ആചാരാനുഷ്ഠാനങ്ങൾ മാറ്റരുത്

ആചാരങ്ങളും അനുഷ്ഠാനങ്ങളും അനേകം തലമുറകളായി തുടർന്നു വരുന്ന കാര്യമാണ്. അത് ഒരു സുപ്രഭാതത്തിൽ നിർത്തുവാന്‍ സാധിക്കുകയില്ല. നിർത്തിയാൽ പല അനർത്ഥങ്ങളും ഉണ്ടാവുകയും ചെയ്യും. ചെയ്തിട്ടുമുണ്ട്. ചില ക്ഷേത്രങ്ങളിൽ പാരമ്പര്യമായി ചെയ്തു വന്നിരുന്ന പല കര്‍മ്മങ്ങളും പരിഷ്കാരത്തിന്റെ പേരിൽ ഒഴിവാക്കിയതിനാൽ പിന്നീട് അഷ്ടമംഗലപ്രശ്നങ്ങളിൽ അത് തെളിയുകയും തുടർന്നു കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ഉണ്ടായിട്ടുണ്ട്.

പുതിയ കാര്യങ്ങൾ ആരംഭിക്കും മുൻപും പഴയത് ഉപേക്ഷിക്കും മുൻപും നൂറുവട്ടം അതിന്റെ വരുംവരായ്കകൾ ആലോചിക്കണം. തന്ത്രിക്കാണ് ഇത്തരം കാര്യങ്ങളിൽ പരമാധികാരം. വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ചടങ്ങുകൾ ഒഴിവായാലും നടത്തിയാലും ഒരുപക്ഷേ എല്ലാവരും അറിയണമെന്നില്ല. ഇത്തരം ചടങ്ങുകളാണ് പലപ്പോഴും മുടങ്ങി പോകുന്നത്. മുടങ്ങി പോയ കാര്യങ്ങൾ പുനരാരംഭിക്കാൻ പെട്ടെന്ന് തീരുമാനിക്കുക, മുടങ്ങിയതിന് പ്രായശ്ചിത്തം ചെയ്തു പ്രാർത്ഥിക്കുക.

ആണ്ടുബലി അഥവാ ശ്രാദ്ധം ഇതുപോലെ പലരും ഇന്ന് നടത്തുന്നില്ല. അത് മുടങ്ങിക്കിടക്കുകയാണ്. സ്വത്ത് ലഭിച്ചവരൊക്കെ ബലി ഇടാൻ ബാധ്യസ്ഥരാണ്. പാരമ്പര്യമനുസരിച്ച് മക്കത്തായവും മരുമക്കത്തായവും ഒക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും പൂർവ്വികസ്വത്ത് ലഭിച്ചാൽ രണ്ട് രീതിയിലും ബലി ഇടാൻ ബാധ്യത വന്നുചേരും.

നായന്മാർക്ക് അമ്മവഴിയാണ് പാരമ്പര്യം വരുന്നത്. അച്ഛന്റെ സ്വത്ത് കൂടി ലഭിച്ചാൽ ആ പാരമ്പര്യത്തിന്റെ ഉത്തരവാദിത്വവും ലഭിക്കുമെന്ന് ചുരുക്കം. ഈഴവർക്കും ബ്രാഹ്മണർക്കും അച്ഛൻ വഴിയാണ് പാരമ്പര്യം. ഇതും സ്വത്തിന്റെ അടിസ്ഥാനത്തിലും കൂടി കണക്കാക്കണം. കുടുംബങ്ങളിൽ നിർത്തിപോയ മറ്റൊരു ആചാരമാണ് വീതു വെയ്പ്. മരിച്ചു പോയ കാരണവൻമാർക്കു വർഷത്തിൽ ഒരിക്കലെങ്കിലും ഭക്ഷണം നൽകുന്ന ചടങ്ങായിരുന്നു അത്. ഇന്നും ചിലർ ഇത് നടത്തുന്നുണ്ട്. മുടങ്ങിയിട്ടുള്ളവര്‍ അത് ഉടനെ തന്നെ ചെയ്യുക. അതിന് സമയം വരാൻ കാത്തിരിക്കേണ്ട. ഉച്ചഭക്ഷണം കഴിച്ചില്ലെങ്കിൽ നാളെ ഉച്ചയ്ക്ക് കഴിക്കാം എന്നു കരുതി നാം ഇരിക്കാറില്ലല്ലോ. എത്രയും പെട്ടെന്ന് അത് കഴിക്കുകയല്ലേ ചെയ്യുന്നത്.

നമ്മുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്ന കാര്യവും ഓർക്കുമല്ലോ? രാമേശ്വരത്തോ, ചേലാമറ്റത്തോ, തിരുനെല്ലിയിലോ, വർക്കലയിലോ, ഗംഗയിലോ ഒക്കെ ബലി ഇടുന്നത് നല്ലതാണ്. എന്നാൽ അവിടെ ബലി ഇട്ടാൽ പിന്നെ ബലി ഇടേണ്ട എന്ന് പറയുന്നത് പണ്ട് ഒരു നമ്പൂതിരി വയറുനിറച്ചു സദ്യകഴിഞ്ഞ് വീട്ടിലെ പത്തായത്തിന്റെ താക്കോൽ വലിച്ചെറിഞ്ഞ പോലെയാണ്. വയറുനിറഞ്ഞാൽ പിന്നെ നെല്ലെന്തിനാണ് എന്ന് അദ്ദേഹം കരുതിയ പോലെ ഇന്നും ചിലർ കരുതുകയും തെറ്റായി പറയുകയും ചെയ്യുന്നു. ഗരുഡപുരാണത്തിൽ ബലി ഇടേണ്ട കാര്യങ്ങൾ കൃത്യമായി പറയുന്നുണ്ട്. അത് ഒഴിവാക്കാൻ ഒരു വഴിയും അതിൽ ഇല്ല.