Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യരുടെ ഡിഎൻഎയിൽ കൊടുംപ്രയോഗം നടത്താൻ‌ നാസ, പുതിയ ‘മരുന്ന്’ ലോകം മാറ്റിമറിക്കും!

mars-suit

ഭൂമിയിൽ നിന്ന് ശരാശരി 22.5 കോടി കിലോമീറ്റർ ദൂരെ മനുഷ്യന്റെ ജിജ്ഞാസയെ ജ്വലിപ്പിച്ചു കൊണ്ട് നിലനിൽക്കുന്ന ചുവപ്പൻ ഗ്രഹം– ചൊവ്വ. ജ്യോതിഷവിധി പ്രകാരം പലർക്കും ചൊവ്വ ‘ദോഷ’മാണ്. നാസയിലെ ഗവേഷകരും പറയുന്നു, ചൊവ്വയിൽ മനുഷ്യനെ കാത്തിരിക്കുന്നത് ഏറെ ദോഷകരമായ അന്തരീക്ഷമാണ്. സത്യം പറഞ്ഞാൽ ചൊവ്വയിൽ എന്താണ് കാത്തിരിക്കുന്നതെന്ന് കൃത്യമായി നിർണയിക്കാൻ പോലും ഇപ്പോഴുമായിട്ടില്ല. അത്രയേറെ പ്രവചനാതീതമാണ് അവിടത്തെ അന്തരീക്ഷം. മനുഷ്യന്റെ തലച്ചോറിനെ തകർക്കുന്ന മാരക റേഡിയേഷൻ തലങ്ങും പലങ്ങും പായുന്നുവെന്നു വരെ കണ്ടെത്തലുണ്ടായിട്ടുണ്ട്. 

അതിനിടെയും അവിടേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനോടകം സിനിമകളിലേറി ഒട്ടേറെ പേർ ചൊവ്വയിലേക്ക് സാങ്കൽപികയാത്രകൾ നടത്തിയും കഴിഞ്ഞു. പക്ഷേ 2030ഓടെ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുമെന്നാണ് നാസയുടെ ഉറപ്പ്. അവിടത്തെ കനത്തെ റേഡിയേഷനെ നേരിടാനുള്ള ‘പടച്ചട്ട’ ഉൾപ്പെടെ തയാറാക്കുന്ന തിരക്കിലാണ് ഗവേഷകരിപ്പോൾ. യാത്രയുടെ വേഗതയനുസരിച്ച് 150 മുതൽ 300 വരെ ദിവസങ്ങളെടുക്കും ചൊവ്വയിലെത്താൻ. ഭൂമിയിലാണെങ്കിൽ ബഹിരാകാശത്തെ റേഡിയേഷനിൽ നിന്നു നമ്മെ രക്ഷിക്കാൻ കാന്തികമണ്ഡലമുണ്ട്. പക്ഷേ തലങ്ങും വിലങ്ങും പലതരം അണുവികിരണങ്ങൾ പായുന്ന ബഹിരാകാശത്ത് നാളുകളോളം ജീവിക്കേണ്ടി വരികയാണെങ്കിലോ? ചൊവ്വായാത്രികരെ അഥവാ ‘മാർസോനോട്ടു’കളെ കാത്തിരിക്കുന്നത് അത്തരമൊരു വിധിയാണ്. 

പക്ഷേ ചുമ്മാ ചൊവ്വയുടെ ‘ദോഷ’ങ്ങൾക്ക് തങ്ങളുടെ യാത്രികരെ വിട്ടുകൊടുക്കാനുദ്ദേശിച്ചിട്ടില്ല നാസ. അവരുടെ സംരക്ഷണത്തിനു വേണ്ടി ഇന്നേവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെയാണ് യാത്ര. ഏറ്റവും പുതിയ വാർത്ത ചൊവ്വായാത്രികരുടെ ഡിഎൻഎയിൽ മാറ്റം വരുത്താനാണ് നാസയുടെ നീക്കം എന്നതാണ്. ഇതിനു വേണ്ടിയുള്ള മരുന്ന് അണിയറയിൽ ഒരുങ്ങുകയാണെന്നു പറഞ്ഞത് മറ്റാരുമല്ല, നാസയുടെ ചീഫ് ടെക്നോളജിസ്റ്റ് ഡോ.ഡഗ്ലസ് ടെറിയർ തന്നെ. ചൊവ്വായാത്രികരുടെ ഡിഎൻഎ കോഡിൽ മാറ്റം വരുത്തുന്ന മരുന്ന് പ്രയോഗിച്ച് റേഡിയേഷനിൽ നിന്നു രക്ഷിക്കാനാകുമോയെന്നാണ് നാസ പരിശോധിക്കുന്നത്. ഉന്നതോർജത്തിൽ ദേഹത്തു പതിക്കുന്ന വികിരണങ്ങൾ ശരീരകലകളെ ആവരണം ചെയ്തിട്ടുള്ള ന്യൂക്ലിയൈകളെ തകര്‍ത്തു കളയും. അണുവികിരണങ്ങളും ന്യൂക്ലിയൈകളും ഒരു പോലെ ശരീരത്തിൽ വിഭജിക്കപ്പെടും. കാൻസറും സ്മൃതിനാശവും ഉൾപ്പെടെയുള്ള അവസ്ഥകളിലേക്കാണ് ഇത് നയിക്കുക. 

NASA-mars

ഭൂമിയിൽ നിന്ന് കോടിക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തു വച്ച് ഒരാൾക്ക് വികിരണമേറ്റ് അപകടമുണ്ടായാൽ മതി അത് ഒപ്പമുള്ളവരുടെയും ജീവനെയും മാരകമായി ബാധിക്കും. എന്നാൽ റേഡിയേഷനേറ്റ് ശരീരകലകൾക്കുള്ള ഏതു പ്രശ്നത്തെയും നിമിഷ നേരം കൊണ്ട് ‘റിപ്പയർ’ ചെയ്യുന്നതായിരിക്കും നാസയുടെ മരുന്ന്. എൻഎംഎൻ സംയുക്തമാണ് ഇതിനായി ഉപയോഗപ്പെടുത്തുക. സംഗതി വയസ്സൻ എലികളിൽ പ്രയോഗിച്ച് ‘കരുത്ത്’ തെളിയിച്ചതുമാണ്. അതായത് വയസ്സു ചെന്ന എലികളിൽ എൻഎംഎൻ അകത്തു ചെന്നതും അവ ചെറുപ്പക്കാരെപ്പോലെ ഉഷാറാവുകയായിരുന്നു. ബഹിരാകാശയാത്രികരുടെ ഡിഎൻഎയിൽ ഗുണകരമായ മാറ്റം വരുത്താൻ ഇവയ്ക്കാകുമെന്നാണ് നിഗമനം. ഇതിനായുള്ള ക്ലിനിക്കൽ ട്രയൽ നടത്താനിരിക്കുകയാണ്. അതേസമയം പരമ്പരാഗതമായിട്ടുള്ള ജനിതകഘടനയിൽ മാറ്റം വരുത്തുക വഴിയുണ്ടാകുന്ന പ്രശ്നങ്ങളും ഗവേഷകരുടെ മുന്നിലുണ്ട്. 

mars-one

മനുഷ്യൻ ജനിക്കുമ്പോൾ മുതൽ ശരീരം തിരിച്ചറിയുന്ന ഒരു ഡിഎൻഎ കോഡുണ്ട്. വർഷങ്ങളായി പരിചിതമായ ആ ‘കോഡി’നാണ് പെട്ടെന്നൊരു മാറ്റം വരുന്നത്. ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നും മനസിലാക്കേണ്ടതുണ്ട്. ഒരുപക്ഷേ ചൊവ്വായാത്രികർക്കു മാത്രമല്ല കാൻസറും സ്മൃതിനാശവും ഉൾപ്പെടെയുള്ള അവസ്ഥകൾ കാരണം വലയുന്നവർക്കുള്ള ആശ്വാസം കൂടിയാകും പുതിയ മരുന്ന്! അണുവികിരണങ്ങളെ തടയാൻ ശേഷിയുള്ള സ്പേസ് സ്യൂട്ടുകൾ ബഹിരാകാശ വാഹനങ്ങളിലേക്കായി പ്രത്യേക തരം ആവരണങ്ങൾ, ഇലക്ട്രോമാഗ്നറ്റിക് ഫോഴ്സ് ഫീൽഡ്... റേഡിയേഷനുകളോട് പൊരുതാനുള്ള നാസയുടെ തന്ത്രങ്ങളിൽ ഇനിയും ഏറെ പുതുപരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

related stories