രാജകുമാരി∙ ഇന്നലെ ഒരു ദിവസം മുഴുവൻ കൂരയ്ക്കുള്ളിലേക്കു ചോർന്ന് ഒലിച്ചിറങ്ങുന്ന വെള്ളം പല പാത്രങ്ങളിൽ ശേഖരിച്ച് പുറത്ത് കൊണ്ടു പോയി കളയുന്ന തിരക്കിലായിരുന്നു ചിന്നക്കനാൽ 301 കോളനിയിലെ ഓമന എന്ന വിധവയായ വീട്ടമ്മ. ഭൂരഹിതരില്ലാത്ത കേരളം എന്ന സർക്കാരിന്റെ സ്വപ്നം നടപ്പാകണമെങ്കിൽ ഓമനയെ പോലുള്ളവരുടെ കാര്യത്തിൽ റവന്യു ഉദ്യോഗസ്ഥർ കണ്ണ് തുറക്കണം. ഒരു പതിറ്റാണ്ട് മുൻപ് പൂയംകുട്ടിയിൽ നിന്ന് 301 കോളനിയിലെത്തിയതാണു മലയരയ വിഭാഗത്തിൽപെട്ട ഓമനയും മാതാപിതാക്കളും.

കാട്ടാന ശല്യം രൂക്ഷമായിരുന്നു എങ്കിലും അതിജീവനത്തിനായി 301 കോളനിയിൽ കുടിൽ കെട്ടി താമസം തുടങ്ങി. സ്വന്തമായി മറ്റൊരിടത്തും ഭൂമിയില്ലാത്ത ഇവർക്ക് റേഷൻ കാർഡും കുടിലിൽ വൈദ്യുതിയും ലഭിച്ചു. ഒരേക്കറോളം സ്ഥലത്ത് ഏലവും കുരുമുളകും ഉൾപ്പെടെയുള്ളവ നട്ടു നനച്ച് വിളവെടുക്കാറായപ്പോൾ വനം വകുപ്പ് ഇൗ ഭൂമിയുടെ അവകാശവാദം ഉന്നയിച്ചു രംഗത്തെത്തി. ഇതോടെ ഓമനയും ഭൂരഹിതരായ മറ്റ് ചില കുടുംബങ്ങളും ഹൈക്കോടതിയെ സമീപിച്ചു. വാസയോഗ്യമായ മറ്റൊരു സ്ഥലം അനുവദിക്കുന്നതു വരെ ഇവരെ കുടിയിറക്കരുതെന്നു കോടതി നിർദേശിച്ചു. 

തുടർന്ന് ജില്ല കലക്ടർ ഇവരുടെ പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായിട്ടില്ല. സൗജന്യ അരി ലഭിക്കുന്നതു കൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് ഓമന പറയുന്നു. 

പ്രായാധിക്യവും പല വിധ രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന ഓമനയുടെ പിതാവ് ജോഷ്വയുടേയും മാതാവ് റെയ്ച്ചലിന്റേയും ഏക ആഗ്രഹം സ്വന്തമായി ഒരു തുണ്ട് ഭൂമി വേണമെന്ന് മാത്രമാണ്. കാട്ടാനയെ പേടിച്ച് രാത്രിയിൽ കുടിലിനു പുറത്ത് ആഴി കൂട്ടും. 

ഒറ്റ മുറിയുള്ള കുടിലിൽ എല്ലാവർക്കും താമസിക്കാൻ കഴിയാത്തതിനാൽ ഓമനയുടെ ഇളയ മകൾ ബന്ധുവീട്ടിലാണ് കഴിയുന്നത്. മറ്റ് 2 പെൺമക്കളെയും നേരത്തെ വിവാഹം ചെയ്തയച്ചു. ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസം കൂലിപ്പണിക്കു പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഓമന കുടുംബം പുലർത്തുന്നത്. കനത്ത മഴ പെയ്താൽ കുടിൽ മുഴുവൻ ചോർന്നൊലിക്കും. അതു കൊണ്ട് വൃദ്ധരായ മാതാപിതാക്കളെ വീട്ടിൽ ഇരുത്തിയ ശേഷം പണിക്കു പോകാൻ കഴിയില്ല.