Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂലൈ ഒന്നിന് ഫോണ്‍ വില കുത്തനെ ഉയരും, കോള്‍ നിരക്ക് കൂടും, ‘പണി’ കിട്ടുന്നത് ചൈനയ്ക്ക്

China-phone

രാജ്യത്ത് ജിഎസ്ടി നടപ്പിൽ വരുന്നതോടെ ജൂലൈ ഒന്നു മുതൽ സ്മാർട്ട്ഫോണുകളുടെ വിലയിൽ വലിയ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഐഫോൺ, പിക്സൽ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഒട്ടുമിക്ക ബ്രാൻഡ് ഫോണുകളുടെയും വില കുത്തനെ ഉയരും. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് നാലു മുതൽ അഞ്ചു ശതമാനം വരെ വില കൂടും. വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന ഹാൻഡ്സെറ്റുകളുടെ ജിഎസ്ടി നിരക്ക് 15 ശതമാനമാണ്. 

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്ന ചൈനീസ് കമ്പനികൾക്കാണ് വൻ പ്രതിസന്ധി വരാൻ പോകുന്നത്. ജിഎസ്ടി വരുന്നതോടെ വിപണി പിടിക്കാൻ ചൈനീസ് കമ്പനികളെല്ലാം ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങേണ്ടി വരുമെന്ന് ചുരുക്കം. ഇതോടെ ഇന്ത്യയിൽ നിന്ന് ചൈനയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ വൻ ഇടിവു നേരിടും.

എല്ലാ സ്മാർട്ട്ഫോൺ കമ്പനികളെയും ഇന്ത്യയിൽ പ്ലാന്റ് തുടങ്ങാൻ പ്രേരിപ്പിക്കുന്നതാണ് ജിഎസ്ടി. ഇതിന്റെ തുടക്കമെന്നോണം ആപ്പിളും ചില ചൈനീസ് കമ്പനികളും ഇന്ത്യയിൽ പ്ലാന്റ് തുടങ്ങി കഴിഞ്ഞു. നിലവിൽ രാജ്യത്ത് വിൽക്കുന്ന 80 ശതമാനം സ്മാർട്ട്ഫോണുകളും തദ്ദേശീയമായി നിർമിച്ചവയാണ്. സ്മാർട്ട്ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, കംപ്യൂട്ടറുകൾ, യുഎസ്ബി, പ്രിന്റർ, മോണിറ്റർ തുടങ്ങി ഉൽപ്പന്നങ്ങൾക്കും വില കൂടും. നേരത്തെ 14–15 ശതമാനം നികുതി ഈടാക്കിയിരുന്നു ഈ ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി 18 ശതമാനമാണ്.

china-phone

ജിഎസ്ടി നടപ്പാകുന്നതോടെ ടെലികോം കമ്പനികളുടെ സേവനങ്ങൾക്കും കൂടുതൽ തുക നൽകേണ്ടിവരും. കോൾ നിരക്കുകൾ മൂന്നു ശതമാനം വർധിക്കുമെന്നാണ് അറിയുന്നത്ക. നിലവിൽ കോൾ നിരക്കുകളിന്മേൽ 15 ശതമാനം സേവന നികുതിയാണ് ഈടാക്കുന്നത്. ഈ നിരക്കുകൾ ജിഎസ്ടിയിലേക്ക് മാറുന്നതോടെ നിരക്ക് 18 ശതമാനമാകുമെന്നാണ് കണക്കുകൂട്ടുന്നത്. അതായത് മാസം 500 രൂപ ബില്ല് അടയ്ക്കുന്നവർ 15 രൂപ അധികം നല്‍കേണ്ടിവരും.

More Technology News