Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായയ്ക്കും ടിവി റിമോട്ട്, ഇഷ്ട ചാനൽ കണ്ട് ആർത്തു കുരയ്ക്കാം!

Remote For Dogs Representative Image

ഈ വിവരമറിയുമ്പോൾ നായ്ക്കൾ ആർത്തു കുരയ്ക്കും. സന്തോഷംകൊണ്ടു തല തല്ലിച്ചിരിക്കും..! നായ്ക്കൾക്കും പ്രവർത്തിപ്പിക്കാവുന്ന റിമോട്ട് കൺട്രോളർ പണിപ്പുരയിലാണ്. സീരിയൽ കണ്ട് കണ്ണീരുകളയാൻ യജമാനത്തിമാരെ നായ്ക്കൾ അനുവദിക്കാത്ത കാലം അത്ര വിദൂരമല്ലെന്നു സാരം. പെറ്റ് ഫുഡ് നിർമാതാക്കളായ വാഗ് ആൻഡ് എക്‌സ്‌പേർട്‌സ് ആണ്
നായ്ക്കൾക്കു റിമോട്ട് എന്ന ആശയത്തിനു പിന്നിൽ. യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ലങ്കാഷൈറിലെ കംപ്യൂട്ടർ ഡിസൈനർമാരാണ് ആശയത്തിനു ജീവൻ നൽകുന്നത്. ‌‌

നായ്ക്കൾ ഉപയോഗിച്ചാലും കുഴപ്പം പറ്റാത്ത ഉറപ്പേറിയ വാട്ടർ പ്രൂഫ് പ്ലാസ്റ്റിക് കൊണ്ടാണ് റിമോട്ട് നിർമാണം. ഉയരത്തിൽ നിർമിക്കുന്ന വലിപ്പമേറിയ ബട്ടനുകൾ അരുമകൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാം. ഒരു നായ ആഴ്ചയിൽ ശരാശരി ഒൻപതു മണിക്കൂർ ടിവിക്കു മുന്നിൽ ചെലവഴിക്കുന്നതായാണ് മൃഗങ്ങളും കംപ്യൂട്ടറും തമ്മിലുളള ബന്ധത്തെക്കുറിച്ചു പഠനം നടത്തുന്ന ഇല്യാന ഹിർസ്‌കി ഡഗ്ലസിന്റെ കണ്ടെത്തൽ. അതിനർഥം സാങ്കേതിക വിദ്യ ഇപ്പോൾതന്നെ നമ്മുടെ ഓമന മൃഗങ്ങളെ സ്വാധീനിക്കുന്നുവെന്നാണ്- അവർ പറയുന്നു.

റിമോട്ടിലെ നിറങ്ങളോടും ശബ്ദങ്ങളോടും ബട്ടനുകളോടും നായ്ക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്നു നിരീക്ഷിക്കുകയാണ് വിദഗ്ധർ. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ റിമോട്ടുകൾ വിജയമായതോടെ കൂടുതൽ റിമോട്ടുകൾക്ക് ഓർഡർ കൊടുക്കാനിരിക്കുകയാണ് വാഗ് ആൻഡ് എക്‌സ്‌പേർട്‌സ്. റിമോർട്ടുകൾ വൻ വിജയമായിരിക്കുമെന്ന കാര്യത്തിൽ വക്താവ് ഡാൻ റീവ്‌സിന് ഒരു സംശയവുമില്ല. അരുമകളെ ഒറ്റയ്ക്കിട്ടു പുറത്തുപോകുന്നതും അവയെക്കൂട്ടാതെ മറ്റു ജോലിയിൽ ഏർപ്പെടുന്നതും ചില വീട്ടുകാർക്കെങ്കിലും വിഷമമാണ്. ഇനി ടിവി വച്ച് റിമോട്ട് കാൽക്കീഴിൽ നൽകിയാൽ സുഖമായി ടിവി കണ്ടോളും റീവ്‌സിന്റെ അഭിപ്രായമിതാണ്. 

Your Rating: