Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്‍പ്ലസ് 5, 8GB RAM, ഇരട്ട പിൻ ക്യാമറ, അതിവേഗം, അത്യുഗ്രൻ ഫീച്ചറുകൾ!

oneplus5

സാംസങ് ഗ്യാലക്‌സി S8ന് 4GB റാം. 2000 ഡോളര്‍ വിലയുള്ള ഒരു മാക്ബുക് മോഡലനും 4GB റാം. (തീര്‍ച്ചയായും റാം കൂടിയ മാക്ബുക് മോഡലുകള്‍ ഉണ്ട്.) പക്ഷെ പുതിയ വണ്‍പ്ലസ് 5ന് 8GB റാം! (6GB പതിപ്പും ഉണ്ട്.) ആദ്യ ടെസ്റ്റുകള്‍ പറയുന്നത് റാം കൂട്ടിയതു വെറുതെ ആയില്ല എന്നു തന്നെയാണ്. അതായത് ഇപ്പോള്‍ വിപണിയിൽ ലഭ്യമായ ഫോണുകളില്‍ ഏറ്റവും വേഗതയേറിയ ഫോണ്‍ വണ്‍പ്ലസ് തന്നെ! വണ്‍പ്ലസ് ഇതുവരെ ഇറക്കിയ ഫോണുകളില്‍ ഏറ്റവും നല്ലത് വണ്‍പ്ലസ് 5 ആണെന്ന് നിസംശയം പറയാം.

ഹാര്‍ഡ്‌വെയര്‍

ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ് ഈ ഫോണിന് ശക്തി പകരുന്നത്. രണ്ടു  വ്യത്യസ്ത മോഡലുകള്‍ ഉണ്ട്. ഒന്നിന് 8GB റാമും 128GB സ്‌റ്റോറേജും. അടുത്തതിന് 6GB റാമും 64GB സംഭരണശേഷിയും. (രണ്ടു മോഡലുകളും മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ടു ചെയ്യില്ല.) ഫുള്‍ എച്ച്ഡി സ്‌ക്രീന്‍.

സോഫ്റ്റ്‌വെയര്‍

സ്റ്റോക് ആന്‍ഡ്രോയിഡ് 7.1.1ന് പൊടിപ്പും തൊങ്ങലും ചാര്‍ത്തിയെത്തിയ ഓക്‌സിജന്‍ ഒഎസ് 4.5 പൊതുവെ തൃപ്തികരമായ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഒരുവേള ശുദ്ധ ആന്‍ഡ്രോയിഡിലോടുന്ന ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളെ കഴിഞ്ഞും മെച്ചമെന്നു തോന്നിപ്പിച്ച അവസരങ്ങളുമുണ്ട്. എന്നാല്‍, ഇത് വ്യക്തിഗത താത്പര്യം അനുസരിച്ച് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുയോ ചെയ്യാം.   

oneplus-5

സ്റ്റൈല്‍

ഇസെന്‍ഷ്യലിന്റെയും: http://bit.ly/2sP3Xh6, എല്‍ജി ജി6ന്റെയും അടുത്ത ഐഫോണിന്റെയും മാസ്മരകതയ്ക്ക് അടുത്തെത്താനാവില്ല എങ്കിലും ഒട്ടും നാണം കെടുത്തുന്ന തരം നിര്‍മിതിയല്ല വണ്‍പ്ലസ് 5ന്റേത്. വളരെ സുഖകരമാണ് ഇതിന്റെ ഉപയോഗം. വളഞ്ഞ പിന്‍വശം കൈവെള്ളയില്‍ നന്നായി അമര്‍ന്നിരിക്കാന്‍ പാകത്തിനാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍വശത്തെ 3D ഗൊറില ഗ്ലാസ് 5നും ചെറിയ വളവുണ്ട്. ഇതെല്ലാം ഈ ഫോണിനെ ഒരു സ്ലിം സുന്ദരിയാക്കുന്നു. ഒരുവേള, സ്റ്റൈലിനു പകരം ഉപയോഗസുഖത്തിനാണ് വണ്‍പ്ലസ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നു തോന്നാം. 

റാം

സാംസങ് ഗ്യാലക്‌സി S8 തുടങ്ങിയ മോടലുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ 8GB റാമിന്റെ പ്രകടന വ്യത്യാസം ഉണ്ടോ? ഇല്ലാ എന്നു തന്നെയാണ് ആദ്യ ടെസ്റ്റുകള്‍ കാണിക്കുന്നത്. 4GB റാമൊക്കെ ധാരാളം. ഇത്രയും റാമിന്റെ ശേഷി ചൂഷണം ചെയ്യാന്‍ പാകത്തിനുള്ള ആപ്പുകള്‍ ഇല്ലതാത്തിനാലാകാം അത്. റാം എപ്പോഴെങ്കിലും ഉപകാരപ്രദമായി തോന്നുന്നുണ്ടോ? ഒരു പക്ഷെ ക്യാമറ ആപ് ഉപയോഗിക്കുമ്പോള്‍ റാമിന്റെ ശക്തി പുറത്തു വരുന്നുണ്ടായിരിക്കാം. 

ആന്‍ഡ്രോയിഡില്‍ ചിലപ്പോഴെങ്കിലും കാണുന്ന ആടിത്തൂങ്ങലൊന്നുമില്ലാതെ ആപ്പുകള്‍ ചാടി എഴുന്നേല്‍ക്കുന്നതും റാമിന്റെ കൂടെ കഴിവായിരിക്കാം. ഈ കാര്യത്തിലും വണ്‍പ്ലസ് 5 വേറിട്ടു നില്‍ക്കുന്നു. 

ക്യാമറ

നിലവിലുള്ള ഇരട്ടക്യാമറ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും റെസലൂഷന്‍ ഉള്ളതും വണ്‍പ്ലസ് 5ന് ആണ്. പ്രധാന ക്യാമറയ്ക്ക് f/1.7 അപര്‍ചറും 1/2.8' വലിപ്പമുള്ള 16 മെഗാപിക്സൽ റെസലൂഷനുള്ള സോണി നിര്‍മിച്ച IMX 398 സെന്‍സറുമുണ്ട്. പിക്‌സല്‍ സൈസ് 1.12um ആണ്. 2x ടെലീ ലെന്‍സിനാകട്ടെ 20MP (f/2.8) സോണി നിര്‍മിത IMX 350 സെന്‍സറാണുള്ളത്. ടെലീ ലെന്‍സിന് ഐഫോണ്‍ 7 പ്ലസിനെ പോലെ പോര്‍ട്രെയ്റ്റുകള്‍ എടുക്കുമ്പോള്‍ പശ്ചാത്തലം അസ്പഷ്ടമാക്കാന്‍ സാധിക്കും. ക്യാമറയ്ക്ക് 8x ഡിജിറ്റല്‍ സൂമും ഉണ്ട്. ക്യാമറാ ആപ്പിന്റെ പ്രോ മോഡില്‍ പല മാന്യുവല്‍ കണ്ട്രോളും സാധ്യമാണ്.

ക്യാമറയ്ക്ക് വളരെ നല്ല പ്രകടനം നടത്താനാകും. നല്ല പ്രകാശത്തിലും പ്രകാശക്കുറവിലും മികച്ച ചിത്രങ്ങള്‍ എടുക്കും. വെളിച്ചക്കുറവുള്ള സമയത്ത് ടെലീ ലെന്‍സിന്റെ പ്രകടനം മോശമാകുന്നുണ്ട്. ഓട്ടോ HDR മോഡിന് എക്‌സ്‌പോഷറിലെ പോരായ്മകളെയും കോണ്‍ട്രാസ്റ്റിനെയും വരുതിയില്‍ നിറുത്താനാകുന്നുണ്ട്. പൊതുവെ HDR ചിത്രങ്ങളില്‍ കാണുന്ന അസ്വാഭാവികത വെളിപ്പെടുത്താതെയാണ് വണ്‍പ്ലസ് ഇതു ചെയ്തിരിക്കുന്നത് എന്നത് ഒരു നല്ല കാര്യമാണ്.

ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഇല്ലാ എന്നത് ഒരു പോരായ്മയാണ്. പ്രത്യേകിച്ചും ടെലീ ലെന്‍സില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഇതു വെളിവാക്കപ്പെടുന്നു. ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ ഉണ്ട്. അത് നല്ലതാണെങ്കിലും പൂര്‍ണ്ണമായും പിഴവറ്റതല്ല. 

16 മെഗാപിക്സൽ സെല്‍ഫി ക്യാമറ 

ഇന്നുള്ള മികച്ച ഫോണുകളുടെ ക്യാമറകളില്‍ നിന്ന് ഏറ്റവും മികച്ചതു തിരഞ്ഞെടുക്കുക അസാധ്യമാണ്. പ്രകടനത്തില്‍ മിക്കവയും ഒപ്പത്തിനൊപ്പമാണ് എന്നു പറയേണ്ടിവരും. ഓരോരുത്തരും വ്യത്യസ്ത രുചികളുള്ളവരായതിനാല്‍ അവരവര്‍ക്കിഷ്ടപ്പെട്ടതു തിരഞ്ഞെടുക്കുക എന്നേയുള്ളു. വണ്‍പ്ലസ് 5ന്റെ ക്യാമറയുടെ സ്ഥാനം മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പമാണ്. 4K/30p വിഡിയോ, റോ ഫോര്‍മാറ്റില്‍ ഫോട്ടോ എടുക്കാം തുടങ്ങിയവയും ക്യാമറയുടെ മികവു സൂചിപ്പിക്കുന്നു.

ബാറ്ററി

എത്ര mAh ബാറ്ററിയാണ് ഉള്ളതെന്നാണു നോക്കുന്നതെങ്കില്‍ വണ്‍പ്ലസ് 5ന് അധികം മാര്‍ക്ക് കിട്ടില്ല- 3300mAH ബാറ്ററിയാണ് ഫോണിലുള്ളത്. വണ്‍പ്ലസ് 3യില്‍ ആദ്യമായി അവതരിപ്പിച്ച ഡാഷ് ചാര്‍ജ് (Dash Charge) കേവലം അരമണിക്കൂര്‍ കൊണ്ട് ഒരു ദിവസത്തിനു വേണ്ട ചാര്‍ജ് നല്‍കുമെന്നും ഇതാണ് ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വേഗതയേറിയ ചാര്‍ജിങ് രീതിയെന്നും കമ്പനി അവകാശപ്പെടുന്നു. (ഒട്ടും ബാറ്ററി ഇല്ലത്ത അവസ്ഥയില്‍ നിന്ന് ഫുള്‍ ചാര്‍ജിന് ഒരു മണിക്കൂറില്‍ അല്‍പ്പം കൂടുതല്‍ സമയം എടുക്കും.) ചാര്‍ജു ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിച്ചാലും അധികം ചൂടാകില്ല. (എന്നാല്‍ ചാര്‍ജു ചെയ്യുന്ന സമയത്ത് ഉപയോഗിച്ചാല്‍ മിക്ക ഫോണുകളും ചൂടാകും.) ഡാഷ് ചാര്‍ജിന് ഏതെങ്കിലും USB-C കേബിള്‍ ഉപയോഗിച്ചാല്‍ വേഗത്തില്‍ ചാര്‍ജാകില്ല. ഫോണിന്റെ കൂടെ കിട്ടിയ കേബിളും ചാര്‍ജറും തന്നെ ഉപയോഗിക്കണം.  

കുറവുകളെന്തെല്ലാം?

വോട്ടര്‍ റെസിസ്റ്റന്‍സ്. എന്നാല്‍, അത്രയക്കു സാധാരണമല്ലാത്ത ഈ ഫീച്ചര്‍ ഇല്ലെന്നത് വലിയൊരു കുറവായി കാണേണ്ട.

വൈഫൈ

ചില സെറ്റുകളില്‍ ഫോണിന്റെ വൈഫൈയുടെ റൂട്ടറുമായുള്ള ബന്ധം നഷ്ടപ്പെട്ടാതായി വാര്‍ത്തകളുണ്ട്.

ഡിസൈന്‍

ഏറ്റവും മികച്ച ഫോണുകളോട് ഏറ്റുമുട്ടാനിറക്കിയ ഫോണിന് ഡിസൈനില്‍ കുറച്ചു കൂടെ പുതുമ കൊണ്ടുവരാമായിരുന്നു.

വണ്‍പ്ലസ് 3/3T താരതമ്യം

എവിടെ വണ്‍പ്ലസ് 4? ചില ജാപ്പനീസ് ചൈനീസ് കമ്പനികള്‍ 4 എന്ന അക്കത്തെ അത്ര ശുഭസൂചകമായി അല്ല കാണുന്നത്. അതുകൊണ്ടു തന്നെയാകണം വണ്‍പ്ലസ് 3, 3T എന്നീ മോഡലുകള്‍ക്കു ശേഷം വണ്‍പ്ലസ് 5 വരുന്നത്.

പഴയ മോഡലുകളില്‍ നിന്നുള്ള ചില വ്യത്യാസങ്ങള്‍ 

റീഡിങ് മോഡ്

മൊബൈല്‍ ഉപകരണങ്ങളില്‍ ധാരാളം വായിക്കുന്ന ആളാളെങ്കില്‍, പ്രത്യേകിച്ചും രാത്രിയില്‍ വായിക്കുന്നെങ്കില്‍, പഴുത്ത കണ്ണ് ഉറപ്പാണല്ലോ. വണ്‍പ്ലസ് 5ലുള്ള റീഡിങ്‌മോഡ് ഉണര്‍ത്തിയാല്‍ അത് സ്‌ക്രീനിലെ നീല വെളിച്ചത്തെ തുടച്ചുമാറ്റി സ്‌ക്രീനില്‍ ചാരനിറത്തിനു പ്രാധാന്യം നല്‍കുന്നു. രാത്രി വായനക്കാര്‍ക്ക് അനുഗ്രഹമായ ഈ ഫീച്ചര്‍ 3Tയിലും ലഭ്യമല്ല. 

ഗെയ്മിങ് മോഡ്

മറ്റൊരു പുതുമയായ ഗെയ്മിങ് മോഡിലേക്കു കടന്നാല്‍ ശല്ല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകളും എത്തില്ല.

ക്യാമറയുടെ ഓട്ടോഫോക്കസ്

വണ്‍പ്ലസ് 3/3T സഹോദരങ്ങളേക്കാള്‍ 40 ശതമാനം വേഗതയേറിയ ഓട്ടോഫോക്കസാണ് ഫോണിനുള്ളത് എന്ന കമ്പനി പറയുന്നു. 

പ്രത്യക്ഷത്തില്‍ ബാറ്ററി കൂടുതല്‍ പഴയ ഫോണിനാണ്. പക്ഷെ വണ്‍പ്ലസ് പറയുന്നത് പുതിയ ഫോണിന് 20 ശതമാനം കൂടുതല്‍ ബാറ്ററി കാര്യക്ഷമതയുണ്ട് എന്നാണ്.

കണക്ടിവിറ്റി

ബ്ലൂടൂത് 5 ആണ് ഇതിന്റെ പ്രത്യേകതകളില്‍ ഒന്ന്. എന്‍എഫ്‌സി, USB-C തുടങ്ങി മിക്ക കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. ഹെഡ്‌ഫോണ്‍ ജാക്, ഇരട്ട നാനോസിം ട്രെ, തുടങ്ങിയവയും ഉണ്ട്.

ടെസ്റ്റുകള്‍

ഗീക്‌ബെഞ്ച് v.4.0 സിങ്ഗിള്‍ കോര്‍ (Geekbench v.4.0 single-core), ഗീക്‌ബെഞ്ച് v.4.0 മള്‍ട്ടി കോര്‍, 3DMark Ice Storm Unlimited എന്നീ ടെസ്റ്റുകളില്‍ സാംസങ് ഗ്യാലക്‌സി S8, ഗൂഗിള്‍ പികസല്‍ XL, എല്‍ജി G6 എന്നീ ഫോണുകളെ വണ്‍പ്ലസ് 5 പിന്തള്ളി. എന്നു പറഞ്ഞാല്‍ ഫോണിന്റെ കരുത്തില്‍ സംശയം വേണ്ട എന്നര്‍ഥം.

വില

വമ്പന്‍ കമ്പനികളെല്ലാം കണ്ടമാനം ലാഭമുണ്ടാക്കുന്നുവെന്നും തങ്ങള്‍ വളരെ കുറച്ചു ലാഭം മാത്രമെ എടുക്കുന്നുള്ളു എന്ന അവകാശവാദവുമായി ആണ് വണ്‍പ്ലസ് 1 അവതരിപ്പിച്ചത്. അതങ്ങനെ തന്നെ ആയിരുന്നു താനും. എന്നാല്‍ ലോഞ്ച് സമയത്ത് ഏറ്റവും വിലയുള്ള വണ്‍പ്ലസ് മോഡലാണ് പുതിയ ഫോണ്‍. എങ്കില്‍ പോലും മുന്‍നിര കമ്പനികളുമായി താരതമ്യപ്പെടുത്തിയാല്‍ 'കാശുമുതലാകുന്ന' ഫോണാണ് ഇത് എന്നു പറയാം. വൺപ്ലസ് 5 (6ജിബി റാം, 64 ജിബി സ്റ്റോറേജ്) വില 479 ഡോളറാണ് (ഏകദേശം 31,000 രൂപ). വൺപ്ലസ് 5 (8 ജിബി റാം, 128 ജിബി സ്റ്റോറേജ്) വില 539 ഡോളറാണ് (ഏകദേശം 35,000 രൂപ). അതേസമയം, വൺപ്ലസ് 5 (6ജിബി റാം, 64 ജിബി സ്റ്റോറേജ്) ന്റെ ഇന്ത്യയിലെ വില 32,999 രൂപയാണ്. വൺപ്ലസ് 5 (8 ജിബി റാം, 64 ജിബി സ്റ്റോറേജ്) ന്റെ വില 37999 രൂപയുമാണ്.

oneplus-price

വണ്‍പ്ലസ് 5 ആര്‍ക്ക്

സാംസങ് ഗ്യാലക്‌സി ട8, ഗൂഗിള്‍ പിക്‌സല്‍, ഐഫോണ്‍ 7 തുടങ്ങിയ ഫോണുകള്‍ മോഹിക്കുകയും പൈസ ഇല്ലാത്തതുകൊണ്ടു വാങ്ങാതിരിക്കുകയും ചെയതവര്‍ക്കു പരിഗണിക്കാം. ബ്രാന്‍ഡ് നെയ്മിനാണ് മേല്‍പ്പറഞ്ഞ ഫോണുകളുടെ അമിത വിലയ്ക്കു കാരണമെന്നും, പക്ഷെ, മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയിലെ പുതിയ ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്കു വാങ്ങണമെന്നും കരുതുന്നവര്‍ക്ക് ഈ ഫോണ്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കാം.

അവസാന വാക്ക്

വണ്‍പ്ലസിന്റെ ഏറ്റവും മികച്ച സൃഷ്ടി. നിലവിലുള്ള ഏതൊരു ആന്‍ഡ്രോയിഡ് ഫോണിനെക്കാളും കരുത്തന്‍. ടെസ്റ്റുകളിലും പ്രകടനത്തിലും മുമ്പന്‍. പക്ഷെ, ഇതൊക്കെ മതിയോ? വാങ്ങുന്നതിനു മുമ്പ് അടുത്തു സര്‍വീസ് സെന്ററുകളുണ്ടോ എന്ന് അന്വേഷിക്കുക കൂടി വേണം. ഫോണിന് ഫേംവെയര്‍ അപ്‌ഡേയ്റ്റു പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മിക്കവരും പ്രാപ്തരാണ്. പക്ഷെ, എന്തെങ്കിലും ഗൗരവമുള്ള സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമുണ്ടായാല്‍ എന്തു ചെയ്യും?