Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയെ കത്തിച്ചു തീർക്കാനൊരുങ്ങിയ ദേവന്റെ പേരില്‍ ഒരു ഛിന്നഗ്രഹം; എത്തുന്നു ഡിസംബറിൽ!

Asteroid

ഗ്രീക്ക് പുരാണപ്രകാരം സൂര്യരാജാവായ ഹീലിയസിന്റെ മകനാണ് ഫയിത്തോൺ. സൂര്യതേജസ്സുമായി അച്ഛൻ തേരി‍ൽ ചുറ്റിക്കറങ്ങുന്നത് മകനെ കുറച്ചൊന്നുമല്ല കൊതിപ്പിച്ചിരുന്നത്. പലവട്ടം ചോദിച്ചിട്ടും ആ തേരിലൊന്നു തൊടാൻ പോലും അനുവദിച്ചിട്ടില്ല ഹീലിയസ്. അങ്ങനെയിരിക്കെ ഒരുനാൾ തന്റെ തേര് ഫയിത്തോണിനു കൈമാറി പിതാവ്. ആവേശത്തോടെ തേരിൽ പാഞ്ഞെങ്കിലും പരിചയക്കുറവു കാരണം എല്ലാം പാളി. ഭൂമിയെ കത്തിച്ചു കളയുമെന്ന മട്ടിലായി കാര്യങ്ങൾ. ആഫ്രിക്കയിലെ വമ്പൻ മരുഭൂമികൾക്കു കാരണം ഫയിത്തോണിന്റെ തേര് വഴിതെറ്റി അഗ്നിപാശങ്ങൾ പുറപ്പെടുവിച്ചതാണെന്നാണ് ഗ്രീക്ക് വിശ്വാസം. സിയൂസ് ദേവന്റെ ഇടപെടലിലാണ് പിന്നീടു വമ്പൻ ദുരന്തം ഒഴിവായത്. ഏകദേശം ഈ കഥയ്ക്കു സമാനമായതിനാലാണ് ഭൂമിക്കു നേരെ വരുന്ന ഒരു ഛിന്നഗ്രഹത്തിന് ഗവേഷകർ 3200 ഫയിത്തോൺ എന്നു തന്നെ പേരു നൽകിയത്. 

ഒന്നു ‘മനസ്സുവച്ചാൽ’ ഭൂമിയെ തച്ചുതകർക്കാനാകുന്നതാണ് ഈ ഛിന്നഗ്രഹമെന്നതാണു സത്യം. പക്ഷേ നാസയിലെ ഗവേഷകർ പറയുന്നു– പേടിക്കേണ്ട, ഇത്തവണയും 3200 ഫയിത്തോൺ പ്രശ്നമുണ്ടാക്കില്ല. ക്രിസ്മസിന് ഒരാഴ്ച മുൻപാണ് ഭൂമിക്ക് ‘തൊട്ടടുത്തു’ കൂടി ഈ ഭീമൻ ഛിന്നഗ്രഹം യാത്രയാകുന്നത്– ഏകദേശം ഡിസംബർ 16ന്. 4.83 കിലോമീറ്റർ വ്യാസമുള്ള ഈ ഛിന്നഗ്രഹത്തെ അത്യന്തം ആപത്കാരിയായാണ് മൈനർ പ്ലാനറ്റ് സെന്റർ രേഖപ്പെടുത്തിയിരിക്കുന്നത്. (ഭൂമിക്കു ചുറ്റിലും അപകടകരമായ നിലയിലും അല്ലാതെയും അലഞ്ഞുതിരിയുന്ന ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയുമെല്ലാം കണ്ടെത്തി രേഖപ്പെടുത്തുന്ന ചുമതല മൈനർ പ്ലാനറ്റ് സെന്ററിനാണ്) 2007 ഡിസംബറിലാണ് സെന്റർ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തന്നത്. 

എന്നാൽ ഭൂമിയിൽ നിന്ന് 1.05 കോടി കിലോമീറ്റർ ദൂരേക്കൂടിയായിരിക്കും ഫയിത്തോണിന്റെ യാത്രയെന്ന നിഗമനത്തിലാണ് നാസ. ബഹിരാകാശ കണക്കു പ്രകാരം അത് ഭൂമിക്കു സമീപത്തു കൂടിയാണ്. എന്നാൽപ്പോഴും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 27 മടങ്ങോളം അധികം വരും അത്. ഈയവസരത്തെ കൃത്യമായി ഉപയോഗപ്പെടുത്താനാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ നീക്കം. ഫയിത്തോണിന്റെ കൂടുതൽ വ്യക്തമായ 3‍ഡി മാതൃകയ്ക്കു രൂപം നൽകാനുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം ലാബറട്ടറി ആരംഭിച്ചു കഴിഞ്ഞു. ക്രമരഹിതമായ രൂപഘടനയാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. എന്നാൽ മറ്റുള്ളവയ്ക്കില്ലാത്ത ഒരു പ്രത്യേകത കൂടിയുണ്ടിതിന്. ഉൽക്കാവർഷം നടത്താൻ കഴിവുള്ള ഇതുവരെ കണ്ടെത്തിയ രണ്ടു ഛിന്നഗ്രഹങ്ങളിൽ ഒന്നാണിത്. ജെമിനിഡ് എന്നറിയപ്പെടുന്ന ഉൽക്കാവർഷത്തിനാണ് ഇതു സഹായിക്കുക. വരുന്ന ഡിസംബർ 13നാണ് ഇത് പാരമ്യതയിലെത്തുക. ജനുവരിയിലുണ്ടാകുന്ന ‘ക്വാഡ്രാന്റിഡ്സാ’ണ് ഛിന്നഗ്രഹത്തിൽ നിന്നുള്ള മറ്റൊരു ഉൽക്കാവർഷം. 

ലോഹങ്ങളും പാറകളും നിറഞ്ഞതാണ് ഛിന്നഗ്രഹങ്ങൾ. ഉൽക്കകളാകട്ടെ മഞ്ഞുകട്ടകളും പൊടിയും പാറകളും ചേർന്നുള്ളതും. സൂര്യനെ വലംവച്ച് അടുത്തേക്കെത്തും തോറും ഉൽക്കകളിലെ മഞ്ഞുരുകി ബാഷ്പമായി ഒരു ‘വാലിന്’ രൂപം നൽകി ആകാശത്തിലൂടെ പായും. ‘കൊള്ളിയാനായി’ നാം കാണുന്നതെല്ലാം അതാണ്. സൂര്യനോടടുക്കുമ്പോൾ ഫയിത്തോണിലും ഇത്തരത്തിൽ ഉല്‍ക്കാവർഷത്തിനു സഹായിക്കുന്ന എന്തോ ഒന്നു സംഭവിക്കുന്നുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. ഇക്കാര്യവും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കാനാണു ഗവേഷകരുടെ തീരുമാനം. 

1974നു ശേഷം ഇതാദ്യമായാണ് ഇത്രയും സമീപത്തു കൂടെ ഫയിത്തോൺ കടന്നു പോകുന്നത്. ഇനി ഇവയെ അടുത്തു കാണണമെങ്കിൽ 2093 വരെ കാത്തിരിക്കണം. വാനനിരീക്ഷണത്തിൽ മികവുണ്ടെങ്കിൽ നിങ്ങൾക്കും ടെലിസ്കോപ്പിലൂടെ കാണാവുന്നതാണ് 3200 ഫയിത്തോണിനെ. മൂന്നാഴ്ചയോളം ആകാശത്ത് ഇവയെ കാണാം. എന്നാൽ ഡിസംബർ 11നും 21നും ഇടയിലായിരിക്കും ഏറ്റവും പ്രകാശത്തോടെ കാണാനാകുക. ഇവയുണ്ടാക്കുന്ന ഉൽക്കാവർഷമാകട്ടെ ഡിസംബറിൽ പത്തു രാത്രികളിൽ ആകാശത്ത് ‘വെടിക്കെട്ട്’ തീർക്കും. ഓരോ മണിക്കൂറിലും 100 ഉൽക്കകളെന്ന കണക്കിലായിരിക്കും ആ സമയത്ത് വരവെന്നും ഗവേഷകർ പറയുന്നു.

related stories