Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് അക്കൗണ്ടുകളെ കാലിയാക്കുന്ന ‘ഭീകരൻ’ ട്രിക്‌ബോട്ട് 40 രാജ്യങ്ങൾക്ക് ഭീഷണി

credit-card

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം മോഷ്ടിക്കുന്ന കംപ്യൂട്ടര്‍ മാൽവെയർ പ്രോഗ്രാം ട്രിക്‌ബോട്ട് നാല്‍പതോളം രാജ്യങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് മുന്നറിയിപ്പ്. ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, ചിലി, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഈ മാൽവെയർ പണിതുടങ്ങിയെന്നാണ് ഐബിഎമ്മിലെ സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. 

ഇപ്പോഴും ലാറ്റിനേരിക്കയിലെ ട്രിക്‌ബോട്ട് ബാധിത കംപ്യൂട്ടറുകളുടെ എണ്ണം കുറവാണ്. എന്നാലിത് സൈബര്‍ ക്രിമിനലുകളുടെ രീതിയാണെന്നും ആദ്യഘട്ടത്തിലെ പരീക്ഷണങ്ങള്‍ക്ക് ശേഷം വൈറസ് അതിവേഗത്തില്‍ പടരാനുള്ള സാധ്യത വളരെയധികമാണെന്നുമാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രിക്‌ബോട്ടിനെ ആദ്യമായി തിരിച്ചറിയുന്നത്. ഏഷ്യയിലേയും ഓസ്‌ട്രേലിയയിലേയും ചില രാജ്യങ്ങള്‍ക്കൊപ്പം യുകെ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളേയും ട്രിക്‌ബോട്ട് ആദ്യഘട്ടത്തില്‍ ബാധിച്ചു. 

ബാങ്കുകളില്‍ നിന്നുള്ള ഇമെയിലുകളെന്ന വ്യാജേന അയക്കുന്ന മെയിലുകള്‍ വഴിയാണ് ട്രിക്‌ബോട്ട് പടര്‍ന്നുപിടിച്ചത്. ഇവര്‍ അയക്കുന്ന വെബ് സൈറ്റുകള്‍ തുറക്കുന്ന ഇടപാടുകാര്‍ യൂസര്‍നെയിമും പാസ്‌വേഡും ചോർത്തുന്നതോടെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യം സാധിക്കുന്നു. ഇങ്ങനെ സംഘടിപ്പിക്കുന്ന യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് ഇവര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നത്. 

ഏഷ്യ, യൂറോപ്പ്, ഉത്തര-ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ ട്രിക്‌ബോട്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്കിങ് ഇടപാടുകള്‍, പണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയവയെയാണ് പ്രധാനമായും ട്രിക്‌ബോട്ടിന് പിന്നിലുള്ളവര്‍ ലക്ഷ്യം വെക്കുന്നത്. കോര്‍പറേറ്റ് മേഖലയിലെ പണമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് ഇതില്‍ നിന്നും കരുതുന്നു. രാജ്യാന്തര തലത്തില്‍ കണ്ണികളുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വൈകാതെ ഈ സംഘം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്. 

വാനാക്രൈ മാതൃകയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള വൈറസാണ് ടേരിക്ക്‌ബോട്ട്, എന്നാല്‍ അവര്‍ ആ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്ക് ഇതുവരെ വ്യക്തമായിട്ടില്ല. ഹാക്കിങ് ആശയങ്ങളുടെ പരീക്ഷണങ്ങളാണോ ഇവര്‍ നടത്തുന്നതെന്ന് പോലും സംശയിക്കപ്പെടുന്നുണ്ട്. പരമാവധി പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഡിജിറ്റല്‍ കറന്‍സിയിലേക്ക് അക്കൗണ്ടിലെ പണം ഒറ്റയടിക്ക് മാറ്റാനാണോ ഇവര്‍ ശ്രമിക്കുന്നതെന്ന് പേടിയും അവശേഷിക്കുന്നു.