Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ജാക്കറ്റ് മുതൽ വെഡ്ഡിങ്ങിനു വരെ ഇപ്പോൾ ഖാദിയാണു താരം

Khadi the new trend ലോകം മുഴുവൻ ഖാദിയെ തിരിച്ചറിയുമ്പോൾ സ്വന്തം നാട്ടിൽ ഖാദിയോടു കൂട്ടുകൂടുന്ന ഫാഷനിസ്റ്റകൾ കുറവാണ്

ഖാദി എന്നാൽ കെട്ടിലും മട്ടിലും പഴമയാണെന്ന ധാരണ വെട്ടിയൊതുക്കി പുതിയ പാറ്റേണുകൾ തയ്ച്ചെടുക്കുകയാണ് ഡിസൈനർ ലോകം. വൻ ബ്രാൻഡുകളും ലേബലുകളും ഖാദിയോടു കൂട്ടുകൂടിക്കഴിഞ്ഞു. രാജ്യാന്തര ഫാഷൻ വേദികളിൽ ഖാദിയുടെ കൈപിടിച്ചാണ് ഇന്ത്യൻ ഡിസൈനർമാർ റാംപിലെത്തുന്നത്. ലോകം മുഴുവൻ ഖാദിയെ തിരിച്ചറിയുമ്പോൾ സ്വന്തം നാട്ടിൽ ഖാദിയോടു കൂട്ടുകൂടുന്ന ഫാഷനിസ്റ്റകൾ കുറവാണ്. ഖാദിക്കു പുതുമയുടെ കട്ടിങ്ങും പാറ്റേണും നൽകി ഡിസൈനർ വ്യത്യസ്തതയൊരുക്കുകയാണ് ‘കൽപതരു’ ഖാദി ഡിസൈനർ സ്റ്റുഡിയോ. 

സുഖപ്രദം ഖാദി

Warm in winter and Cool in Summer എന്ന പ്രത്യേകത ഖാദിക്കു മാത്രം സ്വന്തം. ഇതുപോലെ ചർമസൗഹൃദം പുലർത്തുന്ന മറ്റൊരു തുണിത്തരമില്ല. ചൂടുകാലത്തു ചർമത്തിനു ശ്വസിക്കാൻ ആവോളം ഇടംനൽകുന്ന അതേ തുണിത്തരം തണുപ്പുകാലത്തു ശരീരത്തിനു ഇളംചൂടും നൽകും. ഖാദിയിൽ  പുതുമയില്ലെന്നു പരാതിപ്പെട്ടവർക്ക് ഇനി ചിന്തകൾ മാറ്റിയെഴുതാം. ഡിസൈനർ വ്യത്യസ്തകൾക്കൊപ്പം നൈറ്റ് വെയർ, ബർമുഡ പോലുള്ള വേഷങ്ങളും കുട്ടികൾക്കുള്ള വസ്ത്രങ്ങളും ഖാദിയിൽ തയാർ. കംപ്ലീറ്റ് എത്‌നിക് സ്റ്റുഡിയോ എന്ന സങ്കൽപത്തിലാണ് കൽപതരുവിന്റെ പ്രവർത്തനം. കസ്റ്റമൈസ്ഡ് സ്റ്റിച്ചിങ് യൂണിറ്റും ഡിസൈനർമാരുമുള്ളതിനാൽ ആവശ്യക്കാരുടെ താൽപര്യമനുസരിച്ചു വസ്ത്രങ്ങൾ തയാറാക്കാം. ഖാദി തുണിത്തരത്തിലുള്ള വസ്ത്രങ്ങൾ മാത്രമേ ഒരുക്കൂ എന്നതു മാത്രമാണ് നിബന്ധന.

ഖാദി v/s കൈത്തറി

രാജ്യത്തെമ്പാടും ഹാൻഡ്‌ലൂം പ്രചാരണപ്രവർത്തനങ്ങൾ നടക്കുമ്പോൾ പലരുടെയും മനസിൽ ഖാദിയും കൈത്തറിയും ഒന്നാണെന്ന ധാരണയുണ്ടാവുക സ്വാഭാവികം. കൈത്തറിയിൽ ഉപയോഗിക്കുന്നതു മെഷീൻ നൂലുകളാണെങ്കിൽ ഖാദിയിൽ പഞ്ഞിയിൽ നിന്നു നൂലുണ്ടാക്കുന്നതു മുഴുവൻ തുണിയൊരുക്കുന്നതുവരെയുള്ള മുഴുവൻ ജോലികളും ഹാൻ‌ഡ് മെയ്ഡ് ആണെന്ന പ്രത്യേകതയുമുണ്ട്.

pair-in-khadi

ഖാദി വെഡ്ഡിങ്

ഖാദിയോടു കൂട്ടുകൂടാൻ മടിച്ചുനിൽക്കുന്നവരുടെ ഇടയിൽ നിന്നാണ് ഒരു കുടുംബം വിവാഹത്തിനുള്ള വസ്ത്രങ്ങൾക്കായി ഖാദി തിരഞ്ഞെടുത്തത്. ക്രിസ്ത്യൻ മനസമ്മത ചടങ്ങിൽ വധുവിനു വേണ്ടി പാരമ്പര്യ വസ്ത്രമായ ചട്ടയും മുണ്ടും  തയാറാക്കി. ഖാദി സിൽക്കിൽ ആണ് ഇവയൊരുക്കിയത്. സിൽക്ക് തുണിത്തരമായതിൽ പരമ്പരാഗത രീതിയിൽ മുണ്ടു ധരിക്കുന്നതു പ്രയാസമാകുമെന്നതുകൊണ്ട് അതു സ്കർട്ട് പാറ്റേണിൽ തയ്ച്ചെടുത്തു. ബ്ലൗസിൽ കസവു വേണ്ടെന്ന വധുവിന്റെ താൽപര്യം മുൻനിർത്തി പ്രത്യേക അലങ്കാരത്തുന്നലും ലെയ്സ് വർക്കും ചേർത്തു മനോഹരമാക്കി. ഇതു കൂടാതെ വരന്റെ വസ്ത്രങ്ങളും അടുത്ത ബന്ധുക്കളുടെ വസ്ത്രങ്ങളും ഖാദിയിൽ തന്നെയാണ് ഒരുക്കിയത്.

ഡിസൈനർ ഖാദി

ഏതു ഡിസൈനർ വ്യത്യസ്തതകളോടും കിടപിടിക്കുന്ന രീതിയിൽ ഖാദിയിൽ വസ്ത്രമൊരുക്കാമെന്ന ആത്മവിശ്വാസം കൂടിയാണ് കൽപതരു. യുവതലമുറയെ ആകർഷിക്കുന്ന ഡിസൈനുകൾറെഡി ടു വെയർ ആയി തയാർ. ഇതോടൊപ്പം തന്നെ മ്യൂറൽ, കലംകാരി, ഇജിപ്ഷ്യൻ പെയിന്റിങ്ങുകൾ ആവശ്യാനുസരണം ചെയ്യാം. ഇതുൾപ്പെടെ കസ്റ്റമറുടെ ആവശ്യമനുസരിച്ചോ ഡിസൈനറുടെ സേവനം തേടിയോ വസ്ത്രങ്ങളൊരുക്കാം. പ്ലെയിൻ ഖാദി സിൽക്ക് സാരിയിൽ ആവശ്യമുള്ള ഡിസൈനുകൾ ചെയ്തെടുക്കാം. ഖാദിയിൽ കേരള സാരിയില്ലാത്തതിനാൽ ഖാദി സിൽക് സാരിയിൽ മ്യൂറൽ/ കലംകാരി പെയിന്റിങ് ചെയ്തെടുക്കാം.

എത്‌നിക് ആഭരണങ്ങൾ

ടെറക്കോട്ട, ജ്യൂട്ട്, ചിരട്ട, പേപ്പർ, ക്ലോത്ത്, തടി ആഭരണങ്ങളും കൽപതരു സ്റ്റുഡിയോയിൽ ഡിസൈൻ ചെയ്തെടുക്കാം. സാരിയിൽ ചെയ്ത ഡിസൈന് അനുയോജ്യമായ ആഭരണങ്ങൾ വേണമെന്നാണെങ്കില്‍ അതേ ഡിസൈൻ ചേർത്ത ആഭരണങ്ങൾ ടെറക്കോട്ടയിലോ തടിയിലോ ഒരുക്കാം. തുണികൊണ്ടുള്ള ആഭരണങ്ങളും ഇവിടെ പ്രത്യേകമായി ചെയ്തെടുക്കുന്നുണ്ട്. 

kids-in-khadi

മോദി ജാക്കറ്റ്

ഖാദി കോട്ടണിൽ ചെയ്ത മോദി ജാക്കറ്റിന് ആരാധകരേറെ. അതുകൊണ്ടു തന്നെ മോദി ജാക്കറ്റ് പ്രത്യേക ബ്രാൻഡായി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കൽപതരു.

തിരുവനന്തപുരം സർവോദയ സംഘിനു കീഴിലുള്ള ‘കൽപതരു’ രാജ്യത്തെ ആദ്യ എക്സ്ക്ലൂസിവ് ഖാദി സ്റ്റുഡിയോയാണെന്നു ജോയിന്റ് സെക്രട്ടറി അനുഷ മാർട്ടിൻ പറയുന്നു. സംഘം പ്രസിഡന്റ് കെ.ജി ബാബുരാജിന്റെ ആശയമാണ് ഖാദിക്കു മാത്രമായുള്ള ഡിസൈനർ സ്റ്റുഡിയോയിലേക്കു വഴിതെളിച്ചത്. സംഘത്തിനു കീഴിലുള്ള ഇരുന്നൂറ്റമ്പതോളം പേരുടെ അധ്വാനമാണു കൽപതരുവിന്റെ പ്രവർത്തനത്തിനു കൈമുതൽ. 

ഫോൺ: 8281108669

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam