പ്രിയങ്കയുടെ വിവാഹം നേരത്തെ പ്രവചിക്കപ്പെട്ടു! സംഭവം ഇങ്ങനെ

ബോളിവുഡ് സൂപ്പർ നായിക പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം ശനിയാഴ്ച നടന്നത്. വിവാഹം ഈ വർഷം തന്നെ ഉണ്ടാവും എന്നാണ് പാപ്പരാസികൾ പറയുന്നത്. അതിന് ഒരു കാരണമുണ്ട്. 2005 ൽ പ്രശസ്ത ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി. ജുമാനി പ്രിയങ്കയുടെ മുപ്പത്തിയാറാം വയസ്സിൽ വിവാഹം നടക്കും എന്നു പ്രവചിച്ചിട്ടുണ്ടത്രെ. 2005 ൽ പ്രസിദ്ധീകരിച്ച ഫിലിംഫെയർ മാഗസിനിലെ പ്രവചനത്തിന്റെ കോപ്പി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

പ്രിയങ്കയുടെ മുപ്പത്തിയാറാം വയസ്സിൽ വിവാഹം നടക്കുകയും 45 വയസ്സിനു ശേഷം രാഷ്ട്രീയത്തിൽ ശോഭിക്കുകയും ചെയ്യുമെന്നാണ് പ്രവചനം. പ്രിയങ്കയ്ക്ക്  മുപ്പത്തിയാറു വയസ്സായത് കഴിഞ്ഞ മാസമാണ്. ഇപ്പോൾ വിവാഹനിശ്ചയം നടന്ന സ്ഥിതിക്ക് പ്രവചനത്തിൽ കഴമ്പുണ്ടെന്നു പാപ്പരാസികൾ പറയുന്നു. ന്യൂമറോളജി പ്രകാരം പ്രിയങ്കയുടെ ഭാഗ്യ നമ്പർ 9 ആണ്. പതിനെട്ടാം (1+8=9) വയസ്സിലായിരുന്നു ലോകസുന്ദരിയായത്. പ്രിയങ്കയുടെ ഹിറ്റ് ചിത്രം ദോസ്താന പുറത്തിറങ്ങിയത് ഇരുപത്തിയേഴാം (2+7=9) വയസ്സിലായിരുന്നു. അതുപോലെ മുപ്പത്തിയാറാം (3+6 =9) വയസ്സിൽ വിവാഹത്തിലൂടെ പ്രിയങ്കയുടെ ജീവിതത്തിൽ ഭാഗ്യം വന്നുചേരും എന്നാണ് ആരാധകരുടെ  പ്രതീക്ഷ.

ഹോളിവുഡിലെ പ്രശസ്ത ഗായകനാണ് ഇരുപത്തറുകാരൻ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപ്പെറ്റിലാണ് പ്രിയങ്ക ചോപ്ര നിക്കിന്റെ കൂടെ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിവിധ വേദികളിൽ ഒരുമിച്ചു വരാൻ തുടങ്ങിയതോടെയാണ്  ഇവരും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇന്ത്യയിലെത്തി വിമാനത്താവളത്തിൽനിന്നു കൈകോർത്തു പിടിച്ച്  പ്രിയങ്കയും നിക്കും പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ ശക്തമായി. പിന്നീട് പ്രിയങ്കയ്ക്കും കുടുംബത്തിനുമൊപ്പം നിക്ക് ഗോവയിൽ അവധിക്കാലം ആഘോഷിച്ചിരുന്നു. ഇരുവരും തമ്മിൽ പത്തുവയസ്സിന്റെ പ്രായവ്യത്യാസമുള്ളത് നിരവധി വിമർശനങ്ങൾക്കു വഴിവച്ചുവെങ്കിലും ഇരുകുടുംബങ്ങളും ചേർന്നാണ് വിവാഹനിശ്ചയ ചടങ്ങുകൾ  നടത്തിയത്.