Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണല്ലേ ഷട്ടർ സ്പീഡ്? ഫൊട്ടോഗ്രഫിയിൽ ഓർത്തുവെക്കാൻ ഏഴു സൂത്രവിദ്യകൾ

digital-photography

ക്യാമറയുടെ മാന്വൽ മോഡ് ആണ് ശരിക്കും ഫൊട്ടോഗ്രാഫർമാരുടെ കഴിവു തെളിയിക്കുന്നത്. അതെങ്ങനെയെന്നല്ലേ..? ഫോട്ടോയെടുക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ... ഇല്ലെന്നു വേണം പറയാൻ. അതുകൊണ്ടാണ് മിക്കവരും കയ്യിലൊരു എസ്എൽആർ വേണമെന്നാഗ്രഹിക്കുന്നത്. ആദ്യമേ ഓട്ടോ മോഡിലിട്ടു തുടങ്ങി സാധാരണ പടങ്ങളെടുക്കും. പിന്നീട് കൂടുതൽ ഹരം കയറിയാൽ മാന്വൽ മോഡിൽ പടങ്ങളെടുക്കാൻ തുടങ്ങും. ക്യാമറ കയ്യിൽ കിട്ടി നല്ല പടമെടുത്തുതുടങ്ങിയാലും ചിലർക്കു സംശയങ്ങൾ ബാക്കിയാണ്. എന്താണ് ഷട്ടർസ്പീഡ്, അപേർച്ചർ… ഇനി ക്യാമറയില്ലെങ്കിലും ഇതൊക്കെ അറിഞ്ഞിരിക്കാം.  

ഷട്ടർ ഒരു കർട്ടൻ ആണ്

പേരുപോലെത്തന്നെ ഷട്ടറിന്റെ സ്പീഡ് ആണിത്. ക്യാമറ സെൻസറിനു മുന്നിലാണ് ഷട്ടർ. ഈ ഷട്ടർ തുറന്നടയുന്ന നേരത്തിലാണ് സെൻസറിലേക്കു ലൈറ്റ് എത്തുക. ക്യാമറയിലേക്കു വെളിച്ചം വീഴുന്ന സമയത്തെ ഷട്ടർ സ്പീഡ് എന്നു ലളിതമാക്കാം. 

നമുക്കൊരു ഉദാഹരണമെടുക്കാം. ഇരുണ്ട മുറിയിലെ കർട്ടനുള്ള ഒറ്റ ജനാല. ഈ മുറിയാണു ക്യാമറയുടെ സെൻസർ. ജനാലയുടെ കർട്ടൻ ഷട്ടർ ആണെന്നു കരുതുക. കർട്ടൻ മാറ്റിയാൽ പ്രകാശം ഉള്ളിലെത്തും. കർട്ടൻ കുറേനേരം മാറ്റിയിട്ടാൽ കുറേ പ്രകാശം കയറും. കുറച്ചുനേരം മാറ്റിയിട്ടാൽ കുറച്ചു പ്രകാശവും. ഇതാണു ഷട്ടർസ്പീഡിന്റെ ലളിതമായ സിദ്ധാന്തം. 

ഷട്ടർസ്പീഡിനെ എങ്ങനെ വരുതിയിലാക്കാം

ഷട്ടർ ഒരു സെക്കന്റിന്റെ എത്ര അംശം വേഗത്തിലാണ് തുറന്നടയുന്നത് എന്നു ക്യാമറയുടെ സ്ക്രീനിൽ കാണാം. ഉദാഹരണത്തിനു 1/110 എന്നാണെങ്കിൽ ഒരു സെക്കന്റിന്റെ നൂറ്റിപ്പത്തിലൊരംശം സമയത്തിനുള്ളിൽ ഷട്ടർ തുറന്നടയും. മിക്കവാറും വലത്തേ തള്ളവിരൽ കൊണ്ടു നിയന്ത്രിക്കാവുന്ന ഒരു ഡയലിൽ ആയിരിക്കും ഷട്ടർസ്പീഡിന്റെ നിയന്ത്രണമിരിക്കുക. നിങ്ങളുടെ ആവശ്യമനുസരിച്ച് ഷട്ടർസ്പീഡ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. 

ഷട്ടർസ്പീഡ് കൂട്ടേണ്ടതെപ്പോൾ

നല്ല വേഗത്തിൽ പറക്കുന്ന ഒരു പക്ഷിയുടെ ചലനം നിശ്ചലമാക്കാൻ ഷട്ടർ സ്പീഡ് കൂട്ടണം. കൂട്ടുക എന്നുപറഞ്ഞാൽ 1/110 ന്റെ  ഭാഗത്ത് 1/500 അല്ലെങ്കിൽ 1/1000 തുടങ്ങിയ സമയങ്ങളിലേക്കു ഷട്ടർസ്പീഡ് മാറ്റേണ്ടിവരും. ഒബ്ജക്ടിനെ ഫ്രീസ് ചെയ്യുക എന്നാണ് ഇത്തരം ഫാസ്റ്റ് ഷട്ടർ സ്പീഡ് ഷോട്ടുകളുപയോഗിക്കുന്ന രീതിക്കു പറയുക.

Bird ചിത്രം: പ്രവീൻ ഇ

രാത്രിയിലെ ഷട്ടർസ്പീഡ് 

അരണ്ടവെളിച്ചത്തെ പകർത്താൻ കുറഞ്ഞ ഷട്ടർസ്പീഡിൽ ഷൂട്ടുചെയ്യണം. ഉദാഹരണത്തിന് നിർത്തിയിട്ട ഒരു കാർ രാത്രിയിൽ ഷൂട്ട് ചെയ്യണമെന്നിരിക്കുക. തെരുവുവിളക്കുകൾ മാത്രമേ ഉള്ളൂ. എങ്കിൽ ആദ്യം ക്യാമറ ട്രൈപോഡിൽ ഉറപ്പിക്കുക. എന്നിട്ട് ഷട്ടർസ്പീഡ് കുറയ്കകുക. 1/110 എന്ന സാധാരണ ഷട്ടർസ്പീഡ് കുറച്ചുകൊണ്ടുവന്ന് 1/10, 1/2, എന്നീ വേഗങ്ങൾ പരീക്ഷിക്കാം. ശേഷം വാഹനം അനക്കരുത്. താമരശ്ശേരിച്ചുരത്തിന്റെ രാത്രിക്കാഴ്ച ട്രൈപോഡിൽ വച്ചു സ്ലോഷട്ടർ സ്പീഡിൽ പകർത്തിയിന്റെ ചിത്രം നോക്കൂ.

thamarasseri ചിത്രം: പ്രവീൻ ഇ

ഷട്ടർസ്പീഡ്-ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ട്രൈപോഡില്ലാതെ പടമെടുക്കുകയാണെങ്കിൽ ലെൻസിന്റെ ഫോക്കൽലെങ്ത്തിന്റെ ഇരട്ടിയിലധികം വേണം ഷട്ടർസ്പീഡ് എന്നാണു വിദഗ്ധരുടെ അഭിപ്രായം. പടത്തിൽ ഷേയ്ക്ക് കുറയും. ഷട്ടർസ്പീഡ് കുറയുന്ന അവസരങ്ങളിൽ ഷേക്ക് ഇല്ലാത്ത പടം കിട്ടാൻ ട്രൈപോഡുകൾ ഉപയോഗിക്കുക. 

വെള്ളച്ചാട്ടം പാൽപോലെയാക്കണോ...

പലപ്പോഴും നാം കണ്ട വെള്ളച്ചാട്ടമായിരിക്കില്ല ഫൊട്ടോഗ്രാഫിൽ കാണുക. ഇതു ഫോട്ടോഷോപ്പ് അല്ല. ഷട്ടർസ്പീഡിന്റെ കളിയാണ്. നിങ്ങൾക്കും അങ്ങനെ പടമെടുക്കണമെങ്കിൽ ആദ്യം ക്യാമറ വെള്ളച്ചാട്ടത്തിനു സമീപത്ത് ഉറച്ചപ്രതലത്തിൽ വയ്കകുക. ട്രൈപോഡ് ഉണ്ടെങ്കിൽ അതുപയോഗിക്കുക. ഷട്ടർസ്പീഡ് തീരെ കുറയ്ക്കുക. ഉദാഹരണത്തിന് 1/10. ശേഷം ക്യാമറയുടെ ടൈമർമോഡ് സെറ്റ് ചെയ്ത് പടമെടുക്കാം. ജലപാതം ശരിക്കും ജലധാരയായി മാറും. 

water-fall ചിത്രം: പ്രവീൻ ഇ

ഷട്ടറും ബൾബും തമ്മിലെന്ത്

ഷട്ടർസ്പീഡ് ക്യാമറയിൽ സെറ്റ് ചെയ്ത സമയങ്ങളാണു നിങ്ങൾ മുകളിൽ കണ്ടത്. എന്നാൽ കൂടുതൽ സമയം ഷട്ടർ തുറന്നിരിക്കണമെന്നു കരുതുക. ഷട്ടർസ്പീഡ് കൺട്രോളിൽ ബൾബ് എന്നൊരു വേഗമുണ്ട്. അല്ലെങ്കിൽ മോഡുണ്ട്. ഇതിൽ ക്യാമറാമാനു തീരുമാനിക്കാം എത്ര സമയം ഷട്ടർ തുറന്നിരിക്കണമെന്ന്. അതായത് നക്ഷത്രപഥങ്ങളുടെ ചിത്രങ്ങളെടുക്കണമെന്നു കരുതുക. മണിക്കൂറുകളോളം ക്യാമറ തുറന്നുതന്നെയിരിക്കണം. ഇത്തരം അവസ്ഥകളിലാണു ബൾബിന്റെ പ്രസക്തി. 

സാമാന്യമായി ഈ ഷട്ടർസ്പീഡുകളെ ആശ്രയിക്കാം. ഏകദേശധാരണ കിട്ടാനാണ് ഈ കണക്കുകൾ. നിങ്ങളുടെ മനോധർമം പോലെയാണു പടങ്ങളുടെ മനോഹാരിത.

പറക്കുന്ന പക്ഷി- 1/1000 >
പകൽ, സാധാരണ സാഹചര്യങ്ങൾ- 1/150>
ജലധാരകൾക്ക്-1/2 to 5, 6 Seconds
രാത്രിയിലെ ആകാശക്കാഴ്ചകൾ- 10 minutes >