നവരാത്രി വ്രതം; സർവാഭീഷ്ടസിദ്ധിയുടെ ഒന്നാം ദിനം

ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം

നവരാത്രിയിലെ ആദ്യ ദിവസമായ ഇന്ന് (2018  ഒക്ടോബർ 10) പാർവതീ ദേവിയെ ശൈലപുത്രിയായി സങ്കല്‍പ്പിച്ച് ആരാധിക്കണം. നവദുർഗ്ഗാ സങ്കല്പത്തിൽ പ്രഥമ ദുർഗ്ഗാ ദേവിയാണ് ശൈലപുത്രി. പേര് സൂചിപ്പിക്കുന്നത് പോലെ പർവ്വതരാജനായ ഹിമവാന്റെയും മേനാദേവിയുടെയും പുത്രിയാണ്. ബാലസ്വരൂപിണിയായാണ് ആരാധിക്കേണ്ടത്. ആയിരം സൂര്യചന്ദ്രപ്രഭയോടെ  വിളങ്ങുന്ന ദേവി ഭക്തവത്സലയുമാണ്. ഭവാനി, പാർവ്വതി, ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രീ  ദേവിയ്ക്കുണ്ട് .

ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ താമരപ്പൂവുമായി മരുവുന്ന ശൈലപുത്രീ ദേവിയുടെ വാഹനം നന്തിയാണ്. ദേവിയുടെ ഈ രൂപം മനസ്സിൽ ധ്യാനിച്ച് കൊണ്ട് നവരാത്രികാലത്തെ ഒന്നാം ദിനത്തിൽ ദേവിയെ പ്രാർഥിക്കേണ്ട മന്ത്രം :

വന്ദേ വാഞ്ഛിതലാഭായ 

ചന്ദ്രാര്‍ധാകൃതശേഖരാം

വൃഷാരൂഢാം ശൂലധരാം 

ശൈലപുത്രീം യശസ്വിനീം

ഈ മന്ത്രം ദേവീക്ഷേത്ര ദർശനവേളയിലോ നിലവിളക്കിനു മുൻപിലായോ ഭക്തിപൂർവ്വം ജപിച്ചാൽ സർവാഭീഷ്ടസിദ്ധിയാണ് ഫലം .

ശൈലപുത്രീ ദേവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പൂജാപുഷ്പം മുല്ലയാണ്. ദേവീ ക്ഷേത്രത്തിൽ നവരാത്രികാലത്തെ ആദ്യദിനം ദേവീ ക്ഷേത്രത്തിൽ മുല്ലപ്പൂ സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്‌. ദേവീ ക്ഷേത്രദർശനവേളയിൽ ശൈലപുത്രീ ദേവീസ്തുതി ജപിക്കുന്നതും ഉത്തമമാണ്.

ശൈലപുത്രീ  ദേവീസ്തുതി 

യാ ദേവീ സര്‍വ്വ ഭൂതേഷു മാ ശൈലപുത്രി രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ