Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിന്നടിയിൽ മറഞ്ഞിരിക്കുന്നുണ്ടോ എട്ടാം ഭൂഖണ്ഡം? രഹസ്യം തേടി കപ്പൽ പുറപ്പെട്ടു!

zealandia-search

സൂര്യനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്ന് ലോകം വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ദൂരദർശിനി ഉപയോഗിച്ച് ഗലീലിയോ ഗലീലി തെളിയിച്ചു, ഭൂമിയും മറ്റ് ഗ്രഹങ്ങളുമാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതെന്ന്. നാനൂറിലേറെ വർഷങ്ങൾക്കു മുൻപായിരുന്നു അത്. കാലം മാറിയിട്ടും ശാസ്ത്രം ലോകത്തെ തിരുത്തുന്ന പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം അധികം വൈകാതെ നമുക്കു മുന്നിലെത്തും. 

ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാർട്ടിക്ക,  ഓസ്ട്രേലിയ  എന്നിങ്ങനെ നിലവിൽ ഏഴ് ഭൂഖണ്ഡങ്ങളാണുള്ളത്. പക്ഷേ ഇക്കഴിഞ്ഞ ജൂലൈ 27ന് ആരംഭിച്ച കപ്പൽ പര്യവേക്ഷണം വിജയിച്ചാൽ ഒരു ഭൂഖണ്ഡത്തിന്റെ പേരു കൂടി ആ പട്ടികയിലേക്ക് കടന്നുകൂടും–സീലാൻഡിയ(Zealandia). സമുദ്രത്തിനടിയിൽ മറഞ്ഞിരിക്കുന്ന ആ എട്ടാം ഭൂഖണ്ഡത്തിന്റെ രഹസ്യം തേടി ജോയ്ഡീസ് റെസലൂഷൻ എന്ന പര്യവേക്ഷണക്കപ്പലാണ് ഓസ്ട്രേലിയൻ തീരത്തു നിന്ന് യാത്രയായിരിക്കുന്നത്. ഒപ്പം ഇന്റർനാഷനൽ ഓഷ്യൻ ഡിസ്കവറി പ്രോഗ്രാമിൽ പ്രവർത്തിക്കുന്ന അൻപതിലേറെ ഗവേഷകരും അധ്യാപകരും ശാസ്ത്രജ്ഞരുമുണ്ട്. 

എന്താണ് സീലാൻഡിയ?

കടലിന്നടിയിൽ ഒരു എട്ടാം ഭൂഖണ്ഡം ഒളിച്ചിരിപ്പുണ്ടെന്ന സംശയം വർഷങ്ങൾക്കു മുൻപേ തന്നെ ഭൗമശാസ്ത്രജ്ഞർ പ്രകടിപ്പിച്ചതാണ്. തെക്കൻ പസഫിക് സമുദ്രത്തിൽ ന്യൂസീലൻഡ്, ന്യൂ കലെഡോണിയ‌, ഓസ്ട്രേലിയയുടെ രണ്ട് ദ്വീപുകൾ, ലോർഡ് ഹവ് ദ്വീപ്, നോർഫോക് ദ്വീപ് എന്നിവ ഉൾപ്പെട്ടതാണ് ഈ ഭൂഖണ്ഡമെന്നാണ് കരുതുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമായ ഓസ്ട്രേലിയയേക്കാളും ചെറുതായിരിക്കും സീലാൻഡിയ. 19 ലക്ഷം ചതുരശ്ര മൈൽ പ്രദേശത്തു പരന്നു കിടക്കുന്ന സീലാൻഡിയയുടെ 94 ശതമാനവും പക്ഷേ പസഫിക് സമുദ്രത്തിന്നടിയിലാണ്. അതിനാൽത്തന്നെയാണ് ജോയ്ഡീസ് റെസലൂഷൻ എന്ന കപ്പൽ ഉപയോഗപ്പെടുത്തുന്നതും. കടലിന്റെ അടിത്തട്ട് തുരന്ന് പാറകളുടെയും മറ്റും സാംപിളുകൾ ശേഖരിക്കുന്നതിൽ മിടുക്കിയാണ് ഈ കപ്പൽ. 

രണ്ട് ദശാബ്ദക്കാലമായി ഗവേഷകർ സീലാൻഡിയക്കു പുറകെയാണ്. 1995ൽ ആമേരിക്കൻ ജിയോഫിസിസ്റ്റ് ആയ ബ്രൂസ് ലയിൻഡൈക് ആണ് ഈ കാണാഭൂഖണ്ഡത്തിന് സീലാൻഡിയ എന്ന പേരിടുന്നത്.‌ ന്യൂസീലൻഡ്, ഷാറ്റം റൈസ് (ന്യൂസീലൻഡിനു കിഴക്കായുള്ള സമുദ്രത്തിന്റെ അടിത്തട്ടുഭാഗമാണിത്), കാംപ്ബെൽ സമതലം (ന്യൂസീലൻഡിനും ഷാറ്റം റൈസിനും തെക്കുള്ള വമ്പൻ സമുദ്രപ്രതലം), ലോർഡ് ഹവ് റൈസ് (ന്യൂ കലെഡോണിയയുടെ തെക്കുപടിഞ്ഞാറു ഭാഗത്തു നിന്നും ന്യൂസീലൻഡിന്റെ പടിഞ്ഞാറുള്ള ചാലഞ്ചർ തടം വരെയുള്ള ആഴക്കടൽ ഭാഗം) എന്നിവ ചേർന്ന ഭാഗത്തെ വിശേഷിപ്പിക്കാനായിരുന്നു ആ വാക്ക് ഉപയോഗിച്ചത്. 

ഇതെങ്ങനെ ഭൂഖണ്ഡമാകും?

പാറകളുടെ സവിശേഷതകൾ ഉൾപ്പെടെ ഒരു ഭൂഖണ്ഡത്തിനുണ്ടായിരിക്കേണ്ട നാല് സവിശേഷതകളിൽ മൂന്നും വർഷങ്ങൾക്കു മുൻപേ സീലാൻഡിയക്ക് ഉണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. സമുദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന തരം പാറയുടെ സ്വഭാവം പരിശോധിച്ചപ്പോൾ അവ ഭൂഖണ്ഡങ്ങളുടേതിനു സമാനമാണെന്ന് കണ്ടെത്തുകയായിരുന്നു. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ കൃത്യതയാർന്ന ഭൂപടങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും കൂടി ലഭ്യമായതോടെ സീലാൻഡിയയുടെ ‘നിലനിൽപ്’ സംബന്ധിച്ച കൂടുതൽ വ്യക്തതയാർന്ന തെളിവുകളുമായി. വെള്ളത്തിൽ മുങ്ങി ചുമ്മാ ചിതറിക്കിടക്കുന്ന ഭൂഖണ്ഡത്തിന്റെ ഭാഗങ്ങളല്ല മറിച്ച് ഐക്യപ്പെട്ടു കിടക്കുന്ന ഒരൊറ്റ കരഭാഗമാണ്(landmass) ഇതെന്നായിരുന്നു കണ്ടെത്തൽ. സീലാൻഡിയക്ക് ഭൂഖണ്ഡപദവി ആവശ്യപ്പെട്ടുള്ള ‘സീലാൻഡിയ: എർത്ത്സ് ഹിഡൻ കോണ്ടിനന്റ്’ എന്ന പഠനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തുടർന്നാണ് ഇപ്പോൾ ഡ്രില്ലിങ്ങിന് തുടക്കമായതും. 

കോടിക്കണക്കിന് വർഷം മുൻപ്...

ആറു മുതൽ 8.5 കോടി വർഷങ്ങൾക്കു മുൻപാണ് ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ നിന്ന് വേർപെട്ട് സീലാൻഡിയ കടലിന്നടിയിലായതെന്നാണ് കരുതുന്നത്. ഇക്കാര്യം തീർച്ചപ്പെടുത്തുന്നതിനുള്ള ഫോസിൽ ശേഖരണമാണ് ഡ്രില്ലിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ടാസ്മാൻ കടലിലെ ആറിടത്തായി 1000 മുതൽ 2600 അടി വരെ ആഴത്തിലേക്ക് ഡ്രില്ലിങ് നടത്തും. അഞ്ചു കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിലെ ടെക്ടോണിക് ഫലകങ്ങളിലുണ്ടായ വ്യതിചലനത്തെപ്പറ്റി അറിയാനും പഠനം സഹായിക്കും. ഇതേ കാലത്തു തന്നെയാണ് ഓസ്ട്രേലിയയും ന്യൂസീലൻഡും വ്യാപിക്കുന്നത് നിർത്തി അവയ്ക്കിടയിലെ ഭാഗം ഞെരുങ്ങി അമരാൻ തുടങ്ങിയത്. ഭൗമഫലകങ്ങളുടെ വശങ്ങളിലേയ്ക്കോ താഴോട്ടോ ഉള്ള ഈ ചലനം എന്നു മുതലാണ് ആരംഭിച്ചതെന്ന് മനസിലാക്കാനുള്ള ലോകത്തിലെ ഏറ്റവും കൃത്യമായ പ്രദേശം എന്നാണ് നിലവിലെ ഡ്രില്ലിങ് കേന്ദ്രങ്ങളെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. ടെക്ടോണിക് ചലനങ്ങൾക്ക് കാരണമാകുന്നത് എന്താണെന്നും മനസിലാക്കാനാകും. 

7.5 കോടി വർഷങ്ങൾക്കു മുൻപ് ഒരു വമ്പൻ കരഭാഗത്താൽ ഓസ്ട്രേലിയയും ന്യൂസീലൻഡും പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു എന്നാണ് കരുതുന്നത്. എന്നാൽ ഏതോ കാരണത്താൽ ആ കരഭാഗം വെള്ളത്തിലേക്ക് താഴ്ത്തപ്പെടുകയായിരുന്നു. ആ കാരണമാണ് ഗവേഷകർ അന്വേഷിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നു വിട്ടുമാറി സീലാൻഡിയയുടെ യാത്ര ആരംഭിക്കുന്നത് 7.5 കോടി വർഷങ്ങൾക്കു മുൻപാണ്. എന്നാൽ 5.3 കോടി വർഷം മുന്‍പ് ആ യാത്ര നിലയ്ക്കുകയായിരുന്നു. അന്ന് സീലാൻഡിയ വെള്ളത്തിനടിയിലായതോടെയാണ് പസഫിക് ഫലകം താഴേക്കിറങ്ങുകയും സമുദ്രനിരപ്പിന് മുകളിലേക്ക് ന്യൂസീലൻഡും ‘പസഫിക് റിങ് ഓഫ് ഫയറും’ കയറി വരുന്നതും. പസഫിക് സമുദ്രത്തിൽ സജീവ അഗ്നിപർവതങ്ങളുടെ സാന്നിധ്യത്താലും തുടർ ഭൂകമ്പങ്ങളാലും കുപ്രസിദ്ധിയാർജിച്ച പ്രദേശമാണ് ‘റിങ് ഓഫ് ഫയർ’. ഈ ഭാഗം ഉയർന്നു വന്ന അതേ സമയത്തു തന്നെയാണ് ആഗോളതലത്തിൽ ടെക്ടോണിക് ഫലകങ്ങളുടെ വിന്യാസത്തിൽ മാറ്റങ്ങളും ആരംഭിക്കുന്നത്. ഇതിന്റെ രഹസ്യങ്ങളിലേക്കും ഈ പര്യവേക്ഷണം വെളിച്ചം വീശും. 

drill-ship

വരുന്ന രണ്ടുമാസത്തെ ഗവേഷണത്തിൽ ഇത്തരത്തിൽ അഞ്ചു കോടി വർഷം മുൻപത്തെ കാലാവസ്ഥ, സമുദ്രത്തിന്റെ അടിത്തട്ടിലെ അവസ്ഥ, അടിയൊഴുക്കുകളുടെ ഗതി, അടിത്തട്ടിലെ ജീവജാലങ്ങൾ, ടെക്ടോണിക് ഫലങ്ങൾ, ഭൂകമ്പത്തിന്റെ ഉദ്ഭവ കേന്ദ്രങ്ങൾ, ദ്വീപുകളുടെ വിന്യാസം തുടങ്ങി എല്ലാ കാര്യങ്ങളും പഠനവിധേയമാക്കും. സെപ്റ്റംബർ 26ന് യാത്ര അവസാനിക്കുമ്പോൾ ഒരുപക്ഷേ നമുക്കു മുന്നിലെത്തുക ലോകഭൂപടത്തെത്തന്നെ മാറ്റിമറിക്കുന്ന പുതുവിവരങ്ങളായിരിക്കും. അതങ്ങനെത്തന്നെയായിരിക്കും സംഭവിക്കുകയെന്നും ഏറെക്കുറേ ഗവേഷകർ ഉറപ്പിച്ചും കഴിഞ്ഞു.

More Science News

related stories