വീട്ടിൽ നിന്നിറങ്ങി തിരിച്ചു കയറുന്നത് ദുർനിമിത്തമാണോ?

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവിചാരിതമായോ എന്തെങ്കിലും മറന്നു വച്ചതു എടുക്കാനായോ പലർക്കും തിരിച്ചു കയറേണ്ടിവരാറുണ്ട്.ജ്യോതിഷപരമായി ദുർനിമിത്തം അഥവാ അശുഭ ലക്ഷണം എന്നിതിനെ പറയും.തിരിച്ചുകയറിയതു നന്നല്ല കുറച്ചു സമയം കഴിഞ്ഞശേഷം യാത്ര തിരിച്ചാൽ മതി എന്ന് പഴമക്കാർ ഉപദേശിക്കാറുണ്ട് . യാത്രാസമയത്ത് പിന്നിൽ നിന്ന് വിളിക്കുന്നതും ശുഭമല്ല. ഒരുമിച്ചു യാത്ര പുറപ്പെടുമ്പോൾ ഉണ്ടാവുന്ന ദുർനിമിത്തഫലം അതിലെ പ്രധാനിയുടെമേൽ പതിക്കും എന്നാണ് വിശ്വാസം . 

പരിഹാരമായി വീടിനുള്ളിൽ കയറിയിരുന്നു ഗണപതിയെ വന്ദിച്ചശേഷം ഇഷ്ടദേവതയെ ഭക്തിപൂർവ്വം ധ്യാനിക്കുകയോ ഇഷ്ടദേവതാ മന്ത്രം ജപിക്കുകയും ആവാം. മനസ്സ് ഏകാഗ്രമാക്കി അഞ്ചുതവണ പ്രാണായാമം ചെയ്യുന്നതും ഉത്തമം. ഏതൊരു കാര്യത്തിനു മുന്നിട്ടിറങ്ങും മുൻപ് ഈശ്വരാധീനം വര്‍ധിപ്പിക്കുന്നത് സത്ഫലങ്ങൾ ഉണ്ടാവാൻ നല്ലതാണ്.

യാത്ര പുറപ്പെടുമ്പോൾ  അപകടസാധ്യതയും ധനനഷ്ടവും ഉണ്ടാവാതിരിക്കാനും കാര്യസിദ്ധിക്കും യാത്രാലക്ഷ്യപ്രാപ്തിക്കും ഈ മന്ത്രങ്ങൾ ചൊല്ലാവുന്നതാണ്.

അഗ്രതോ നരസിംഹോ മേ

പൃഷ്ഠതോ ഗരുഡദ്ധ്വജഃ

പാര്‍ശ്വയോസ്തു ധനുഷ്മന്തൗ

സകരൗ രാമലക്ഷ്മണൗ

അഗ്രത: പൃഷ്ഠതശ്ചൈവ

പാര്‍ശ്വയോശ്ച മഹാബലൗ

ആകര്‍ണ്ണപൂര്‍ണ്ണ ധന്വാനൗ

രക്ഷേതാം രാമലക്ഷ്മണൗ

രാമായ രാമഭദ്രായ

രാമചന്ദ്രായ വേധസേ

രഘുനാഥായ നാഥായ

സീതായാ: പതയേ നമഃ