Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നറിയിപ്പ്! വിന്‍ഡോസ് 10ന് ഗുരുതര പ്രശ്‌നമെന്ന് മൈക്രോസോഫ്റ്റ്; വൻ ദുരന്തം

Windows10

ഏറ്റവും പുതിയ വിന്‍ഡോസ് 10 അപ്‌ഡേറ്റ് ഇന്‍സ്‌റ്റാള്‍ ചെയ്താല്‍ കംപ്യൂട്ടറിലെ ഫയലുകളെ മുഴുവന്‍ തുടച്ചു നീക്കിയേക്കാം. ഇന്‍സ്‌റ്റാള്‍ ചെയ്ത പലരും അവർ കംപ്യൂട്ടറുകളില്‍ നിന്ന് കംപ്യൂട്ടറുകളിലേക്കു പകര്‍ന്ന് പതിറ്റാണ്ടുകളായി സംഭരിച്ചു വച്ചിരുന്ന വിലപിടിച്ച രേഖകളും ഫോട്ടോയുമൊക്കെ അപ്രത്യക്ഷമായി. മൈക്രോസോഫ്റ്റ് നടത്തിയ അന്വേഷണം അത് ശരിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് കമ്പനി തന്നെ ഇതേപ്പറ്റി മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്.

വിന്‍ഡോസ് 10ല്‍ ഉപയോക്താവിന് ഒഎസ് അപ്‌ഡേറ്റുകളെ നിയന്ത്രിക്കാനാവില്ല. വൈഫൈയുമായി കണക്ടു ചെയ്യുമ്പോള്‍ തനിയെ അപ്‌ഡേറ്റ് ഡൗണ്‍ലോഡാകും. എപ്പോള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്ന കാര്യത്തില്‍ മാത്രമാണ് ഉപയോക്താവിന് തീരുമാനിക്കാവുന്നത്. ഡേറ്റയെല്ലാം വലിച്ച് ഇത് ഡൗണ്‍ലോഡ് ആയി. എന്നാല്‍ പിന്നെ ഇന്‍സ്റ്റാള്‍ ചെയ്‌തോട്ടെ എന്ന് ഉപയോക്താവ് തീരുമാനിക്കും. ആപ്പിള്‍ പോലും ഡൗണ്‍ലോഡിങ് സമയത്തും അപ്‌ഡേറ്റിനു മുൻപും ഉപയോക്താവിന്റെ സമ്മതം വാങ്ങുമെന്നിരിക്കെ മൈക്രോസോഫ്റ്റ് തോന്നിവാസമാണ് കാണിക്കുന്നത്. വിൻഡോസ് 10 ന്റെ സുപ്രധാന അപ്‌ഡേറ്റായ 1809 ആണ് പ്രശ്‌നം കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു. (തമാശ എന്താണെന്ന ചോദിച്ചാല്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ വേണ്ടെന്നു വച്ച് കാശു കൊടുത്തു ജെന്യുവിന്‍ വിന്‍ഡോസ് മേടിച്ച് ഇന്‍സ്‌റ്റാള്‍ ചെയ്തിരിക്കുന്നവര്‍ക്കാണ് ഈ ഗതി വന്നിരിക്കുന്നതെന്നാതാണ്! പൈറേറ്റഡുകാരുടെ എല്ലാ അപ്‌ഡേറ്റും ബ്ലോക്കു ചെയ്തിരിക്കുകയാണല്ലോ.)

പ്രശ്‌നം ഗുരുതരമാണെന്നു കണ്ടതോടെ തങ്ങള്‍ അപ്‌ഡേറ്റ് (Windows 10 October 2018 Update (version 1809)) തല്‍കാലത്തേക്ക് തടഞ്ഞിരിക്കുകയാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ചില ഉപയോക്താക്കളുടെ ഫയലുകള്‍ നഷ്ടപ്പെട്ടതിനാല്‍ അപ്‌ഡേറ്റ് തടയുന്നുവെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. പക്ഷേ, ഫോറങ്ങളില്‍ പ്രശ്‌നബാധിതരായ പല ഉപയോക്താക്കളും തങ്ങളുടെ പിസിയില്‍ നിന്ന് എല്ലാ ഫയലുകളെയും പുതിയ വിന്‍ഡോസ് അപ്‌ഡേറ്റ് വടിച്ചു വൃത്തിയാക്കിയിരിക്കുന്നുവെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. ഒന്നിലേറെ പിസികള്‍ ഉപയോഗിക്കുന്നവര്‍ പറയുന്നത് കൂടുതല്‍ പിസികള്‍ളിലെയും ഫയലുകള്‍ നഷ്ടമാകുന്നുവെന്നാണ്. ചില കംപ്യൂട്ടറുകളിലെ ഫയലുകളെ ബാധിക്കുന്നില്ലെന്നും പറയുന്നു. പക്ഷേ, ബാധിക്കുന്നില്ലെന്നു പറയുന്ന കംപ്യൂട്ടറിലെ എല്ലാ ഫയലും പരിശോധിച്ചിട്ടാണോ ഇത്തരം അഭിപ്രായം പറയുന്നതെന്നും അറിയില്ല. ഒരാള്‍ പറയുന്നത് തന്റെ D: ഡോക്യുമെന്റ്‌സ് ഫോള്‍ഡറാണ് കാണാതായിരിക്കുന്നതെന്നാണ്. തനിക്കിതിനു ബാക്-അപ് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ഒരു ഒഎസ് അപ്‌ഡേറ്റ് നോണ്‍ സിസ്റ്റം ഡ്രൈവിനെ ബാധിക്കുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.

മറ്റൊരാള്‍ പറയുന്നത് താന്‍ മൂന്നു കംപ്യൂട്ടറുകള്‍ ഇന്നലെ അപ്‌ഡേറ്റു ചെയ്തുവെന്നും ഒരെണ്ണത്തിലെ ഡോക്യുമെന്റ്‌സ്, പിക്‌ചേഴ്‌സ് ഫോള്‍ഡര്‍ ഡിലീറ്റു ചെയ്യപ്പെട്ടു എന്നുമാണ്. ഒന്നും ശേഷിച്ചിച്ചില്ല. Windows.old ലും താന്‍ പരിശോധിച്ചു. അതിലുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

മറ്റൊരു അനുഭവത്തില്‍, അപ്‌ഡേഷന്‍ കഴിഞ്ഞു സൈന്‍-ഇന്‍ ചെയ്തപ്പോള്‍ ഐട്യൂണ്‍സ് ലൈബ്രറിയൊഴികെ മറ്റു ഡോക്യുമെന്റ്‌സും ഫോട്ടോകളും അപ്രത്യക്ഷമായെന്നു പറയുന്നു. വേറൊരാള്‍ പറയുന്നത് തന്റെ ഡോക്യുമെന്റസ് ഫോള്‍ഡറും പൂര്‍ണ്ണമായി നീക്കെ ചെയ്തിരിക്കുന്നുവെന്നാണ്. ഭാഗ്യവശാല്‍ തനിക്ക് ബാക്-അപ് ഉണ്ടായിരുന്നു. പക്ഷേ, ഇത് അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മൈക്രോസോഫ്റ്റിനെ ഇഷ്ടപ്പെടുന്നവര്‍ പോലും കമ്പനിക്കെതിരെ രംഗത്തുവന്നിരിക്കുന്നു എന്നാതാണ് ഇപ്പോള്‍ കമ്പനി നേരിടുന്ന ദുരന്തം. എന്തായാലും, അപ്‌ഡേറ്റ് ചെയ്യാന്‍ തീരുമാനിക്കുന്നവർ വേണ്ട ബാക്-അപ് എടുത്തശേഷം മാത്രം ഭാഗ്യപരീക്ഷണം നടത്തുമല്ലോ.

related stories