Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ ഫൊട്ടോഗ്രഫി സിംപിളാണ്, അറിഞ്ഞിരിക്കാൻ 15 ടിപ്സ്, ക്യാമറ ഗൈഡ് 2017

mobile-photo

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ നിശ്ചയമായും അതിന്റെ ക്യാമറാ പ്രകടനത്തെ കുറിച്ചും ശ്രദ്ധിക്കും. എപ്പോഴും കൈയ്യില്‍ കണ്ടേക്കാവുന്ന ക്യാമറ എന്ന നിലയില്‍ അതു ശ്രദ്ധിക്കേണ്ടതു തന്നെയാണ്. എന്നാല്‍ പലരും ക്യാമറ എന്നു കേട്ടാല്‍ എത്ര മെഗാപിക്‌സലാണ് ഉള്ളതെന്നു മാത്രമാണ് ചോദിക്കുന്നത്.

എന്നാല്‍, കൂടുതല്‍ മെഗാപിക്‌സല്‍ എല്ലായ്‌പ്പോഴും നല്ല ചിത്രം തരും എന്നുറപ്പാക്കാന്‍ സാധ്യമല്ല. ഇതാ മുഖ്യ ക്യാമറയില്‍ പരിഗണിക്കേണ്ട കുറെ കാര്യങ്ങള്‍ പരിശോധിക്കാം. ഇതെല്ലാം, ഫൊട്ടോഗ്രഫി പഠിച്ചു തുടങ്ങണമെന്നും തങ്ങളുടെ ക്യാമറയുടെ ശ്കതിദൗര്‍ബല്ല്യങ്ങളെ അടുത്തറിയാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ്. വിദഗ്ധര്‍ക്കുള്ളതല്ല.

1. മെഗാപിക്‌സല്‍

മെഗാപിക്‌സലില്‍ നിന്നു തന്നെ തുടങ്ങാം. മെഗാപിക്‌സല്‍ കൂടുന്നത് ഫോട്ടോ ക്രോപ്പു ചെയ്യുന്നതിനും മറ്റും ഉപകരിക്കും. എന്നാല്‍ ക്യാമറയുടെ ലെന്‍സും ക്യാമറാ മൊഡ്യൂളും മറ്റും നല്ലതല്ലെങ്കില്‍ മെഗാപിക്‌സല്‍ കൂടുന്നത് നല്ല കാര്യമല്ല. സോണിയാണ് ഇന്ന് ഏറ്റവും നല്ല ക്യാമറാ മൊഡ്യൂളുകള്‍ നിര്‍മിക്കുന്നത്. ഐഫോണില്‍ അടക്കം സോണിയുടെ മൊഡ്യൂളാണ് ഉപയോഗിക്കുന്നത്. വാങ്ങനുദ്ദേശിക്കുന്ന ഫോണില്‍ സോണി നിര്‍മിച്ച ക്യാമറാ മൊഡ്യൂളാണോ ഉള്ളതെന്നു നോക്കുക. 8MP മുതല്‍ 21MP വരെയുള്ള സോണി മൊഡ്യൂളുകളുള്ള ഫോണുകള്‍ ഇന്നു ലഭ്യമാണ്. 

mobile-photography

2. സെന്‍സറിന്റെ വലിപ്പം

എത്ര വലിയ സെന്‍സറാണോ ക്യാമറയ്ക്കുള്ളത് അത്രയും നല്ല പടം കിട്ടുമെന്നു പറയാം. കൂടുതല്‍ വിശദാംശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇതിനു സാധിക്കും. 

3. പിക്‌സലുകളുടെ വലിപ്പം 

സെന്‍സറിന്റെ കാര്യം പോലെ എത്ര വലിയ പിക്‌സലുകളാണോ അത്രയും നല്ലത്. ഇപ്പോഴത്തെ ക്യാമറാ രാജക്കന്മാരായ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായ സാംസങ് ഗ്യാലക്‌സി S8ന് 1.4um പിക്‌സല്‍സ് ആണുള്ളത്. 

4. അപ്പേര്‍ച്ചര്‍

പലരും അവഗണിക്കുന്ന കാര്യങ്ങളില്‍ ഒന്നാണിത്. ഇനി മുതല്‍ ഇതിലും ഒരു കണ്ണുവയ്ക്കൂ. Aperture എന്നു പറഞ്ഞാല്‍ ദ്വാരം, തുള എന്നൊക്കെയാണ് അര്‍ഥം. ഇതിലൂടെയാണ് ക്യാമറയിലേക്ക് വെളിച്ചം കയറുന്നത്. അപ്പേര്‍ച്ചറും എത്ര വലുതാണോ അത്രയും നല്ലത്. അപ്പേര്‍ച്ചറിന്റെ വലിപ്പം എങ്ങനെ അറിയാം? എല്ലാ ഫോണ്‍ സ്‌പെക്‌സിലും അത് രേഖപ്പെടുത്തിയിട്ടുണ്ടാകും. പക്ഷെ ഈ സംഖ്യ അല്‍പ്പം കുഴപ്പം പിടിച്ചതാണ്. ഒരു ലെന്‍സില്‍ f/2.2 എന്നും മറ്റൊന്നില്‍ f/1.8 എന്നും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ താഴ്ന്ന സംഖ്യയായിരിക്കും കൂടുതല്‍ വെളിച്ചം കടത്തിവിടുന്നത്. f/1.7 അപേര്‍ച്ചറുള്ള ലെന്‍സ് f/1.8 ഉള്ള ലെൻസിനേക്കാള്‍ കൂടുതല്‍ വെളിച്ചമെടുക്കും. എന്നാല്‍ f2.5 അപേര്‍ച്ചറുള്ള ലെന്‍സ് മേല്‍പ്പറഞ്ഞ എല്ലാ ലെന്‍സുകളെ കഴിഞ്ഞും കുറച്ചു വെളിച്ചമേ കടത്തി വിടൂ. f/1.6 കൂടുതല്‍ വെളിച്ചം കടത്തി വിടുമ്പോള്‍ f/3 കുറച്ചു വെളിച്ചമെ കടത്തൂ. താഴ്ന്ന f നമ്പര്‍ ഉള്ള ക്യാമറകള്‍ നോക്കി വാങ്ങൂ.

ഫൊട്ടോഗ്രഫിയുടെ ഏറ്റവും വലിയ അസംസ്‌കൃതവസ്തു വെളിച്ചമാണ്. ഫോട്ടോഗ്രാഫി എന്ന വാക്കിന്റെ അര്‍ഥം തന്നെ 'പ്രകാശം കൊണ്ടുള്ള രചന' (writing with light) എന്നാണ്. മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ ക്യാമറയുടെ പ്രകാശത്തെ സ്വീകരിച്ചിരുത്തനുള്ള കഴിവിനെ കാണിക്കുന്നു.  

5. 4K

ധാരാളം വിഡിയോ ഷൂട്ടു ചെയ്യുന്നയാളാണെങ്കില്‍ 4K/30p ക്ലിപ്പുകള്‍ തരുന്ന ഫോണുകള്‍ വാങ്ങുക. ഷൂട്ടു ചെയ്യുന്നതിനിടയില്‍ തുടര്‍ച്ചയായി ഓട്ടോഫോക്കസ് ലഭിക്കുന്നുന്ന ക്യാമറായാണ് ഉത്തമം. പക്ഷെ, 4K വിഡിയോ ഫയലിന്റെ വലിപ്പത്തിന്റെ കാര്യത്തില്‍ ഒരു ആനയാണ്. മെമ്മറിയിലേക്ക് വിശാലമായി കയറിക്കിടന്ന് കണ്ടമാനം സ്ഥലം അപഹരിക്കും. 

6. ഇമേജ് സ്റ്റബിലൈസേഷന്‍

ഫോണ്‍ കൈയ്യില്‍ പിടിച്ചു ചിത്രങ്ങളും വിഡിയോയും പിടിക്കുമ്പോള്‍ കുലുക്കം തട്ടാം. അത് ചിത്രത്തിന്റെ മികവു നഷ്ടമാക്കും. ഇമേജ് സ്റ്റബിലൈസേഷന്‍ രണ്ടു വിധമുണ്ട്- ഒപ്ടിക്കലും, ഡിജിറ്റലും. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഒരു ഹാര്‍ഡ്‌വെയര്‍ ഫീച്ചറാണ്. ഇത് കൂടുതല്‍ നല്ല ചിത്രങ്ങളും വിഡിയോയും എടുക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ സ്റ്റബിലൈസേഷന്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സാധ്യമാക്കുന്നതാണ്. തീര്‍ച്ചയായും ഒരു സ്റ്റബിലൈസേഷനും ഇല്ലാത്തതിനേക്കാള്‍ ഭേദമാണ്. (ഫോട്ടോ പിടിക്കുകക എന്നത് കണ്ടമാനം ഗൗരവത്തില്‍ എടുക്കുന്നുണ്ടെങ്കില്‍ ഒരു ചെറിയ ട്രൈപ്പോഡും ഫോണ്‍ഹോള്‍ഡറുമൊക്കെ വാങ്ങി ഉപയോഗിക്കാം. പക്ഷെ ഇതൊക്കെ ചിത്രമെടുക്കലിന്റെ വേഗത കുറയ്ക്കും. ഒപ്ടിക്കല്‍ സ്റ്റബിലൈസേഷന്‍ ഇല്ലെങ്കില്‍ ട്രൈപ്പോഡ് ആയിരിക്കും നല്ല കൂട്ട്. വിഡിയോ ചാട്ടവും മറിയലുമില്ലാത്ത വിഡിയോ ഷൂട്ടു ചെയ്യണമെങ്കില്‍ ഗിംബള്‍ വാങ്ങേണ്ടി വരും. ചലനത്തിന്റെ ചാരുത വേണമെങ്കിലും ഗിംബളിനെ തന്നെ ആശ്രയിക്കേണ്ടി വരും. പക്ഷെ ഇതൊന്നും ഓര്‍ത്ത് വീട്ടില്‍ കാണാന്‍ ഒരു വിഡിയോ ക്ലിപ് എടുക്കുന്നവര്‍ പരിഗണിക്കേണ്ട കാര്യമില്ല.)

photography

7. റോ ചിത്രങ്ങള്‍

സാധാരണ ഫോണുകള്‍ എടുക്കുന്നത് ജെയ്‌പെഗ് (JPEG) ഫോര്‍മാറ്റിലുള്ള ചിത്രങ്ങളാണ്. എന്നാല്‍ ഇന്ന് റോ (RAW) ചിത്രങ്ങള്‍ എടുക്കുന്ന ഫോണുകളും ലഭ്യമാണ്. ഈ രണ്ടു ഫോര്‍മാറ്റുകളെ കുറിച്ച് അറിയില്ലാത്തവര്‍ ഈ ലേഖനം വായിക്കുമല്ലോ

8. HDR

ചിത്രങ്ങള്‍ HDRന്റെ പുതിയ പതിപ്പായ HDR10ന്റെ സഹായത്തോടെ ക്യാമറയ്ക്കുള്ളില്‍ തന്നെ ഫോട്ടോ സംസ്‌കരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ആപ്പിള്‍ എന്നു പറയുന്നു. മിക്ക സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളിലും വര്‍ഷങ്ങളായി HDR ഫീച്ചര്‍ ഉണ്ട്. പക്ഷെ, അത് വേണമെങ്കില്‍ ഉപയോക്താവ് ആക്ടിവേറ്റു ചെയ്യണം. എന്നു പറഞ്ഞാല്‍, അതിന്റെ ഗുണത്തെ പറ്റി ക്യാമറ നിര്‍മാതാവിനു വലിയ മതിപ്പൊന്നുമില്ല എന്നു സാരം. എന്നാല്‍, HDR അസമമായ പ്രകാശമുള്ള സന്ദര്‍ഭങ്ങളില്‍ കാര്യമായി ഉപയോഗപ്പെടാം. ഇത് മാന്യുവലായും ചെയ്യാം. കൂടുതല്‍ അറിയാന്‍.

9. ISO

ഫോട്ടോ എടുക്കുന്നയാളിന് ISO നിയന്ത്രിക്കാനുള്ള കഴിവ് ക്യാമറകളില്‍ വളരെ ആശാസ്യമായ ഫീച്ചറുകളില്‍ ഒന്നാണ്. മൂല്യം കൂടുന്നതിനനുസരിച്ച് ചിത്രം മോശമായിക്കൊണ്ടിരിക്കും. അതായത് ISO 64 ല്‍ എടുക്കുന്ന ചിത്രം ISO 100ല്‍ എടുക്കുന്ന ചിത്രത്തെക്കാള്‍ മോശമായിരിക്കും. താഴ്ന്ന ISO ആണ് നല്ലത്. പക്ഷെ ഷട്ടര്‍ സ്പീഡ് ആനുപാതികമായി കുറയുമെന്നതിനാല്‍ ലൈറ്റു കുറയുമ്പോള്‍ ISO കൂട്ടുകയോ ക്യാമറ എവിടെയെങ്കിലും ഉറപ്പിച്ച ശേഷം ചിത്രമെടുക്കുകയോ ചെയ്യണം.

10. ക്യാമറാ നിയന്ത്രണം

ഫൊട്ടോഗ്രഫിയെ ഗൗരവത്തില്‍ എടുക്കുന്ന ആളുകള്‍ ക്യാമറാ ആപ് നമുക്കു വേണ്ടരീതിയില്‍ ക്രമീകരിക്കാനാകുന്നുണ്ടോ എന്ന് പരിഗണിക്കണം. ഉദാഹരണം ISO മൂല്ല്യം മാറ്റാനാകുന്നുണ്ടോ എന്നു പരിശോധിക്കുക. ക്യാമറയുടെ പ്രധാന ആപ് ഇതിന് അനുവദിക്കുന്നില്ലെങ്കില്‍ കൂടി ധാരാളം തേര്‍ഡ്പാര്‍ട്ടി ആപ്പുകള്‍ ഇതിനു സജ്ജമായി ലഭിക്കും. വെറുതെ ഒരു ചിത്രം മതിയെന്നുള്ളവര്‍ ഇതൊന്നും കണക്കിലെടുക്കുകയേ വേണ്ട.

11. ഫോക്കസ് സ്പീഡ്

എത്ര വേഗം ക്യാമറ ആപ് ഫോക്കസാകുന്നു എന്നത് ക്യാമറയുടെ ശക്തികളില്‍ ഒന്നാണ്. എത്ര ഫ്രെയിം ഒരു സെക്കന്‍ഡില്‍ കൊയ്‌തെടുക്കാമെന്നത് ക്യാമറയുടെ ഷട്ടര്‍ റെസ്‌പോണ്‍സ് സമയം കാണിക്കുന്നു. നല്ല വെളിച്ചമുള്ളപ്പോള്‍ ഐഫോണ്‍ 7പ്ലസിന് സെക്കന്‍ഡില്‍ 12ഫ്രെയ്ം ഷൂട്ടു ചെയ്യാനുള്ള ശേഷിയുണ്ട്!

12. ഫ്ലാഷ്

മിക്കവാറും എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും LED ഫ്‌ളാഷുകള്‍ ഉണ്ട്. എന്നാല്‍ ഈ കുഞ്ഞു ഫ്‌ളാഷുകള്‍ ഉതിര്‍ക്കുന്ന പ്രകാശം പലപ്പോഴും സൗന്ദര്യം പകരുന്നവയല്ല. അവയുടെ റെയ്ഞ്ചും ഏതാനും അടി മാത്രമെ കാണൂ. ഫോണില്‍ പിടിപ്പിക്കാവുന്ന ഫ്‌ളാഷുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷെ, അവയും വലിയ മാറ്റം കൊണ്ടുവരുമെന്നു കരുതാന്‍ വയ്യ. ഒരു കാര്യം കൂടെ. നിങ്ങളുടെ ക്യാമറയില്‍ ഓട്ടോഫ്‌ളാഷ് മോഡ് ഓണാണെങ്കില്‍ അത് ഓഫു ചെയ്യുന്നതായിരിക്കും ഉത്തമം. വേണമെങ്കില്‍ മാത്രം ഓണ്‍ ചെയ്യുക.

13. ബാറ്ററി ലൈഫ്

കുറേ നേരം ക്യാമറ ഉപയോഗിക്കുമ്പോള്‍ മിക്ക ഫോണുകളും ചൂടാകുകയും ധാരാളം ബാറ്ററി ഉപയോഗിക്കപ്പെട്ടാതായും കാണാം. മറ്റു സമയങ്ങളിലേ പോലെയല്ലാതെ ഫോണില്‍ ധാരാളം പ്രവര്‍ത്തനം നടക്കുന്ന സമയമാണിത്. എല്ലാ ഫോണുകളുടെയും ക്യാമറ ആപ് കുറച്ചു ബാറ്ററി ഉപയോഗിക്കുന്ന രീതിയല്‍ ഒപ്റ്റിമൈസ് ചെയ്തിട്ടില്ല. വെളിയില്‍ ഷൂട്ടിനു പോകുകയാണെങ്കില്‍ ഒരു പവര്‍ ബാങ്ക് കരുതുന്നതു നല്ലതായിരിക്കും.

iphone-7-camera

14. വെള്ള പ്രതിരോധം

വാട്ടര്‍ റെസിസ്റ്റന്റാണോ ഫോണ്‍ എന്നതില്‍ കുറച്ചു കാര്യമുണ്ട്. വെള്ളകവചമുള്ള ഫോണാണെങ്കില്‍ ഇപ്പോള്‍ എത്ര മഴച്ചിത്രങ്ങള്‍ പിടിക്കാമായിരുന്നു! ഫോട്ടോ പകര്‍ത്തുന്ന സമയത്ത് ക്യാമറ വെള്ളത്തിലേക്കു പതിക്കുകയും ചെയ്യാം. പക്ഷെ, ഈ ഫീച്ചറിനു ഇപ്പോള്‍ നിര്‍ബന്ധം പിടിക്കേണ്ട. ഇത്തരം ഫീച്ചറുകള്‍ ഉള്‍ക്കൊളളുന്ന ഫോണുകള്‍ക്ക് ആവശ്യത്തിലധികം വില കൊടുക്കണം.

mobile-camera

15. ആപ്പുകള്‍

മുകളില്‍ പറഞ്ഞതു പോലെ ധാരാളം ക്യാമറാ ആപ്പുകള്‍ ലഭ്യമാണ്. കൂടാതെ മിക്കപ്പോഴും ഫോട്ടോയ്ക്ക് എഡിറ്റു ചെയതാല്‍ മാത്രമെ മിഴിവു ലഭിക്കൂ. ഇതിന്, സ്‌നാപ്‌സീഡ്, അഡോബി ഫോട്ടോഷോപ് ഫിക്‌സ് തുടങ്ങിയ ആപ്പുകളെ ആശ്രയിക്കുന്നത് ഉചിതമായിരിക്കും.