Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ അടുത്ത നിരോധനം, ഇനി ജീൻസും വേണ്ട, ഫോണും വേണ്ട!

Jeans

ലെഗിങ്സു പോലെ നേരത്തെ മുതൽ ചീത്തപ്പേരു കേൾക്കുന്ന പ്രത്യക്ഷത്തിൽ യാതൊരു പ്രശ്നവുമില്ലാത്ത വസ്ത്രമാണ് ജീൻസ്. ജീൻസ് ഇടുന്നതാണ് പീഡനങ്ങൾക്കു കാരണം, ജീൻസ് സെക്സിയായ വസ്ത്രമാണ് എന്നിങ്ങനെ നാൾക്കുനാൾ ഒരുകാരണവുമില്ലാതെ ജീൻസ് പഴി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഉത്തർപ്രദേശിലെ ചില ഗ്രാമങ്ങളിൽ ജീൻസ് നിരോധിക്കുക തന്നെ ചെയ്തിരിക്കുന്നു. ജീൻസ് മാത്രമല്ല, മൊബൈൽ ഫോണും നിരോധിച്ചിരിക്കുകയാണ്. അവിവാഹിതരായ പെൺകുട്ടികൾ ജീൻസും ടീഷർട്ടും മൊബൈൽ ഫോണും ഉപയോഗിക്കുന്നതു നിരോധിച്ചു കൊണ്ടുള്ള ദിക്തയാണ് വില്ലേജ് കൗണ്‍സിൽ പുറപ്പെടുവിച്ചിരിക്കുന്നത്.

മുസാഫിർ നഗറിലെയും സഹരൻപൂറിലെയും പത്തിലധികം ഗ്രാമങ്ങളിലാണ് നിരോധനം ബാധകമാകുക. വിവാഹിതരല്ലാത്ത പെൺകുട്ടികൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് അഭികാമ്യമല്ലെന്നാണ് കൗൺസിലിന്റെ വാദം. ഇത്തരം വസ്ത്രങ്ങൾ നഗരങ്ങളിൽ ധരിക്കുന്നതു കൊണ്ടു പ്രശ്നമുണ്ടാകില്ല, പക്ഷേ അതു നമ്മുടെ ഗ്രാമങ്ങളിൽ അനുവദിക്കാൻ പാടില്ല, വില്ലേജ് കൗൺസിൽ ഇത്തരം വസ്ത്രങ്ങളെ തീര്‍ത്തും നിരോധിച്ചിരിക്കുന്നു. നിയമത്തെ എതിർക്കുന്നവർ ആരായാലും അവരെ ഗ്രാമത്തിൽ നിന്നും ബഹിഷ്കരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

വിവാഹിതരല്ലാത്ത പെൺകുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ നിരോധിക്കുന്നതിനും കൗണ്‍സിലിനു കാരണമുണ്ട്, പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കാൻ മൊബൈൽ ഫോൺ കാരണമാകുന്നുവെന്നാണ് അവരുടെ വാദം. പെൺകുട്ടികൾ മൊബൈൽ ഫോണ്‍ വഴി പുരുഷന്മാരോടാണ് സംസാരിക്കുന്നതെങ്കിൽ അത് അതിക്രമങ്ങൾക്കു വഴിവെയ്ക്കും. അതുകൊണ്ട് മൊബൈൽഫോണും നിരോധിക്കണം. വിവാഹിതരായ ഉത്തരവാദിത്ത ബോധമുള്ള യുവാക്കൾ മാത്രം മൊബൈൽ ഉപയോഗിക്കുന്നതാണ് നല്ലതെന്നും കൗണ്‍സിൽ അംഗങ്ങൾ വ്യക്തമാക്കി.

അതേസമയം കൗൺസിൽ നിര്‍ദ്ദേശങ്ങൾക്കെതിരെ വനിതാ സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.