യാകുമാരിവരെയുള്ള യാത്രകളിൽ ഓരോന്നും ഓരോ അനുഭവങ്ങളായിരുന്നു. കാട്ടിലെത്തിയാൽ അവിടെനിന്ന് ഫോട്ടോ എടുത്തേ മടങ്ങൂ എന്നൊന്നും വാശിയില്ല. മിക്കപ്പോഴും ആദ്യത്തെ രണ്ടു ദിവസം ക്യാമറ തുറക്കാറേയില്ല. കാടിനെ അറിയാനാണ് ശ്രമിക്കുക.

പോകാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കാണ്. എല്ലാ വർഷവും പോകാറുണ്ട്. തീർഥയാത്ര പോലെയാണ് അവിടേക്കുള്ള ഓരോ യാത്രയും. ഈ യാത്രയിൽ കിട്ടിയ ചില സൗഹൃദങ്ങളുണ്ട്. നാൽപത് വർഷമായി മുടങ്ങാതെ കോർബറ്റിലെത്തുന്നവരും ആ കൂട്ടത്തിലുണ്ട്. 

വൈൽഡ് ലൈഫ് ചിത്രങ്ങൾ എടുക്കാൻ ഇന്ത്യയ്ക്കു പുറത്തേക്കു പോകുന്നതിൽ താൽപര്യമില്ല. ആഫ്രിക്കയിലും മറ്റും പോകുന്ന പണമുണ്ടെങ്കിൽ ഇവിടെത്തന്നെ നല്ല യാത്രകൾ നടത്താം.

കേരളത്തിൽ, ആഗ്രഹമുണ്ടായിട്ടും ഇതുവരെ പോകാൻ പറ്റാത്ത രണ്ടു സ്ഥലങ്ങൾ ഇരവികുളവും പറമ്പിക്കുളവുമാണ്. ഇരവികുളത്ത് ഒരിക്കൽ അനുവാദം കിട്ടിയതായിരുന്നു. പക്ഷേ അനുമതിക്കത്ത് കൃത്യസമയത്ത് അവിടെ എത്താത്തതുകൊണ്ട് തിരിച്ചു പോരേണ്ടി വന്നു. കേരളത്തിലെ മിക്ക വന്യജീവി സങ്കേതങ്ങളിലും യാത്രാസമയം ഫൊട്ടോഗ്രഫർമാർക്ക് അനുകൂലമല്ല. തേക്കടിയിലും മറ്റും ബോട്ടിങ് തുടങ്ങുന്നത് താമസിച്ചാണ്. നല്ല ലൈറ്റിൽ പടം എടുക്കാൻ പറ്റിയില്ലെങ്കിൽ കാര്യമില്ലല്ലോ. ഉത്തരേന്ത്യയിൽ ഈ കാര്യത്തിൽ നിയമങ്ങൾ കുറച്ചുകൂടി ഫൊട്ടോഗ്രഫിക്ക് അനുകൂലമാണ്. 

കാടു കയറാൻ പോകുന്നതുകൊണ്ടുതന്നെ ആർക്കിടെക്ട് ജോലി ഇപ്പോൾ ഫ്രീലാൻസായി. ഫോട്ടോ എടുക്കാൻ വേണ്ടി ജോലി ചെയ്യുന്നു.  യാത്ര പോകുമ്പോൾ തൃശൂരിലെ ആർക്കിടെക്ട് സ്റ്റുഡിയോയുടെ മേൽനോട്ടം ആർക്കിടെക്ടായ ഭാര്യ വൈഷ്ണവിക്കാണ്. ചെറുപ്പംതൊട്ടേ യാത്രകളിൽ ഫിലിം വാങ്ങാനുള്ള പൈസ അമ്മയെങ്ങനെയെങ്കിലും നൽകുമായിരുന്നു. അച്ഛൻ മോഹൻദാസ് ബിസിനസിന്റെ തിരക്കുകളിലായിരിക്കും. അമ്മ മൃദുല കുറിപിടിച്ച് കിട്ടുന്ന തുകയാണ് അന്നൊക്കെ ഫിലിം വാങ്ങാൻ തന്നിരുന്നത്. 

എന്തുകൊണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ...

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ യാഥാർഥ്യമല്ല. ആ ഒരു ബോധ്യത്തോടെയാണ് കാഴ്ചക്കാർ ചിത്രങ്ങൾ കാണുന്നത്. ഒരു കലാസൃഷ്ടികാണുന്ന പോലെ ആസ്വദിക്കാൻ പറ്റും. അറിയാത്തൊരു കാര്യം കാണുന്ന കൗതുകം ആ ചിത്രങ്ങൾ സമ്മാനിക്കും. ചിത്രങ്ങൾ ആസ്വദിക്കുന്നവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരിക്കും. കളർ ചിത്രങ്ങൾ കാണുമ്പോൾ കാഴ്ചക്കാരുടെ മനസിൽ അതൊരു യാഥാർഥ്യമായാണ് പതിയുന്നത്, അവർക്ക് പരിചയമുള്ള ചില കാഴ്ചകൾ... അതിലപ്പുറം ഒരു കൗതുകത്തിലേക്ക് പോകാൻ പറ്റുന്നില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ആസ്വദിക്കാൻ കഴിയണം. ചൈനീസ് ഭാഷ ഒരു പേപ്പറിൽ എഴുതി തന്നാൽ നമുക്ക് ആ ഭാഷ അറിയില്ലാത്തതുകൊണ്ട് അത് മോശമെന്ന് പറയാൻ പറ്റില്ലല്ലോ?

ഭാഗ്യം...

കാട്ടിലെ ചിത്രങ്ങൾ എടുക്കുക എന്നത് ഫൊട്ടോഗ്രഫറുടെ മാത്രം ആഗ്രഹവും ആവശ്യവുമാണ്. തൊണ്ണൂറു ശതമാനം ഭാഗ്യം, പത്തുശതമാനം ആ ഭാഗ്യത്തെ ഉപയോഗിക്കാനുള്ള മിടുക്ക്. 

ആശയങ്ങളുടെ വൈവിധ്യമുള്ള ഫ്രെയിമുകൾ

മൾട്ടിപ്പിൾ എക്സ്പോഷർ, ബ്ലാക്ക് ആൻഡ് വൈറ്റ്, ലൈഫ് ആഫ്റ്റർ ഡെത്ത്, അർബൻ വൈൽഡ് ലൈഫ്, ഇൻഫ്രാറെഡ്... ചിത്രങ്ങൾക്കുള്ള വ്യത്യസ്തമായ ആശയങ്ങൾ കിട്ടുന്നത് സൗഹൃദ ചർച്ചകളിൽനിന്നും ധാരാളം ചിത്രങ്ങൾ കാണുന്നതിൽ നിന്നുമാണ്.

inf-7 ജിം കോർബറ്റ് നാഷണൽ പാർക്കിൽ നിന്ന് ഇൻഫ്രാറെഡ് ടെക്നിക്കിൽ പകർത്തിയ ചിത്രം.

ഇൻഫ്രാറെഡ് ഫൊട്ടോഗ്രഫി, ടെക്നിക്, പ്രത്യേകതകൾ, സാധ്യതകൾ

കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഇൻഫ്രാറെഡ് രശ്മികൾ പകർത്തുന്ന സംവിധാനം. ക്യാമറയിൽ ഫിലിം ഉപയോഗിച്ചിരുന്ന കാലത്തും ഇൻഫ്രാറെഡ് ഫിലിം ഉണ്ടായിരുന്നു, ആ ടെക്നിക്കിന്റെ ഡിജിറ്റൽ ആവിഷ്ക്കാരമാണ് ഇത്. രണ്ടു വർഷത്തെ പഠനത്തിനു ശേഷമാണ് പ്രവീൺ ഈ രീതിയിൽ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയത്. ഇൻഫ്രാറെഡ് എഫക്ടിനു വേണ്ടി ഫിൽട്ടറുകൾ ഉപയോഗിക്കുന്നവരുണ്ട്. ആദ്യം ആ രീതിയിൽ ചിത്രങ്ങൾ എടുത്തു നോക്കി. ഫിൽട്ടർ ഉപയോഗിക്കുമ്പോൾ ലൈറ്റ് വല്ലാതെ കുറയുന്നത് ഒരു പ്രശ്നമായിരുന്നു. ഇത് പരിഹരിക്കാനുള്ള അന്വേഷണത്തിലാണ് അമേരിക്കയിൽ ക്യാമറയിൽ ഇൻഫ്രാറെഡ്  സെൻസർ വച്ചുകൊടുക്കുമെന്ന് കേട്ടത്. കണ്ണുകൾകൊണ്ട് കാണാനാവാത്ത ഇൻഫ്രാറെഡ്  കിരണങ്ങൾ കട്ട് ചെയ്തുകളയുന്ന ഫിൽട്ടറാണ് സാധാരണ ക്യാമറയിലുള്ളത്. അതു മാറ്റി വിസിബിൾ സ്പെക്ട്രം കട്ട് ചെയ്യുന്ന ഫിൽട്ടർ വയ്ക്കും.അമേരിക്കയിലേക്ക് പോയ ഒരു ബന്ധുവിന്റെ കൈയിൽ കാനൺ മാർക്ക് 2 ക്യാമറ കൊടുത്തുവിട്ട് ഫിൽട്ടർ മാറ്റി. കേരളത്തിൽ ആദ്യമായാണ് ഒരാൾ ആ പരീക്ഷണത്തിന് മുതിരുന്നത്.

ഇൻഫ്രാറെഡ് ചിത്രം ഇൻഫ്രാറെഡ് ചിത്രം പ്രോസസ് ചെയ്യുന്നതിന് മുൻപ്

ഇങ്ങനെ എടുക്കുന്ന ചിത്രങ്ങൾ ക്യാമറയിൽ നോക്കുമ്പോൾ പിങ്ക് ടോണിലാണ് കാണുക. ലൈറ്റ് റൂം അല്ലെങ്കിൽ ഫൊട്ടോഷോപ്പ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി പ്രോസസ് ചെയ്തെടുക്കണം. പണ്ട് ഫിലിം ഡെവലപ്പ് ചെയ്തെടുത്തിരുന്ന അതേ പ്രോസസ് തന്നെയാണ് ഇവിടെ സോഫ്റ്റ് വെയർ ചെയ്യുന്നതും. ഇങ്ങനെയെടുക്കുന്ന ചിത്രങ്ങളുടെ ഡീറ്റയിൽസ് കൃത്യമായി കാണാനാവും. ക്രിയേറ്റീവ് കംപോസിഷനും സബ്ജക്ടും ചേർന്നാൽ ഔട്ട് പുട്ട് ഞെട്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. 

infrared ഇൻഫ്രാറെഡ് ചിത്രം എഡിറ്റിങിനു ശേഷം

ഇൻഫ്രാറെഡ് സാധ്യതകൾ

എക്സ്പോഷർ കുറയാതെ മൂവ്മെന്റ് പകർത്താനുള്ള അനന്ത സാധ്യതകളുണ്ടിതിൽ. പ്രോസസിങ്ങിൽ കംപ്യൂട്ടർ മാത്രമല്ല ചിത്രം എടുത്തയാളുടെ ക്രിയേറ്റിവിറ്റി കൂടി പ്രവർത്തിക്കണം. ചിത്രം വരയ്ക്കുന്നതു പോലെ മനസിലെ ഇമേജ് ഫ്രെയിമിലേക്കെത്തിക്കുക. ഫോട്ടോ എടുത്തപ്പോൾ ശ്രദ്ധിക്കാതെ പോയ ചില അദ്ഭുതക്കാഴ്ചകളാകും പ്രോസസിങ്ങിൽ തെളിഞ്ഞു വരുന്നത്.

inf-4-523 ജിം കോർബറ്റ് നാഷണൽ പാർക്കിൽ നിന്ന് ഇൻഫ്രാറെഡ് ടെക്നിക്കിൽ പകർത്തിയ ചിത്രം.

What is Next ?

Canon EOS-3  ഫിലിം ക്യാമറ ഒരെണ്ണം വാങ്ങിയിട്ടുണ്ട്.  ഒരു സുഹൃത്തിന്റെ കൈയിൽ ഉപയോഗിക്കാത്ത കുറച്ച് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉണ്ട്. 

കൊഡാക്ക്, ഫ്യൂജി ഫിലിം കമ്പനികൾ വരുന്നതിനും മുൻപേ നമ്മുടെ നാട്ടിൽ ഫിലിം ഉണ്ടാക്കിയിരുന്നു. ഗ്ലാസ് പ്ലെയിറ്റിൽ രാസലായനികൾ ഒഴിച്ചാണ് രൂപപ്പെടുത്തിയിരുന്നത്. ഇനി പരീക്ഷണങ്ങൾ ഫിലിമിലും ചെയ്യണം. 

ഡിജിറ്റൽ യുഗത്തിൽനിന്ന് ഫിലിമിലേക്ക് തിരിച്ചു നടക്കുന്ന ഈ ഫൊട്ടോഗ്രാഫർ കാഴ്ചക്കാർക്ക് ചിന്തിപ്പിക്കുന്ന ചിത്രങ്ങൾ നൽകാൻ ശ്രമിക്കുന്നു. ഇദ്ദേഹത്തിന് രാജ്യാന്തരതലത്തിൽ ഫൊട്ടോഗ്രഫിയിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബിബിസി വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ മത്സരത്തിൽ രണ്ടുതവണ ഫൈനലിസ്റ്റ് ആയിരുന്നു. ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ സാഞ്ച്വറി ഏഷ്യ മത്സരത്തിൽ ആറ് തവണ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചിന്തകളും ചിത്രങ്ങളും വേറിട്ടതാകാൻ, കാഴ്ചക്കാരെ കാണാക്കാഴ്ചകളിലേക്ക് നയിക്കാനുള്ള വിവിധ പ്രൊജക്ടുകളുടെ ജോലികൾ നടക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോ മ്യൂസിയമായ ഫോട്ടോ മ്യൂസിന്റെ (Photo Muse) ന്റെ പ്രൊജക്ട് കോഓർഡിനേറ്ററാണ് പ്രവീൺ. ഫോട്ടോ മ്യൂസിന്റെ ആഭിമുഖ്യത്തിൽ വിവിധ യാത്രകളും ക്യാമ്പുകളിലൂടെയും അനുഭവത്തിന്റെ പാഠങ്ങൾ പകർന്നു കൊടുക്കുന്നു.

പതിവുവഴികളിൽനിന്ന് കുതറിമാറുന്ന ചിന്തകളും ആശയങ്ങളും കണ്ണുതുറന്നിരിക്കുന്ന ക്യാമറയുമായി പ്രവീൺ യാത്ര തുടരുകയാണ്. ചിലപ്പോൾ അവയൊരു പുസ്തകമായോ നഗരത്തിരക്കിൽ നിന്നകന്ന് മരത്തണലുകളുടെ തണലിൽ നിരത്തി വച്ചിരിക്കുന്ന ചിത്രങ്ങളായോ നിങ്ങൾക്കു മുന്നിലെത്താം. വെറുതെ കണ്ടു മറക്കാനല്ല, മനസിൽ സൂക്ഷിക്കാൻ; ചിന്തിക്കാനും പ്രചോദിപ്പിക്കാനും.

‘ഫൊട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റൂല്ല പക്ഷേ പഠിക്കാൻ പറ്റും’: മഹേഷ് ഭാവനയോട് ഒരിക്കൽ അപ്പൻ വിൻസെന്റ് ഭാവനയാണ് ഇതുപറഞ്ഞത്. കാഴ്ചയുടെ മൂന്നാംകണ്ണു തുറന്ന് കാഴ്ചക്കാരെ വിസ്മയങ്ങളിലേക്കു വിളിക്കുന്ന ഓരോ ഫൊട്ടോഗ്രഫറും ഓരോ ഫ്രെയിമിലും കാണുന്നത് ഓരോ പാഠമാണ്. അത് അറിഞ്ഞുകാണാൻ നമ്മളും പഠിക്കണം.

Your Rating: