Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ മാനം കാക്കാൻ അമ്മ; അഭിനയത്തിന്റെ അമ്പതാം വർഷത്തിൽ ശ്രീദേവിയുടെ പോരാട്ടം

mom-1 ‘മോം’ എന്ന ചിത്രത്തിന്റെ പോസ്റ്റർ.

അരനൂറ്റാണ്ട് ചെറിയൊരു കാലയളവല്ല; ഏതു രംഗത്തായാലും. സിനിമയിലാകുമ്പോൾ പ്രത്യേകിച്ചും. മാറി വരുന്ന താരങ്ങൾക്കും ട്രെൻഡുകൾക്കുമൊപ്പം പിടിച്ചുനിൽക്കാൻ അപാരമായ കരുത്തുവേണം. അഭിരുചികളിലെ വ്യത്യാസം ഉൾക്കൊള്ളാൻ അസാധാരണ ഉൾക്കാഴ്ച വേണം.

കാഴ്ചക്കാർ ഇഷ്ടപ്പെടുന്നരീതിയിൽ പ്രത്യക്ഷയാകാൻ ആത്മവിശ്വാസം ആവോളം വേണം. വ്യത്യസ്ത ഭാഷകളിലായി അഭിനയരംഗത്ത് അരനൂറ്റാണ്ട് കടക്കുന്ന ശ്രീദേവി എന്ന നടി ഇന്നും താൻ ബോളിവുഡ് ചലച്ചിത്രലോകത്ത് അനിവാര്യയാണെന്ന് തെളിയിച്ചിട്ടുണ്ട്; ഒരിക്കലല്ല.പല തവണ.‘മോം’ എന്ന പുതിയ ബോളിവുഡ് ചലച്ചിത്രത്തിലൂടെ ഒരിക്കൽക്കൂടി ശ്രീദേവി അഭിനയശേഷിയുടെ ഔന്നിത്യങ്ങൾ കീഴടക്കുന്നു.

പുതിയകാലത്തെ ഏറ്റവും പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായും കഥയെ നയിക്കുന്ന ശക്തിയായും നിറഞ്ഞുനിൽക്കുന്നു ഇന്ത്യൻസിനിമയുടെ ‘ശ്രീ’; മോം ഹൃദയത്തിലൊരു മുറിവുണ്ടാക്കി ധാർമികരോഷത്തിന്റെ കനലുകൾ ആളിക്കത്തിക്കുന്നു.

sreedevi-1 ചിത്രത്തിന് കടപ്പാട് ; യുട്യൂബ്.

ആവർത്തിക്കപ്പെടുന്ന മാനഭംഗങ്ങളുടെ പേരിൽ കുപ്രസിദ്ധമാണ് ഡൽഹി നഗരം. രാജ്യത്തെത്തന്നെ ഇളക്കിമറിച്ച നിർഭയ സംഭവത്തിനുശേഷവും പെൺകുട്ടികളും യുവതികളും കൊടിയദുരന്തങ്ങൾ അനുഭവിക്കുന്ന നഗരങ്ങളിലൊന്നാണ് ഇന്ത്യൻ തലസ്ഥാനം. നടുറോഡിലും വാഹനങ്ങളിലും പിച്ചിച്ചീന്തപ്പെടുന്നു ജീവിതങ്ങൾ. അന്വേഷണവും അറസ്റ്റും വിചാരണയും ശിക്ഷാവിധികളും മുറയ്ക്കു നടക്കുമ്പോഴും ഇരകൾ വീണ്ടുമുണ്ടാകുന്നു; വേട്ടക്കാരും. മോം എന്ന ചിത്രത്തിന്റെ പശ്ഛാത്തലവും ഡൽഹി തന്നെ. വിശ്വസനീയമായി, യാഥാർഥ്യത്തോടടുത്ത് രവി ഉദയ്‍വാർ എന്ന സംവിധായകൻ മോമിലൂടെ ഡൽഹിയുടെ ഇരുട്ടിലേക്കു ക്യാമറ തിരിക്കുന്നു. 

പ്രണയത്തിന്റെ പുണ്യദിനമായ വാലന്റൈൻസ് ദിവസത്തിൽ ഒരു പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാക്കപ്പെടുന്നു. ഡൽഹിയുടെ അഴുക്കുചാലിലേക്ക് ആ കുട്ടിയെ ഒരു വാഹനം തള്ളുന്നു. ജീവനുവേണ്ടി മല്ലിടുകയാണു പെൺകുട്ടി. ഡൽഹി നഗരം ഒരു പശ്ചാത്തലം എന്നതിലുപരി മോം എന്ന ചിത്രത്തിൽ ജീവൻവയ്ക്കുന്നു. നഗരത്തിന്റെ ഇരുളടഞ്ഞ വഴികളും അപകടകരമായ തിരിവുകളും എപ്പോഴും എന്തും സംഭവിക്കാവുന്ന പാതകളും നിലവിളികൾ മാറ്റൊലിക്കൊള്ളുന്ന അന്തരീക്ഷവും ....ഗിരീഷ് കോലിയുടെ തിരക്കഥയിലെ ഒരു പ്രധാനകഥാപാത്രം തന്നെയാണു നഗരം. ഡൽഹി നഗരത്തിൽതന്നെയാണു മോം ചിത്രീകരിച്ചിരിക്കുന്നത്. 

girl-crying ചിത്രത്തിന് കടപ്പാട് ; യുട്യൂബ്.

അഴുക്കുചാലിലേക്ക് എടുത്തെറിയപ്പെടുന്ന പെൺകുട്ടി ആശുപത്രിയിലെ കിടക്കിയിൽ ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ അതിജീവനത്തിനായി പോരാടുന്നു. അവളുടെ അമ്മയാകട്ടെ മകൾക്കു സംഭവിച്ച ദുരന്തത്തിൽ പകച്ചും ഇനിയെന്ത് എന്ന് ആലോചിച്ചും പ്രതിസന്ധിയുടെ നിമിഷങ്ങളെണ്ണുന്നു. പെൺകുട്ടിയുടെ പിതാവ് ന്യൂയോർക്ക് യാത്ര ഇടയ്ക്കുവച്ചു നിർത്തി ആശുപത്രിയിലേക്കു തിരക്കിട്ടു മടങ്ങുന്നു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നു. ക്രൂരതയ്ക്കു പിന്നിലുള്ള വേട്ടക്കാരായ നാലുപേരും വലയിലാകുന്നു. കുറ്റപത്രം സമർപ്പിക്കുന്നു. ഇതിനിടെ, അങ്ങോട്ട് ആവശ്യപ്പെടാതെതന്നെ ഒരു സ്വകാര്യ കുറ്റാന്വേഷകൻ (നവാസുദ്ദീൻ സിദ്ദിഖി) സഹായവാഗ്ദാനവുമായി പെൺകുട്ടിയുടെ അമ്മയെ സമീപിക്കുന്നു. 

വിചാരണ പെട്ടെന്നു തീർക്കാൻ ഫാസ്റ്റ് ട്രാക് കോടതി സ്ഥാപിതമാകുന്നു. വീഡിയോ കോൺഫറൻസിങ്ങിലൂടെ ഇരയുടെ മൊഴി രേഖപ്പെടുത്തുന്നു. ഇരയ്ക്ക് അനുകൂലമായ വിധിക്കു വേണ്ടി കാത്തിരിക്കുകയാണ് കുടുംബവും സമൂഹവും. പക്ഷേ, പ്രതീക്ഷയ്ക്കു വിരുദ്ധമായി മതിയായ സാഹചര്യത്തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കുറ്റവാളികൾ രക്ഷപ്പെടുന്നു. നിയമവ്യവസ്ഥയിൽ ഉറച്ചുവിശ്വസിക്കുന്നയാളാണു പെൺകുട്ടിയുടെ അമ്മ. അച്ചടക്കത്തെക്കുറിച്ചു പുതിയ തലമുറയെ അഭ്യസിപ്പിക്കുന്ന അധ്യാപിക.

അടക്കവും ഒതുക്കവും പഠിപ്പിച്ച ജീവിതത്തിൽ, നിയമം നിർദയം തന്നെ കൈവിടുമ്പോൾ അവർ ഇതാദ്യമായി നിയമത്തെ ധിക്കരിക്കാൻ തയ്യാറാകുന്നു. നിയമം കണ്ണുകെട്ടുകയും സമൂഹം പുതിയ ഇരയ്ക്കു പിന്നാലെ പായുകയും ചെയ്യുമ്പോൾ മകളുടെ മാനം കെടുത്തിയവരെത്തേടി അമ്മയുടെ യാത്ര തുടങ്ങുകയായി. ദേവകി എന്ന അധ്യാപികയുടെ പ്രതികാരമൂർത്തിയിലേക്കുള്ള പരിവർത്തനത്തിന്റെ കഥ.

sreedevi ചിത്രത്തിന് കടപ്പാട് ; യുട്യൂബ്.

ദേവകിയാകുന്നതു ശ്രീദേവി. നാലാം വയസ്സിൽ ബാലതാരമായി അഭിനയം തുടങ്ങി രാജ്യത്തെ മിക്ക ഭാഷകളിലും അരാധക വൃന്ദത്തെ സൃഷ്ടിച്ച ശ്രീദേവിയുടെ അഭിനയരംഗത്തെ പരിചയത്തിന്റെ കരുത്തിൽ അമ്മവേഷം ഭദ്രം. പ്രതികാര ചിത്രങ്ങളുടെ പതിവുഫോർമുലയിൽനിന്നു മോമിനെ വ്യത്യസ്തമാക്കുന്നതുതന്നെ ശ്രീദേവി:അരനൂറ്റാണ്ടുകടക്കുന്ന ശ്രീയുടെ അഭിനയചാതുര്യവും തൻമയത്വവും.

പ്രതികാരം എന്ന ലക്ഷ്യത്തിലേക്കു നടന്നടുക്കുന്ന ദേവകിയുടെ ഹൃദയത്തിൽ വൈകാരിക സംഘർഷങ്ങളുമുണ്ട്. 18 വയസ്സുള്ള മകളുടെ യഥാർഥ അമ്മയല്ല അവർ. ജൻമം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും മകളായി വളർത്തുന്ന കുട്ടിയുടെ ഹൃദയത്തിൽ ഒരു അമ്മയുടെ സ്ഥാനം നേടിയെടുക്കാനാണ് അവരുടെ ശ്രമം. ജൻമം കൊണ്ടാണോ ജീവിതം കൊണ്ടാണോ അമ്മയാകുന്നതെന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാകുന്നു മോം.

film ചിത്രത്തിന് കടപ്പാട് ; യുട്യൂബ്.

ചെടിപ്പിക്കുന്ന വികാരപ്രകടനങ്ങൾക്കുപകരം എല്ലാ സംഘർഷവും ഉള്ളിലൊതുക്കുകയാണു ദേവകി. സ്നേഹവും കടപ്പാടും പ്രവൃത്തികളിലൂടെ തെളിയിക്കേണ്ടിവരുമ്പോൾ അവർ തളരുന്നില്ല. പൂർവ്വാധികം ശക്തയാകുന്നേയുള്ളൂ. മാതൃത്വം സ്ഥാപിച്ചെടുക്കണം. ഒപ്പം ശിക്ഷ ലഭിക്കില്ലെന്ന ആശ്വാസത്തോടെ ഇനിയൊരാളും ഒരു പെൺകുട്ടിയുടെ ദേഹത്തു കൈവയ്ക്കാനും പാടില്ല. ഒരേസമയം നല്ലൊരു വീട്ടമ്മയും എന്തും ചെയ്യാൻ മടിക്കുന്ന കുറ്റവാളിസംഘത്തെ നേരിടുന്ന കഠിനഹൃദയയായും ദേവകിക്കു മാറേണ്ടതുണ്ട്. ശ്രീദേവി അവസരത്തിനൊത്തുയരുന്നു; മോമിനെ അവിസ്മരണീയ അനുഭവമാക്കുന്നു.

അലസമായി കണ്ടിരിക്കാനാവില്ല മോം.അസ്വസ്ഥമാക്കുമ്പോൾ തന്നെ ഹൃദയത്തിൽതൊടുന്ന ചലച്ചിത്രം. ശ്രീദേവിയുടെ ദേവകിയാകട്ടെ മറക്കാനാവാത്ത അമ്മയായി പ്രേക്ഷകരെ കീഴടക്കുന്നു.അമ്പതു വയസ്സു കഴിഞ്ഞിട്ടും പ്രതിഭയ്ക്കു നിത്യയൗവ്വനമെന്നു തെളിയിക്കുന്ന തളരാത്ത പ്രകടനം. ശ്രീദേവി ഇന്നും ഇന്ത്യൻ സിനിമയുടെ ശ്രീ തന്നെ; താരകിരീടം വയ്ക്കാത്ത രാജ്ഞി, തിരശ്ശീലയെ തീപിടിപ്പിക്കുന്ന തീവ്രനായിക.