Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രീകോൾ ‘സൂനാമി’: എയർടല്ലിന് ജിയോ കൊടുത്തത് ‘എട്ടിന്റെ പണി’, 3 മാസ നഷ്ടം 500 കോടി രൂപ!

ambani-mithal

റിലയൻസ് ജിയോ ടെലികോം രംഗത്ത് വൻചലനമുണ്ടാക്കുന്ന എന്തോ തീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്ന സൂചനകൾക്കിടെ, കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി എയർടെൽ രംഗത്ത്. റിലയൻസ് ജിയോയിലൂടെയുള്ള സൗജന്യകോളുകളുടെ ‘സൂനാമി’ കാരണം ഓരോ മൂന്നു മാസത്തിലും 550 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ ഇന്നലെ പറഞ്ഞു.

അതായത് കഴിഞ്ഞ ആറു മാസത്തിനിടെ കമ്പനിക്ക് നഷ്ടം സംഭവിച്ചത് ഏകദേശം 1100 കോടി രൂപയാണ്. ഓരോ ഇൻകമിങ് കോളിനും ഓരോ മിനിറ്റിനും 21 പൈസയുടെ നഷ്ടം ഉണ്ടാകുന്നതായും എയർടെൽ പറഞ്ഞു. എയർടെൽ പണിത ഹൈവേയിലൂടെ സുഖമായി റൈഡ് നടത്തുന്നതുപോലെയാണ് ജിയോയുടെ ബിസിനസ്. ടെലികോം രംഗത്തു മത്സരം നല്ലതാണ്. രാജ്യത്തിന് അത് ആവശ്യവുമാണ് പക്ഷേ, മേഖലയെ മൊത്തമായി ആരും പിടിച്ചെടുക്കുന്നതു നല്ലതല്ലെന്നും എയർടെൽ പറയുന്നു.

രാജ്യത്തിനുള്ളിൽനിന്നുള്ള ഫോൺ കോളുകൾ (ഇൻകമിങ്) സ്വീകരിക്കുന്നതിനു നിലവിലെ ചാർജായ മിനിറ്റിന് 14 പൈസ പോരാ, 30–35 പൈസയെങ്കിലും വേണമെന്ന് മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവർ ടെലികോം അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എ എന്ന നെറ്റ്‌വർക്കിൽനിന്ന് ഒരാൾ ബി എന്ന നെറ്റ്‌വർക്കിലേക്കു വിളിക്കുമ്പോൾ എ നൽകേണ്ടിവരുന്ന ചാർജാണിത്.

എന്നാൽ 14 പൈസ പോലും ആവശ്യമില്ലെന്നും ഇൻകമിങ് കോളുകൾ സൗജന്യമാക്കണമെന്നുമാണ് ജിയോയുടെ നിലപാട്. സൗജന്യകോൾ ഉപയോക്താക്കൾക്കു നൽകിയതോടെ കോളുകളുടെ എണ്ണം വൻതോതിൽ ഉയർന്നെന്നും രാജ്യത്തെ മറ്റു മൊബൈൽ സേവനദാതാക്കൾ ജിയോകോളുകളിലൂട 1.2 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് ജിയോയുടെ അവകാശവാദം. എയർടെൽ മാത്രം 73,000 കോടി ലാഭമുണ്ടാക്കിയെന്നും ജിയോ പറഞ്ഞു. എന്നാൽ ജിയോയുടെ മറുപടി തെറ്റാണെന്നു മാത്രമല്ല, കേൾക്കുമ്പോൾ ചിരിയാണു വരുന്നതെന്നും എയർടെൽ പറയുന്നു.

എയർടെല്ലിന്റെയും മറ്റു സേവനദാതാക്കളുടെയും ആവശ്യം പരിഗണിച്ച് ഇന്റർ കണക്‌ഷൻ യൂസേജ് ചാർജ് (ഐയുസി) ഉയർത്താൻ ടെലികോം നിയന്ത്രണ അതോറിറ്റി തീരുമാനിച്ചാൽ ഉപയോക്താക്കളുടെ കോൾ നിരക്കു കൂടും. ടെലികോം താരിപ്പിന്റെ പ്രധാന ഘടകമാണ് ഐയുസി.

പ്രവർത്തന വിപുലീകരണത്തിനു പണം കണ്ടെത്താൻ റിലയൻസ് ജിയോ അവകാശ ഓഹരി വിൽപനയിലൂടെ 20,000 കോടി രൂപ സമാഹരിക്കുമെന്ന് മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. സൗജന്യ വോയ്സ് കോളും ഇന്റർനെറ്റും കഴിഞ്ഞ സെപ്റ്റംബറിൽ ലഭ്യമാക്കി രംഗത്തു വന്ന ജിയോ ഇപ്പോൾ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും എതിരാളികളെക്കാൾ നിരക്കിളവ് നൽകുന്നുണ്ട്.

ഇന്നു ജിയോയുടെ ബോർഡ് യോഗത്തിനുശേഷമുള്ള പ്രഖ്യാപനമെന്തെന്നു കാതോർക്കുകയാണു ടെലികോം വിപണി. 4ജി സൗകര്യമുള്ള ഫീച്ചർ ഫോൺ വളരെ താഴ്ന്ന വിലയിൽ അവതരിപ്പിക്കുന്നതടക്കമുളള നടപടികളാണു പ്രതീക്ഷിക്കുന്നത്.

More Technology News

related stories