അമാവാസി വ്രതം അനുഷ്ഠിച്ചാൽ ഫലങ്ങൾ ഏറെ!

ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രൻ വരുന്ന ദിനമാണ് കറുത്തവാവ് അഥവാ അമാവാസി. അമാവാസി ദിനത്തിൽ ചന്ദ്രന്റെ ഇരുണ്ട ഭാഗം ഭൂമിക്കു അഭിമുഖമായി വരും .അതിനാൽ ചന്ദ്രന്റെ സ്വാധീനമില്ലാത്ത ദിനമാണ് കറുത്തവാവ് . ചന്ദ്രന് സ്വാധീനം  കുറഞ്ഞിരിക്കുമ്പോൾ  ഉണ്ടാവുന്ന ദോഷകാഠിന്യം കുറയ്ക്കാനാണ് എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം  ഭക്ഷണ നിയന്ത്രണത്തോടെ ഒരിക്കൽ എടുക്കണമെന്ന് പഴമക്കാർ പറയുന്നത്.ഇടവമാസത്തെ അമാവാസി ജൂൺ പതിമൂന്ന് ബുധനാഴ്ചയാണ് വരുന്നത് .അന്നേദിവസം ക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നതും മൽസ്യമാംസാദികൾ വർജിക്കുന്നതും ദാനധർമ്മങ്ങൾ അനുഷ്ഠിക്കുന്നതും ഉത്തമമാണ്.അമാവാസി ദിനത്തിൽ കാക്കയ്ക്ക് ഭക്ഷണം നൽകിയ ശേഷം ആഹാരം കഴിക്കുന്നതും നല്ലതാണ്.

ഹൈന്ദവ വിശ്വാസമനുസരിച്ച് പിതൃക്കൾക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ദിനമാണ് അമാവാസി. പിതൃപ്രീതിക്കായി എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം  അമാവാസി വ്രതം അനുഷ്ഠിക്കാമെങ്കിലും കർക്കടകത്തിലെയും തുലാത്തിലെയും അമാവാസികളാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിതൃപ്രീതിയിലൂടെ ഉത്തമ സന്തതി പരമ്പരയ്ക്കും കുടുംബ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായാണ് അമാവാസി വ്രതം ആചരിക്കുന്നത്. 

എല്ലാമാസത്തിലെയും അമാവാസിദിനത്തിൽ ആലിന് ഏഴു തവണ പ്രദക്ഷിണം വയ്ക്കുന്നത് സർവേശ്വരാനുഗ്രഹത്തിന് ഉത്തമമാണ് .പ്രദക്ഷിണം വയ്ക്കുമ്പോൾ 

"മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണുരൂപിണേ അഗ്രതഃ ശിവരൂപായ വൃക്ഷരാജായ തേ നമഃ " എന്ന് നിരന്തരം ജപിക്കണം.